കണ്ണൂരില്‍ വിമാനത്താവളത്തിനൊപ്പം തുറമുഖവും : വികസന സെമിനാറില്‍ പ്രതീക്ഷകള്‍ ഏറെ
കണ്ണൂര്‍: കണ്ണൂരില്‍ വിമാനത്താവളത്തിനൊപ്പം അഴീക്കല്‍ തുറമുഖവും എത്രയുംപെട്ടെന്ന് അന്താരാഷ്ട്രാ നിലവാരത്തില്‍ പ്രവര്‍ത്തനമാരംഭിക്കണമെന്ന സ്വപ്നത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഇന്നലെ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച തുറമുഖ വികസന സെമിനാര്‍.
അഴീക്കലില്‍ നിന്നും ലക്ഷദ്വീപിലേക്കൊരു കപ്പല്‍ യാത്ര സ്വപ്നമല്ലെന്നും അതിന്റെ സാധ്യതകള്‍ തേടുകയാണെന്നും തുറമുഖ ഡയരക്ടര്‍ അറിയിച്ചപ്പോള്‍ സദസ് കയ്യടിയോടെയാണ് സ്വീകരിച്ചത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ ഉന്നതതല ചര്‍ച്ച നടത്തും. കണ്ണൂരില്‍ നിന്നുള്ള സംഘമായിരിക്കും യോഗത്തില്‍ പങ്കെടുക്കുക. ലക്ഷദ്വീപിലെ എം.പി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച അഴീക്കല്‍ തുറമുഖ വികസന സെമിനാറില്‍ സഞ്ചാരക്കപ്പലിന്റെ സാധ്യതകള്‍ പങ്കുവെക്കുകയായിരുന്നു തുറമുഖ ഡയറക്ടര്‍. അഴീക്കല്‍ തുറമുഖ വികസനം ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രവൃത്തികള്‍ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. അഴീക്കല്‍ മുതല്‍ വിഴിഞ്ഞം വരെയുള്ള തുറമുഖങ്ങള്‍ എല്ലാം വികസിപ്പിച്ചു തുറമുഖ ശൃംഖല സ്ഥാപിക്കും. ചരക്കു ഗതാഗതം സുഗമമാകുന്നതിനൊപ്പം ചുരങ്ങിയ ചെലവില്‍ ചരക്കു ഗതാഗതം സാധ്യമാക്കാനും ഇതിലൂടെ കഴിയും. അഴീക്കല്‍ തുറമുഖത്തെ വളപട്ടണം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ റെയില്‍ കണക്ടിവിറ്റിയും അനിവാര്യമാണ്. ഇതിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ സമഗ്ര വികസനത്തിന് വിമാനത്താവളത്തിനൊപ്പം തന്നെ പ്രാധാന്യം അഴീക്കല്‍ തുറമുഖത്തിനുണ്ട്. ട്രെയിന്‍ ഗതാഗതം അഴീക്കലിലേക്കു നീട്ടാനുള്ള സാധ്യത നേരത്തെ ഉയര്‍ന്നതാണെന്ന് പി.കെ ശ്രീമതി എം.പി പറഞ്ഞു. നേരത്തെ സാഗാര്‍മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നു കരുതിയെങ്കിലും കേന്ദ്രപദ്ധതിയില്‍ അല്ലാത്തിനാല്‍ അഴീക്കല്‍ പുറത്തായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 500 കോടി ലഭിച്ചതിലൂടെ വീണ്ടും തുറമുഖത്തിനു ജീവന്‍ വച്ചിരിക്കുകയാണ്. ഇനിയുള്ള പ്രവര്‍ത്തനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയാണു വേണ്ടതെന്നും ശ്രീമതി പറഞ്ഞു.
തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂര്‍ മലബാറിന്റെ വ്യവാസായിക ഇടനാഴിയായി മാറുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. എന്‍.എം.സി.സി് പ്രസിഡന്റ് സി.വി ദീപക് അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, തുറമുഖ വകുപ്പ ഡയറക്ടര്‍ ഷെയ്ഖ് പരീത്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന, ലക്ഷദ്വീപ് കോ-ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികളായ കെ.പി ഷൗക്കത്തലി, എം ആസാദ്, സച്ചിന്‍ സൂര്യകാന്ത്, ജോയിന്റ് സെക്രട്ടറി പി ഷാഹിന്‍, സുശീല്‍ ആറോണ്‍, വിനോദ് നാരായണന്‍, എ.കെ റഫീഖ് സംസാരിച്ചു.
