നഗരസഭകള്‍ ഡിസംബറിനകം വെളിയിട വിസര്‍ജന മുക്തമാക്കണം: കലക്ടര്‍
കൊല്ലം: കോര്‍പറേഷനും മുനിസിപ്പാലിറ്റികളും ഡിസംബറിനകം ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ (വെളിയിട വിസര്‍ജന മുക്തമായി) ആയി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ മിത്ര .ടി നിര്‍ദേശിച്ചു. നഗരസഭകളുടെ ഒ .ഡി .എഫ്, ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.
ഗ്രാമപഞ്ചായത്തുകള്‍ ഒക്‌ടോബര്‍ 31 നകവും നഗരസഭകള്‍ 2017 മാര്‍ച്ച് 31 നകവും ഒ .ഡി .എഫ് ആകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഗ്രാമ പഞ്ചായത്തുകളെല്ലാം ഒക്‌ടോബര്‍ പകുതിയോടെ ഒ ഡി എഫ് ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ഗ്രാമ പ്രദേശങ്ങള്‍ വെളിയിട വിസര്‍ജ്ജന മുക്തമായി ഒക്‌ടോബര്‍ 18ന് പ്രഖ്യാപിച്ചിരുന്നു.
കൊല്ലം കോര്‍പറേഷനില്‍ 1200, പുനലൂര്‍ നഗരസഭയില്‍ 850, കരുനാഗപ്പളളിയില്‍ 565, പരവൂരില്‍ 400, കൊട്ടാരക്കരയില്‍ 250 എന്നിങ്ങനെ ആകെ 3265 ശുചിമുറികളാണ് പദ്ധതി പ്രകാരം നിര്‍മിക്കേണ്ടത്. ഇതില്‍ 2000 ശുചിമുറികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പരവൂര്‍, കരുനാഗപ്പളളി മുനിസിപ്പാലിറ്റികള്‍ നവംബര്‍ ആദ്യം തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് യോഗത്തില്‍ നഗരസഭാ അധികൃതര്‍ അറിയിച്ചു.
പദ്ധതിയില്‍ 15,400 രൂപയാണ് ഓരോ ശുചിമുറിക്കും നല്‍കുന്നത്. ഇതില്‍ 10,067 രൂപ അതത് നഗരസഭകളും 5,333 രൂപ സ്വച്ഛ് ഭാരത് മിഷന്‍ വിഹിതമായും നല്‍കും. വീടിനകത്തോ പുറത്തോ നിലവില്‍ ശൗചാലയം ഉളളവര്‍ക്ക് തുക നല്‍കില്ല. ഇക്കാര്യത്തില്‍ ജില്ലാസംസ്ഥാന തലത്തില്‍ പരിശോന നടത്തും.
പരവൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. പി .കുറുപ്പ്, കൊട്ടാരക്കര നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എസ് .ഗീതാകുമാരി, പുനലൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ .പ്രഭ, കരുനാഗപ്പള്ളി നഗരസഭാംഗം സി .വിജയന്‍പിള്ള, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്, ജില്ലാ ശുചിത്വ മിഷന്‍ ഓര്‍ഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ്
കമ്മീഷണര്‍ ജി .കൃഷ്ണകുമാര്‍, കോര്‍പ്പറേഷന്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."