ശ്വസനം
ഭക്ഷണമില്ലാതെ നമുക്ക് അല്‍പ്പകാലം ജീവിക്കാം. എന്നാല്‍ ശ്വസിക്കാനാവാതെ മനുഷ്യന് ജീവിതം സാധ്യമല്ല. ആവശ്യമായ അളവില്‍ ഓക്‌സിജനെ അകത്തേക്കു വലിച്ചെടുത്താണ് നാം ശ്വസിക്കുന്നത്. ഇവ ഉണര്‍വിലും ഉറക്കിലും നിരന്തരമായി സംഭവിക്കുന്നു. മൂക്ക്, ശ്വസകോശം എന്നിവ വഴിയാണ് ശ്വസനം സാധ്യമാക്കുന്നത്. പ്ലാസന്റയിലൂടെയാണ് ഗര്‍ഭസ്ഥശിശുവിന് ഓക്‌സിജന്‍ ലഭിക്കുന്നത്. മനുഷ്യജീവിതത്തില്‍ ശരാശരി അമ്പതു കോടി തവണയെങ്കിലും ശ്വാസകോശ സങ്കോചവികാസങ്ങള്‍ നടത്തുന്നുണ്ട്. മനുഷ്യനിലെ ശ്വസനവ്യവസ്ഥ നാസാരന്ധ്രം മുതല്‍ ശ്വാസകോശം വരെ വ്യാപിച്ചു കിടക്കുന്നതായി കൂട്ടുകാര്‍ക്കറിയാമല്ലോ. വായുവിനൊപ്പം ധാരാളം പൊടിപടലങ്ങളും രോഗാണുക്കളും അകത്തേക്കു കടക്കും. ഇതിനെതിരേ ശരീരം തന്നെ ചില സുരക്ഷാ കവചങ്ങളൊരുക്കിയിട്ടുണ്ട്. നാസാരന്ധ്രങ്ങളിലെ സൂക്ഷ്മരോമങ്ങളും ശ്‌ളേഷ്മവുമാണ് ഇവയെ പ്രതിരോധിക്കുന്നത്. ഒരു ദിവസം നാം ശരാശരി പതിനായിരം ലിറ്റര്‍ വായുശ്വസിക്കുന്നുണ്ട്.
പ്ലൂറ (pleura)
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ട സ്തരമാണ് പ്‌ളൂറ. ഇവയ്ക്കിടയില്‍ കാണപ്പെടുന്ന ദ്രാവകമാണ് പ്‌ളൂറദ്രാവകം. ശ്വാസകോശം നിരന്തരം വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഘര്‍ഷണം കുറയ്ക്കലാണ് ഈ ദ്രാവകത്തിന്റെ ധര്‍മം. പ്ലൂറയില്‍ അണുബാധ മൂലം സംഭവിക്കുന്ന നീര്‍ക്കെട്ടിനെ പ്ലൂറസി(pleursiy-) എന്നു പറയുന്നു.
ശ്വാസകോശവും
ആല്‍വിയോളിയും
ശ്വസനിക തുറക്കപ്പെടുന്ന വായു അറകളാണ് ആല്‍വിയോളി (Alveoli-). ചെറിയ സഞ്ചികളാണ് ഇവയെന്നു പറയാം. ഉച്ഛ്വാസ വായു അവസാനം ചെന്നെത്തുന്നത് ആല്‍വിയോളികളിലാണ്. ആല്‍വിയോളിയിലെ നേര്‍ത്ത രക്തക്കുഴലുകള്‍ ഓക്‌സിജനെ വലിച്ചെടുക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറംതള്ളുകയും ചെയ്യും. ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശത്തില്‍ എഴുപതുകോടി ആല്‍വിയോളികളുണ്ടെന്നാണു കണക്ക്.
ശ്വസനികള്‍
നാസാരന്ധ്രങ്ങളെക്കുറിച്ചു പറഞ്ഞല്ലോ. ഇവ അവസാനിക്കുന്നത് നാസാഗഹ്വരത്തിലാണ്. നാസാഗഹ്വരം ഗ്രസനിയിലേക്ക് (pharynx) തുറക്കുന്നു. ഇവിടെനിന്നാണ് ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്. ശ്വാസനാളം(trachea) അര്‍ധവൃത്താകൃതിയിലുള്ള തരുണാസ്ഥി വലയങ്ങള്‍ക്കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നു പറയാം. ഇവ രണ്ടായി പിരിയുന്നതാണ് ശ്വസനികള്‍. ശ്വസനികള്‍ ശ്വാസകോശത്തിനുള്ളിലേക്കു പ്രവേശിക്കുന്നു. ഇവിടെനിന്നു വീണ്ടും ശാഖകളായി പിരിയുന്ന ഇവയെ ശ്വസനികകള്‍ എന്ന് വിളിക്കുന്നു. ഇവ ഓരോന്നും ഒരു കൂട്ടം വായു അറകളിലേക്കാണു പ്രവേശിക്കുന്നത്. ശ്വാസകോശം നിറയെ ഇത്തരത്തിലുള്ള വായു അറകളാണ്. ഇവയുടെ ഉപരിതലത്തില്‍ ധാരാളം രക്തലോമികള്‍ നിലകൊള്ളുന്നു. ഇവ ശ്വാസകോശത്തിന്റെ പ്രതല വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നതിനാല്‍ വാതകവിനിമയ നിരക്ക് വര്‍ധിക്കുന്നു.