ലക്ഷദ്വീപ് സഹകരണ സംഘത്തിന് അഴീക്കലില്‍ ഓഫിസ്
കണ്ണൂര്‍: ജില്ലയുടെ വാണിജ്യ-വ്യാപാര മേഖലയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള ലക്ഷദ്വീപ് സഹകരണ സംഘത്തിന് അഴീക്കല്‍ തുറമുഖത്ത് ഓഫിസ് നിര്‍മിക്കാന്‍ സ്ഥലം വിട്ടു നല്‍കും. കണ്ണൂര്‍-ലക്ഷദ്വീപ് ചരക്കു ഗതാഗതം, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട കപ്പല്‍ സര്‍വീസുകള്‍ സുഗമമാക്കുന്നതിനായാണ് ഓഫിസ് തുറക്കുന്നത്.
തുറമുറ പരിസരത്ത് ഓഫിസ് തുറക്കാന്‍ ആവശ്യമായ സഹായം ലക്ഷദ്വീപ് സഹ. സംഘം ഭാരവാഹികള്‍ പി.കെ ശ്രീമതി എംപിയോട് അഭ്യര്‍ഥിച്ചിരുന്നു. ചേംബര്‍ ഹാളില്‍ നടന്ന സെമിനാറില്‍ ഇക്കാര്യം പി.കെ ശ്രീമതി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതിനു മറുപടിയായാണ് സഹകരണ സംഘത്തിന് ഓഫിസ് തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
തുറമുഖം ആഴംകൂട്ടല്‍ നവംബര്‍ മൂന്നു മുതല്‍
കണ്ണൂര്‍: അഴീക്കല്‍ തുറമുഖം മേജര്‍ പോര്‍ട്ടാക്കുന്നതിന്റെ ഭാഗമായി കപ്പല്‍ചാലിന്റെ ആഴംകൂട്ടല്‍ പ്രവൃത്തി അടുത്ത മാസം മൂന്നാം തീയതി മുതല്‍ ആരംഭിക്കും. നിലവില്‍ മൂന്നരമീറ്റര്‍ ആഴമുള്ള തുറമുഖം ആറുമീറ്റര്‍ വരെ ആഴം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി നെതര്‍ലാന്‍ഡില്‍ നിന്നു ഡ്രഡ്ജര്‍ തുറമുഖത്ത് നേരത്തെ എത്തിച്ചെങ്കിലും പൈപ് ലൈന്‍ സംവിധാനമില്ലാത്തത് പ്രവൃത്തിയെ ബാധിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇതിനുള്ള പൈപുകള്‍ എത്തിച്ച് ഡ്രഡ്ജറുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നു.ഇതോടെ വരുന്ന മൂന്നാം തീയതിക്കു മുമ്പായി ഡ്രെഡ്ജിങ് പ്രവൃത്തിയുടെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചതായി പോര്‍ട്ട് ഡയരക്ടര്‍ ഷേക്പരീദ് അറിയിച്ചു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച അഴീക്കല്‍ പോര്‍ട്ട് വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘട്ടം ഘട്ടമായാണ് അഴീക്കലില്‍ വികസനം നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ തുറമുഖത്തേക്കു വലിയ കപ്പലുകള്‍ക്കു കടന്നു വരാന്‍ കഴിയുന്ന രീതിയില്‍ കപ്പല്‍ച്ചാലിന്റെ ആഴം കൂട്ടണം. എട്ടു മീറ്റര്‍ ആഴം അഴീക്കലിനു ആവശ്യമാണ്. കേരളത്തില്‍ കൊച്ചി തുറമുഖത്തു മാത്രമാണ് ഇപ്പോള്‍ എട്ടു മീറ്റര്‍ ആഴമുള്ളത്. 10 മീറ്ററാക്കി വര്‍ധിപ്പിച്ചാല്‍ ഏതു കപ്പിലിനും തുറമുഖത്തേക്ക് പ്രവേശിക്കാന്‍ കഴിയും. മൂന്നാം തീയതിയോടെ 24 മണിക്കൂര്‍ ഡ്രഡ്ജിങ് ആരംഭിക്കാനാണ് തീരുമാനം. 50,000 ടണ്‍ മണല്‍ ഇത്തരത്തില്‍ നീക്കം ചെയ്യുമെന്നും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."