പരിമിതികളില്‍ കളിച്ചുവളര്‍ന്നു; മുഹമ്മദ് ഫാസില്‍ സംസ്ഥാനത്തിന്റെ താരമായി
കരുവാരകുണ്ട്: സംസ്ഥാന സ്‌കൂള്‍ ക്രിക്കറ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഫാസില്‍ പരിമിതികളില്‍ കളിച്ചുവളര്‍ന്ന വിദ്യാര്‍ഥിയാണ്. കരുവാരകുണ്ട് കക്കറയിലെ ചോലമുഖത്ത് അബ്ദുല്‍ മജീദിന്റെയും നസീറയുടെയും മൂന്നു മക്കളില്‍ ഏക ആണ്‍കുട്ടിയാണ് മുഹമ്മദ് ഫാസില്‍. ചെറുപ്പംമുതല്‍ കലാകായിക വിഷയങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന ഫാസില്‍ നല്ലൊരു ചിത്രക്കാരന്‍കൂടിയാണ്.
പുല്‍വെട്ട ഗവ. ജി.എല്‍.പി സ്‌കൂളില്‍ പഠനമാരംഭിച്ച ഫാസില്‍ അഞ്ചാം ക്ലാസുമുതല്‍ കരുവാരകുണ്ട് ദാറുന്നജാത്ത് സ്‌കൂളിലും പത്താംക്ലാസില്‍ പെരിന്തല്‍മണ്ണ തരകന്‍ സ്‌കൂളിലും പഠിച്ചു. ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയിരുന്ന ഫാസില്‍ കേരള ക്രിക്കറ്റ് അസോസിയേഷനിലെ അണ്ടര്‍ 14 പരിശീലകന്‍ മഷ്‌റൂറിന്റെ പരിശീലനത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലത്തിലാണ് ഫാസ്റ്റ് ബൗളറായ ഈ വിദ്യാര്‍ഥി ആദ്യ സെലക്ഷനില്‍തന്നെ സ്‌കൂള്‍ സംസ്ഥാന ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
ഇപ്പോള്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ന്‍ഡറിയില്‍ പഠിക്കുകയും വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് അകാന്തമിയില്‍ പരിശീലനം നേടുകയുമാണ്. അടുത്ത മാസം ഉത്തര്‍പ്രദേശില്‍ നടക്കുന്ന സ്‌കൂള്‍ ക്രിക്കറ്റില്‍ കേരളത്തിനായി ഫാസില്‍ പന്തെറിയും. കായികവിഷയത്തില്‍ പരിമിതികളുള്ള ഗ്രാമത്തില്‍നിന്ന് ഉയര്‍ന്നു വന്ന കൊച്ചു കായിക പ്രതിഭയ്ക്ക് നാടിന്റെ എല്ലാ അനുമോദനവും ഇതിനകം കിട്ടി. പ്രവാസി ജീവിതം നയിക്കുന്ന പിതാവ് ചോലമുഖത്ത് അബ്ദുല്‍ മജീദിന്റെ പ്രാത്സാഹനമാണ് ഈ കൊച്ചു മിടുക്കനെ ഉയരങ്ങളില്‍ എത്താന്‍ സഹായമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."