ആദ്യഘട്ടം
ശ്വസന പ്രക്രിയയുടെ ആദ്യ ഘട്ടമാണ് ശ്വാസോഛാസം. ഉഛ്വാസവും-(inspiration)നിശ്വാസവും(expiration) ചേര്‍ന്ന പ്രക്രിയയാണ് ശ്വാസോഛാസം. ഒരു മിനുട്ടില്‍ നാം സാധാരണയായി പന്ത്രണ്ടു മുതല്‍ പതിനെട്ടു വരെ തവണ ശ്വാസോഛാസം നടത്തുന്നുണ്ട്.
ഓക്‌സിജന്റെ അളവ്
ഉഛ്വാസത്തിലും നിശ്വാസത്തിലും ഓക്‌സിജന്റെ അളവില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ഉഛ്വാസത്തില്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ സാന്നിധ്യമുണ്ടാകുമല്ലോ. എന്നാല്‍ ഇവ വായു അറകളിലെ രക്തത്തില്‍ ലയിക്കുന്നതിനാല്‍ നിശ്വാസസമയത്ത് ഓക്‌സിജന്‍ വളരെ ചെറിയ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. എന്നാല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിശ്വാസ വായുവില്‍ കൂടുതലായിരിക്കും.
ഗ്ലൈക്കോളിസിസും
ക്രെബ്‌സും
കോശങ്ങളില്‍ നടക്കുന്ന ഊര്‍ജോല്‍പ്പാദനത്തെ കോശശ്വസനം എന്നാണു വിളിക്കുന്നത്. കോശദ്രവ്യത്തില്‍ രണ്ടുതരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഗ്ലൂക്കോസ് വിഘടിച്ച് പെറുവിക് ആസിഡായി മാറുന്ന ഗ്ലൈക്കോളിസിസ്. ഈ ആസിഡ് മൈറ്റോകോണ്‍ഡ്രിയയില്‍ പ്രവേശിച്ച് രാസപ്രവര്‍ത്തനങ്ങള്‍ നടന്ന് ഊര്‍ജം സ്വതന്ത്രമാകുന്ന ക്രെബ്‌സ് പരിവൃത്തി എന്നിവയാണവ.
കാര്‍ബണ്‍ ഡൈ
ഓക്‌സൈഡിനെ
പുറംതള്ളുന്ന വിധം
ക്രെബ്‌സ് പരിവൃത്തിയുടെ ഫലമായി നിശ്ചിത അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ജലവും ഉപോല്‍പ്പന്നമാകുന്നുണ്ട്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന ജലത്തെ നിശ്വാസ വായുവിലൂടെയും മൂത്രത്തിലൂടെയും ശരീരം പുറന്തള്ളും. ഇവ അമിതമാകുന്നത് കോശത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു ദോഷകരമാണ്. ഇവ നീക്കം ചെയ്യാന്‍ ശരീരം ചില വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ ഘടകങ്ങളായ അരുണരക്താണു, പ്ലാസ്മ എന്നിവയിലെ ജലത്തില്‍ ലയിപ്പിച്ചും ഹിമോഗ്ലോബിനുമായി ചേര്‍ന്നുമാണ് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് രക്തത്തിലെത്തുന്നത്.
ഇവ ശ്വാസകോശത്തിലെ വായു അറകളിലെത്തുന്നതോടു കൂടി നിശ്വാസം വഴി ശരീരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നു.
അരുണ രക്താണുക്കള്‍
എറിത്രോസൈറ്റ്‌സ് (Erythrocytes) എന്ന പേരിലും ഇവ അറിയപ്പെടുന്നു. അരുണ രക്താണുക്കളാണ് രക്തത്തിനു ചുവപ്പു നിറം സമ്മാനിക്കുന്നത്. ഒരു മില്ലി ലിറ്റര്‍ രക്തത്തില്‍ ശരാശരി 40 ലക്ഷം മുതല്‍ 50 ലക്ഷം വരെ അരുണ രക്താണുക്കള്‍ ഉണ്ടായിരിക്കും. ശരീരത്തിലെ ആകെയുള്ള കോശത്തില്‍ നാലിലൊന്നും അരുണ രക്താണുക്കളാണ്. ഇരുപതു സെക്കന്റ് കൊണ്ട് ഇവ ശരീരത്തില്‍ ഒരു ചംക്രമണം പൂര്‍ത്തിയാക്കുന്നു. ശ്വസന വാതകങ്ങളുടെ സംവഹനമാണ് അരുണ രക്താണുക്കളുടെ മുഖ്യ ധര്‍മം.
