പരാതിക്കാരിയുടെ മകനെയും സുഹൃത്തുക്കളെയും ജയിലിലടച്ചു
കോഴിക്കോട്: ചേവായൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയവരെ മര്‍ദിച്ച സംഭവത്തിനു പിന്നാലെ പരാതിക്കാരിയുടെ മകനെയും സുഹൃത്തുക്കളെയും പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മദ്യപിച്ച് പൊലിസിനെ അക്രമിച്ചെന്നും ബസ് ജീവനക്കാരെ മര്‍ദിച്ചെന്നും കാണിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ടു കേസുകളാണ് പരാതിക്കാരിയുടെ മകനും സുഹൃത്തുക്കളുമായ രണ്ടുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ ചേവായൂര്‍ പറക്കുളം വലിയപറമ്പില്‍ പുഷ്പയുടെ മകന്‍ മനുപ്രസാദ് (25), എലത്തൂര്‍ ചെട്ടികുളം വലിയപറമ്പില്‍ വീട്ടില്‍ പ്രിന്റു (28), പ്രിന്റുവിന്റെ സുഹൃത്ത് വെങ്ങളം കാട്ടില്‍പീടിക മാട്ടുവയല്‍ അല്‍ഫാസ് (28) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചേവായൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ മുഹമ്മദ് സുനീര്‍, സജിത്ത്, ബിനു എന്നിവരെ മദ്യലഹരിയില്‍ ആക്രമിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാക്കള്‍ക്കെതിരേ പൊലിസിന്റെ നടപടി. ഇതിനെതിരേ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനു സമീപം കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. പാറോപ്പടിയിലെ സ്വകാര്യ കാറ്ററിങ് സെന്റര്‍ ജീവനക്കാരിയായ പുഷ്പ (52) ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചില്ലറയില്ലാത്തതിന്റെ പേരില്‍ ബസ് കണ്ടക്ടര്‍ അപമാനിച്ചുവെന്നാണ് പരാതി. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് വരെയുള്ള ചാര്‍ജായ ഏഴ് രൂപയ്ക്ക് പകരം നല്‍കിയ പത്തു രൂപയുടെ ബാക്കി ചോദിച്ചതിന് കെ.എല്‍ 11 ആര്‍ 1767 നമ്പര്‍ എ.ബി.എസ് സിറ്റി ബസിലെ കണ്ടക്ടര്‍ മിഥുന്‍ തന്നെ അപമാനിച്ചെന്നാണ് പുഷ്പ ആരോപിച്ചത്.
ഇക്കാര്യം പുഷ്പ അറിയിച്ചതനുസരിച്ച് മകന്‍ മനുപ്രസാദ്, പ്രിന്റു, അല്‍ഫാസ് എന്നിവര്‍ക്കൊപ്പം എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്റ്റോപ്പിലെത്തി വെള്ളിമാട്കുന്ന് പോയി മടങ്ങിവരികയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തി. വാക്കേറ്റം രൂക്ഷമായി കൈയാങ്കളിയിലെത്തിയതോടെ ഇവരെയും ബസ് ജീവനക്കാരെയും ചേവായൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നാല്‍ പരാതിപ്രകാരം കേസെടുക്കാതെ യുവാക്കളെ ലോക്കപ്പില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയാണ് പൊലിസ് ചെയ്തതെന്ന് പുഷ്പ ആരോപിച്ചു. നാലുപേരും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
എന്നാല്‍ പരാതി നല്‍കാനെത്തിയവരുടെ ഒപ്പമുണ്ടായിരുന്നവര്‍ പൊലിസിനോട് അപമര്യാദയായി പെരുമാറിയെന്നും പിന്നീട് സംഘര്‍ഷമുണ്ടായെന്നുമാണ് ചേവായൂര്‍ പൊലിസ് അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."