വയനാട്ടില്‍ ഇനി വിനോദ സഞ്ചാരക്കാലം
പുല്‍പ്പള്ളി: മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന കുറുവാ ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. ഇന്നലെയാണ് കഴിഞ്ഞ ജൂണ്‍ 15 മുതല്‍ അടഞ്ഞുകിടന്നിരുന്ന കേന്ദ്രം വനം വകുപ്പ് തുറന്നത്. സീസണില്‍ കേന്ദ്രം അടച്ചിട്ടതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വര്‍ഷകാലം തുടങ്ങിയതോടെയാണ് കേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചത്. എന്നാല്‍ ഇത്തവണ കാല വര്‍ഷം താരതമ്യേന കുറവാകുകയും കബനിയില്‍ ജലനിരപ്പ് വളരെ താഴുകയും ചെയ്തതോടെ വിനോദസഞ്ചാരികള്‍ക്ക് കുറുവയിലേക്ക് പ്രവേശനം നല്‍കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
3500-4000 വരെ സഞ്ചാരികളാണ് കുറുവയിലേക്ക് ദിവസേന എത്തുന്നത്. സഞ്ചാരികളുടെ ബാഹുല്യം കാരണം കുറുവയില്‍ ഒട്ടേറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത്യപൂര്‍വങ്ങളായ സസ്യലതാതികള്‍ നിറഞ്ഞ കുറുവയും കുറുവയ്ക്കിടയിലൂടെ ഒഴുകുന്ന കബനിക്കും ഹാനികരമാകുമെന്നിരിക്കെ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. 39-ഗൈഡുകളെയാണ് സഞ്ചാരികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ചെടികളില്‍ സ്പര്‍ശിക്കുന്നതു പോലും വിലക്കിക്കൊണ്ടുള്ള വിനോദസഞ്ചാരമാണ് വനം വകുപ്പ് നടപ്പാക്കുന്നത്. അടുത്തകാലത്തായി കുറുവദ്വീപുകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനിയുടെ നീര്‍ക്കയങ്ങളില്‍ മഗ്ഗര്‍ ഇനത്തില്‍പ്പെട്ട മുതലകളുടെ പ്രജനനവും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളത്തിനടിയില്‍ കല്ലുകള്‍കൊണ്ട് കൂടുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അത്യപൂര്‍വമായ മത്സ്യങ്ങളെയും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കേന്ദ്രം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
എല്ലാ ദിവസവും രാവിലെ 9.30-മുതല്‍ 3.30-വരെയാണ് കുറുവയിലേക്ക് പ്രവേശനം അനുവദിക്കുക. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കുറുവ 950-ഹെക്ടര്‍ വിസ്തൃതിയുള്ള 64-ദ്വീപുകളുടെ സമൂഹമാണ്. ഇതില്‍ 149-ഹെക്ടര്‍ വനത്തിലൂടെമാത്രമെ സഞ്ചാരികള്‍ക്ക് യാത്രചെയ്യുവാന്‍ അനുവാദമുള്ളു. ദ്വീപ് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കുറുവയെക്കുറിച്ചും, അവിടുത്തെ ജന്തു-സസ്യ സമ്പത്തുകളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസുകള്‍, പ്രകൃതിപഠന ക്യാംപുകള്‍ എന്നിവയും വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. വിനോദസഞ്ചാരത്തോടൊപ്പം വിജ്ഞാനവും വളര്‍ത്തുകയെന്ന ലക്ഷ്യവും വനം വകുപ്പിനുണ്ടെന്ന് റെയ്ഞ്ച് ഓഫിസര്‍ സജികുമാര്‍ രയരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ.പി സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."