സിമി പ്രവര്‍ത്തകരുടെ വധം; ഏറ്റുമുട്ടലിനെ സംശയ നിഴലിലാക്കി വീഡിയോ
ഭോപ്പാല്‍: ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന മധ്യപ്രദേശ് പൊലിസിന്റെ വാദത്തെ ചോദ്യം ചെയ്ത് വീഡിയോ ഫൂട്ടേജും പുറത്തുവന്നു. അനങ്ങാതെ കിടക്കുന്നയാള്‍ക്കു മേല്‍ വെടിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പൊലിസ് നടപടിയില്‍ സംശയം ഉന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ്, ഹൈദരാബാദ് എം.എല്‍.എ അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒരു വീഡിയോയില്‍ 'നിയന്ത്രിക്കൂ, ഈ അഞ്ചുപേര്‍ നമ്മോട് സംസാരിക്കുന്നു, മൂന്നു പേര്‍ ഓടാന്‍ ശ്രമിക്കുന്നു, അവരെ കീഴ്‌പ്പെടുത്തൂ എന്ന ശബ്ദത്തോടെ വെടിയുതിര്‍ക്കുന്ന ദൃശ്യം കാണാം.
മറ്റൊരു വീഡിയോയില്‍ പൊലിസ് കൊല്ലപ്പെട്ടയാളുടെ അരയില്‍ നിന്ന് സ്റ്റീല്‍ പ്ലേറ്റ് പുറത്തെടുക്കുന്നതും പിന്നീട് മറ്റൊരു പൊലിസ് നിലത്തു കിടന്നയാളെ വെടിവയ്ക്കുന്നതും കാണാം.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരത്തുള്ള വനത്തില്‍ നിന്ന് ഏറ്റുമുട്ടല്‍ നടത്തിയാണ് എട്ടു പേരെയും വധിച്ചതെന്നാണ് പൊലിസ് പറയുന്നത്. അവരില്‍ നിന്ന് നാല് ആയുധങ്ങള്‍ കണ്ടെടുത്തതായും അവര്‍ വെടിയുതിര്‍ത്തിരുന്നതായും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായ യോഗേഷ് ചൗധരി പറഞ്ഞിരുന്നു.
എന്നാല്‍ ജയിലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് എങ്ങനെ ആയുധം കിട്ടിയെന്നടക്കമുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് വിശദീകരണവുമായി രംഗത്തെത്തി. ജയില്‍ വാര്‍ഡനെ കൊല്ലാന്‍ ഉപയോഗിച്ച സ്റ്റീല്‍ പ്ലേറ്റല്ലാതെ മറ്റൊന്നും അവരില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്തുവന്ന വീഡിയോ പരിശോധിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."