വിദ്യാര്‍ഥികളുടെ യൂനിഫോമിലെ ഫുള്‍കൈ വെട്ടി അധ്യാപകരുടെ കളി; രക്ഷിതാക്കളുടെ പ്രതിഷേധം
പരപ്പനങ്ങാടി: എസ്.എന്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ യൂനിഫോം ഷര്‍ട്ടിന്റെ ഫുള്‍കൈ രക്ഷിതാക്കളെ അറിയിക്കാതെ അധ്യാപകന്‍ വെട്ടിമാറ്റിയതു പ്രതിഷേധത്തിനിടയാക്കി. ഇന്നലെയാണ് പത്തോളം വിദ്യാര്‍ഥികളുടെ ഫുള്‍കൈ വെട്ടിമാറ്റി ഹാഫ് കൈ ആക്കിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കളും സംഘടനാ പ്രതിനിധികളും അന്വേഷിച്ചപ്പോള്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വസ്ത്രധാരണയില്‍ യൂനിറ്റി കൊണ്ടുവരുന്നതിനാണ് വെട്ടിമാറ്റിയതെന്നാണ് വിശദീകരണം. എന്നാല്‍, അധ്യാപകന്‍ ധിക്കാരപരമായിട്ടാണ് കൈ മുറിച്ചതെന്ന് ആരോപണമുണ്ട്. വിദ്യാര്‍ഥികളുടെ ഷര്‍ട്ട് വികലമാക്കുന്ന തരത്തിലാണ് അധ്യാപകന്‍ മുറിച്ചിരിക്കുന്നത്. ഇതുകാരണം ഇനി ഈ ഷര്‍ട്ടുകള്‍ ധരിക്കാന്‍ സാധിക്കാതായതായും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
പള്ളി ദര്‍സില്‍ പഠിക്കുന്ന കുട്ടികളാണ് കൂടുതലും ഫുള്‍കൈ ഷര്‍ട്ടും തൊപ്പിയും ധരിച്ചു വരുന്നത്. ഇവരോട് ചില അധ്യാപകര്‍ തൊപ്പി ധരിച്ച് ക്ലാസില്‍ വരരുതെന്നു പറയുന്നുണ്ടെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. മുന്‍പും പലതവണ ഇതേപോലെ മുറിച്ചുമാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതാകട്ടെ പല വിദ്യാര്‍ഥികളും വീട്ടില്‍ അറിയിക്കാതെ സ്വന്തം ചെലവില്‍ തുന്നിച്ചുകൊണ്ട് ഷര്‍ട്ട് ധരിക്കുന്നുമുണ്ട്. പ്രതിഷേധമറിയിച്ചു സ്‌കൂളില്‍ചെന്ന രക്ഷിതാക്കളോട് മുറിക്കാനുള്ള കാരണവും മറ്റും വ്യക്തമാക്കാതെ പി.ടി.എയും മാനേജ്‌മെന്റും അധ്യാപകരും പരസ്പരം പഴിചാരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."