തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഇന്നു മുതല്‍ ഗതാഗത ക്രമീകരണം
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ഇന്നു മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തളിപ്പറമ്പ് എസ്.ഐ കെ അബ്ദുല്‍ നാസര്‍ അറിയിച്ചു.
പത്തു മിനുട്ടില്‍ കൂടുതല്‍ സമയം ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. കൂടുതല്‍ സമയം നിര്‍ത്തിയിടേണ്ടവ കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. പുറപ്പെടേണ്ടതിനു പത്തു മിനുട്ട് മുമ്പ് മാത്രമേ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കയറാന്‍ അനുവദിക്കുകയുള്ളൂ.
മലയോരത്തേക്കു പോകേണ്ടുന്ന ബസുകള്‍ ഉള്‍പ്പെടെ പല ബസുകളും ഒരു മണിക്കൂറോളം സമയം സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നതു മറ്റു ബസുകള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണു ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
ബസുകള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനു സൗകര്യമൊരുക്കാന്‍ പ്ലാസ് ജങ്ഷന്‍ കാക്കാത്തോട് റോഡ് ഇന്നു മുതല്‍ വണ്‍വേ ആയിരിക്കും. കാക്കാത്തോടില്‍ നിന്നു ബസ് സ്റ്റാന്‍ഡിലേക്കുള്ള ബസുകള്‍ നേരെ പ്ലാസ ജങ്ഷനിലേക്കു വരണം. മറ്റു വാഹനങ്ങള്‍ ചിറവക്കു വഴിയാണ് വരേണ്ടത്. കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ സ്ഥിരമായി നിര്‍ത്തിയിടുന്ന ലോറികള്‍ അവിടെ നിന്നു മാറ്റും. കാക്കാത്തോട് ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും മലയോര ബസ് സ്റ്റാന്‍ഡാക്കി മാറ്റുന്നതിനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് ഈ ക്രമീകരണമെന്നു നഗരസഭാ അധികൃതര്‍ സൂചിപ്പിച്ചു. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."