ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവ നടത്തിപ്പു പ്രതിസന്ധിയില്‍
കാലിക്കടവ്: ഹയര്‍സെക്കന്‍ഡറി അധ്യാപികയെ സ്ഥലം മാറ്റിയുള്ള വിവാദ ഉത്തരവു റദ്ദാക്കിയില്ലെങ്കില്‍ ഉപജില്ലാ കലോത്സവം ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുമായി പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ കമ്മിറ്റി.
ഇവിടുത്തെ ഫിസിക്‌സ് അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയാണു പ്രതിഷേധത്തിലേക്കു നീങ്ങുന്നത്.
ഇത്തവണ ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നതു പിലിക്കോട് ഹയര്‍സെക്കന്‍ഡറിയാണ്. കലോത്സവ നടത്തിപ്പ് ഏറ്റെടുക്കാന്‍ വിദ്യാലയങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ ഏറെ സമ്മര്‍ദങ്ങള്‍ക്കു ശേഷമാണ് ഇവര്‍ നടത്തിപ്പു ചുമതല ഏറ്റെടുത്തത്.
എന്നാല്‍ കലോത്സവം അരികിലെത്തി നില്‍ക്കുമ്പോഴാണു സ്ഥലം മാറ്റ വിവാദം ചൂടുപിടിക്കുന്നത്.
മൂന്നു മാസം മുമ്പാണു കക്കാട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പിലിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കു ഫിസിക്‌സ് അധ്യാപിക സ്ഥലം മാറിയെത്തിയത്. ഈ അധ്യാപികയെ പഴയ വിദ്യാലയത്തിലേക്കു തന്നെ സ്ഥലം മാറ്റിയുള്ള 'സ്‌പെഷല്‍' ഉത്തരവു കഴിഞ്ഞാഴ്ചയാണു പുറത്തിറങ്ങിയത്. കക്കാട്ട് ജോലി ചെയ്തുവരുന്ന അധ്യാപകനെ നിലവില്‍ ഒഴിവില്ലാത്ത കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു മാറ്റുകയും ചെയ്തു. ഇതിനെതിരേ കക്കാട്ട് സ്‌കൂള്‍ രക്ഷിതാക്കള്‍ ഉപരോധിക്കുന്നിടത്തേക്കു വരെ കാര്യങ്ങളെത്തി.
നിലവിലെ സ്ഥിതി തുടരുമെന്ന ഉറപ്പിനെ തുടര്‍ന്നു ഇവിടെ പ്രതിഷേധം താല്‍ക്കാലികമായി കെട്ടടങ്ങിയപ്പോഴാണു പിലിക്കോട്ട് പ്രതിഷേധം ശക്തിപ്പെടുന്നത്.
സ്ഥലം മാറ്റം റദ്ദു ചെയ്ത് ഉത്തരവിറക്കണമെന്ന ഉറച്ച നിലപാടിലാണു പിലിക്കോട്ടെ പി.ടി.എ കമ്മിറ്റി. നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ കലോത്സവ നടത്തിപ്പു തന്നെ പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."