വോട്ടിംഗ് മഴപ്പേടിയെ അവഗണിച്ച്
പത്തനംതിട്ട: കനത്ത മഴയുണ്ടാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ രാവിലെതന്നെ കൂട്ടത്തോടെ എത്തിയത് പല ബൂത്തുകളിലും തിരക്കിന് കാരണമായി. മഴയെ അവഗണിച്ച് രാവിലെ മുതല്‍ തന്നെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. ആറന്മുള മണ്ഡലത്തിലെ ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ രാവിലെ പത്തോടെ 22 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
അടൂര്‍ മണ്ഡലത്തിലെ ഗവ. യുപി സ്‌കൂളിലെ 81-ാം നമ്പര്‍ ബൂത്തില്‍ ഉച്ചയ്ക്ക് 12ന് പോളിംഗ് ശതമാനം 42 കടന്നു. ഇവിടുത്തെ മറ്റ് മൂന്നു ബൂത്തുകളിലും 40 ശതമാനത്തിനു മുകളിലായിരുന്നു പോളിംഗ്. ഇടയാടിയിലെ ഗവ. എല്‍പി സ്‌കൂളിലെ 24, 25 ബൂത്തുകളില്‍ 12 ന് 42.11 ശതമാനം, 41.3 ശതമാനം എന്നിങ്ങനെ പോളിംഗ് രേഖപ്പെടുത്തി. പന്തളം എന്‍.എസ്.എസ് എച്ച്.എസ്.എസിലെ വനിതാ പോളിംഗ് ബൂത്തില്‍ ഈ സമയം 46 ശതമാനമായിരുന്നു പോളിംഗ്. ആറന്മുളയിലെ 136 -ാം ബൂത്തില്‍ ഉച്ചയോടെ പോളിംഗ് 40 ശതമാനം കടന്നു. കടമ്മനിട്ട ഗവ. എച്ച്.എസ്.എസിലെ 94 -ാം ബൂത്തില്‍ വൈകിട്ട് മൂന്നോടെ പോളിംഗ് ശതമാനം 63.5 ആയി. 96 -ാം ബൂത്തില്‍ 65.98 ശതമാനമായിരുന്നു പോളിംഗ്. വൈകിട്ട് മൂന്നിന് 95-ാം ബൂത്തില്‍ 63 ശതമാനം വോട്ടില്‍ 53 ശതമാനവും ഉച്ചയ്ക്ക് മുന്‍പായിരുന്നു രേഖപ്പെടുത്തിയത്. റാന്നിയിലെ പേഴുംപാറ ഡോ. പല്‍പു മെമ്മോറിയല്‍ യു.പി.എസിലെ ബൂത്തില്‍ രാവിലെ 11 വരെ 35 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കോന്നിയിലെ മണിയാര്‍ ഹൈസ്‌കൂളില്‍ 37.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോന്നി നീലീപ്പിലാവ് എല്‍.പി സ്‌കൂളില്‍ ഉച്ചയ്ക്ക് 12.30 ഓടെ 61 ശതമാനം വോട്ട് രേഖപ്പെടുത്തി. മാതൃകാ, ഹരിത പോളിംഗ് ബൂത്തായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ട് നാലുവരെ 65.35 ശതമാനം പോളിംഗാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."