മാഫിയകള്‍ സൂക്ഷിക്കുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്
തൃക്കരിപ്പൂര്‍: വലിയപറമ്പ തീരദേശത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നടപടിയുമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത് രംഗത്ത്.
കടത്തുവള്ളങ്ങളെയും ബോട്ടു സര്‍വിസുകളെയും മാത്രം യാത്രാമാര്‍ഗമായി സ്വീകരിച്ചിരുന്ന വലിയപറമ്പിലേക്കു രണ്ടു പാലങ്ങള്‍ വന്നതോടുകൂടിയാണു ഇവിടങ്ങളില്‍ ലഹരി മാഫിയകള്‍ സജീവമായത്. രാത്രികാലങ്ങളില്‍ ചൂണ്ടയിടാനെന്ന പേരിലും ബീച്ചില്‍ കാറ്റു കൊള്ളാനെന്ന പേരിലുമാണു ലഹരി മാഫിയകള്‍ കടലോരത്തെത്തുന്നത്. തീരദേശത്ത് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു പഞ്ചായത്ത് ലഹരിക്കതിരേ ജാഗ്രതാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
ഇതുസംബന്ധിച്ചു സര്‍വകക്ഷി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, എക്‌സൈസ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ യോഗം പഞ്ചായത്തില്‍ ചേര്‍ന്നു.
രാത്രികാലങ്ങളില്‍ മാവിലാക്കടപ്പുറം, വലിയപറമ്പ പാലങ്ങള്‍, പുളിമുട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ ചൂണ്ടയിടാനെന്ന വ്യാജേന എത്തുന്നവരെയും അസമയത്തും സംശയാസ്പദമായും കാണുന്ന വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കാനുമാണ് യോഗം തീരുമാനിച്ചത്.
ലഹരി മാഫിയ ബന്ധമുള്ളവരെയും ഉപയോഗിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇതിനായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും.
പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സമിതിയും രൂപീകരിച്ചു വാര്‍ഡുകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."