ഹീമോഗ്ലോബിന്‍
(Haemoglobin)
അരുണ രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിന്റെ ചുവപ്പുനിറത്തിനു കാരണം ഹീമോഗ്ലോബിനാണ്.
ഹീമോഗ്ലോബിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓക്‌സിജനുമായി കൂടിച്ചേരാനും വിഭജിക്കാനും സാധിക്കും. ഓക്‌സിജന്‍ ഹീമോഗ്ലോബിനുമായി ചേരുമ്പോഴാണ് ഓക്‌സി ഹീമോഗ്ലോബിന്‍ ഉണ്ടാകുന്നത്.
ശ്വാസകോശത്തില്‍വച്ച് 95 ശതമാനം വരെ ഓക്‌സിജനെ ഉള്‍ക്കൊള്ളുന്ന ഹീമോഗ്ലോബിന് ഒരു ഗ്രാമിന് 1.34 മില്ലി ലിറ്റര്‍ ഓക്‌സിജന്‍ എന്ന അനുപാതത്തില്‍ കൂടിച്ചേരാനാകുന്നു.
പ്ലാസ്മ
90 ശതമാനം ജലം, 10 ശതമാനം പ്രോട്ടീനുകള്‍, ലവണങ്ങള്‍,പ്ലേറ്റലറ്റുകള്‍ തുടങ്ങിയവയാണ് പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍. ആല്‍ബുമിന്‍, ഗ്ലോബുലിന്‍, ഫൈബ്രിനോജന്‍ തുടങ്ങിയ പ്രോട്ടീനുകളും പ്ലാസ്മയിലുണ്ട്. ആല്‍ബുമിനുകള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. ഗ്ലോബുലിനുകള്‍ ആന്റിബോഡിയായി പ്രവര്‍ത്തിക്കുന്നു. ഫൈബ്രിനോജന്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു.
ടൈഡല്‍ വോള്യം
ഉച്ഛ്വാസ നിശ്വാസങ്ങളിലൂടെ കടന്നുപോകുന്ന വായുവിന്റെ അളവാണ് ടൈഡല്‍ വോള്യം(Tidal Volume-). ഇവ ഏകദേശം അഞ്ഞൂറു മില്ലി ലിറ്ററാണ്. നിരവധി നിശ്വാസങ്ങള്‍ക്കുശേഷം ശ്വാസകോശത്തിലും ശ്വാസനാളത്തിലും ബാക്കിയാകുന്ന വായുവിന്റെ അളവാണ് റെസിഡിനല്‍ വോള്യം(Residenal Volume). ഇവ ഒന്നര ലിറ്ററോളം വരും.
ശ്വസനസംബന്ധമായ
അസുഖങ്ങള്‍
മനുഷ്യരില്‍ നിരവധി ശ്വാസകോശ അസുഖങ്ങള്‍ കാണപ്പെടുന്നു. ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുമടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ആസ്ബറ്റോസിസ്, സിലിക്കോസിസ് തുടങ്ങിയ അസുഖങ്ങള്‍ തൊഴില്‍ജന്യ രോഗങ്ങളില്‍പ്പെടുന്നു.
ന്യൂമോണിയ (pneumonia)
ഈ അസുഖത്തിനു മുഖ്യകാരണം സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയെ അണുബാധയാണ്. ശ്വാസകോശങ്ങളിലെ വായു അറകള്‍ക്ക് വീക്കം സംഭവിക്കുന്ന ന്യൂമോണിയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് പ്രചാരത്തിലുള്ളത്.
ബ്രോങ്കൈറ്റിസ്
(bronchitis)
അന്തരീക്ഷമലിനീകരണവും പുകവലിയും മൂലമാണ് ഈ അസുഖം ബാധിക്കുന്നത്. ശ്വാസനാളിയിലെ ശ്ലേഷ്മഗ്രന്ഥി,ഗോബ്‌ലറ്റ് കോശങ്ങള്‍ എന്നിവ ക്രമാതീതമായി വളരുകയാണ് ഈ രോഗത്തില്‍ സംഭവിക്കുന്നത്.തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന ചുമയും പച്ചയും മഞ്ഞയും നിറമുള്ള കഫവുമാണ് രോഗലക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."