ജില്ലാ ആശുപത്രി ലബോറട്ടറിയില്‍ പരിശോധന മുടങ്ങി
മാനന്തവാടി: ലാബിലെ യന്ത്രം തകരാറിലായതോടെ പരിശോധനകള്‍ മുടങ്ങി. ജില്ലാശുപത്രി ലബോറട്ടറിയിലെ ബയോകെമിസ്ട്രി അനലൈസറാണ് തകരാറിലായത്. പ്രതിദിനം ശരാശരി 1000 ത്തോളം പരിശോധനകള്‍ നടക്കുന്ന ലാബില്‍ മെഷീന്‍ തകരാറിലായത് നിര്‍ധനരായ നിരവധി രോഗികളെയാണ് വലച്ചിരിക്കുന്നത്. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ലാബില്‍ ഒരു ഫുള്ളി ഓട്ടോമാറ്റിക് മെഷീന്‍ മാത്രമാണ് ഉള്ളത്. ഇത് തകരാറിലായതോടെയാണ് പരിശോധനകള്‍ മുടങ്ങിയത്. ആര്‍.എഫ്.ടി, എല്‍.എഫ്.ടി, സി.കെ.എം ബി.അമിലെസ്, എഫ്.എല്‍.പി എന്നീ പരിശോധനകളാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. പ്രതിമാസം 46000 ത്തോളം പരിശോധനകള്‍ നടക്കുന്ന ലാബില്‍ മുഴുവനായും ഓട്ടോമാറ്റിക് സംവിധാനവും സെമി ഓട്ടോമാറ്റിക് സംവിധാനവും ഉള്ള രണ്ട് മെഷീനുകള്‍ മാത്രമാണുള്ളത്. ഇതില്‍ സെമി ഓട്ടോമാറ്റിക് യന്ത്രം നേരത്തെ തന്നെ കരാറിലായിരുന്നു. തുടര്‍ന്ന് മെഷീന്‍ മാത്രം മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ഈ യന്ത്രവും കേടായത്. സ്വകാര്യ ലാബുകളെ അപേക്ഷിച്ച് ജില്ലാ ആശുപത്രി ലാബില്‍ ഫീസ് നിരക്ക് കുറവാണ്.
ബി.പി.എല്‍ വിഭാഗത്തിന് മറ്റ് ലാബുകളേക്കാള്‍ നാലിലൊന്ന് തുകയും മറ്റ് വിഭാഗത്തിന് പകുതി തുകയും ഇവിടെ ഈടാക്കുന്നത്. യന്ത്രം പണിമുടക്കിയതോടെ രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് നിര്‍ധനരായ രോഗികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. കൂടാതെ പരിശോധന ഫലം സംബധിച്ച കൃത്യതയും സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. പത്ത് ലക്ഷത്തോളം രൂപയാണ് പ്രതിമാസം ജില്ലാശുപത്രി ലാബില്‍ ലഭിക്കുന്നത്.
പരിശോധന ഫലങ്ങളുടെ കൃത്യതക്കും മികച്ച സേവനത്തിനും ദേശീയ തലത്തില്‍ നല്‍കുന്ന അംഗീകാരമായ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍ (എന്‍.എ.ബി.എച്ച് ) അവാര്‍ഡ് ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഏക ലാബ് കൂടിയാണ് ജില്ലാ ആശുപത്രിയിലേത്. യന്ത്രതകരാര്‍ പരിഹരിച്ച് പരിശോധനകള്‍ ഉടന്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."