പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം; വെള്ളവും വെളിച്ചവുമില്ലാത്തതിനാല്‍ തുറക്കാനായില്ല
മാള: പൊയ്യ പ്രഥമികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തനമാരംഭിക്കാനായില്ല.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും ലഭ്യമാക്കാത്തതിനാലാണ് പൊയ്യ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഈ ദുര്‍വിധിയുണ്ടായത്. 2015 ഒക്ടോബര്‍ മാസത്തിലാണ് പുതിയ കെട്ടിടം മുന്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തത്. തീരദേശ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണ ഫണ്ട് അനുവദിച്ചത്.
നിര്‍മാണം പൂര്‍ത്തീകരിച്ചുവെങ്കിലും രണ്ട് നില കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കാത്തതിനാലാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതെന്ന് അറിയുന്നു. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പഞ്ചായത്താണ് പൊയ്യ. ആശുപത്രിലേക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുള്ള വഴി കണ്ടെത്തിയിട്ടില്ല.
സമീപത്ത് ഒരു കിണര്‍ ഉണ്ടെങ്കിലും ഇതില്‍ വെള്ളം ഇല്ല. ആഴം വര്‍ധിപ്പിച്ചാല്‍ ജലം കിട്ടുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ഇപ്പോള്‍ ആശുപത്രിയിലെ പഴയ ബ്ലോക്കിനാവശ്യമായ വെള്ളം കോമ്പൗണ്ടിന്റെ അകലെയുള്ള കിണറ്റില്‍ നിന്നും പമ്പ് ചെയ്താണ് കൊണ്ടുവരുന്നത്. പുതിയ കെട്ടിടത്തിന് മുകളിലേക്കെത്തുന്നതിന് ശക്തി കൂടിയ മോട്ടോര്‍പമ്പ് സെറ്റ് സ്ഥാപിക്കണം.
ഇതിന് അളവ് കൂടിയ ജലസംഭരണികളും ആവശ്യമാണ്. നുറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടിയെത്തുന്നത്. രണ്ട് ഡസന്‍ കട്ടിലുകളാണ് കെട്ടിടത്തില്‍ ആവശ്യമായിട്ടുള്ളത്. ഒരു വര്‍ഷമായിട്ടും ഇവയും ലഭ്യമായിട്ടില്ല.
മൂന്ന് ഡോക്ടര്‍മാരാണ് പൊയ്യ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ടിക്കുന്നത്. പുതിയ കെട്ടിടം തുറക്കുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാകും. ആനുപാതിക നിയമനം മറ്റു തസ്തികളിലും വേണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."