ഉമറുല്‍ ഫാറൂഖ് ഹുദവി നാളെ നാട്ടിലേക്ക് മടങ്ങും;സമസ്ത ബഹ്‌റൈന്‍ യാത്രയപ്പ് സംഗമം ഇന്ന് മനാമയില്‍
മനാമ: യുവ പണ്ഢിതനും സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കോഓഡിനേറ്ററുമായ ഉസ്താദ് ഉമറുല്‍ ഫാറൂഖ് ഹുദവി ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാളെ നാട്ടിലേക്ക് തിരിക്കും. ഇതോടനുബന്ധിച്ച് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന വിപുലമായ യാത്രയപ്പ് സംഗമം ഇന്ന് രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യുവ പണ്ഡിതനും സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കോ ഓഡിനേറ്ററുമായ ഉമറുല്‍ ഫാറൂഖ് ഹുദവി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഹുദവി ബിരുദം സ്വീകരിച്ച് പ്രബോധന രംഗത്തിറങ്ങി. 2009 ഫെബ്രുവരിയിലാണു ബഹ്‌റൈനിലെത്തിയത്.
നാട്ടില്‍ സമസ്തയുടെ വിവിധ സ്ഥാപനങ്ങളിലും മസ്ജിദുകളിലും മദ്‌റസകളിലും ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. സംഘടനാ പാടവം ബഹ്‌റൈനിലെ സമസ്തയുടെ മുന്നേറ്റങ്ങള്‍ക്കു വിനിയോഗിക്കാനാണ് അദ്ദേഹം ഇവിടെ നിയോഗിക്കപ്പെട്ടത്.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ 12 വര്‍ഷത്തെ ഉപരിപഠനത്തിനിടെ ഹുദവി ബിരുദത്തോടൊപ്പം ട്രെയ്‌നിംഗ്, ഹിസ്ബ് കോഴ്‌സുകളും പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തോളം ഇതേ സ്ഥാപനത്തില്‍ തന്നെ അധ്യാപകനായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് കാസര്‍ഗോഡ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ്, എടപ്പാളിലെ ദാറുല്‍ ഹുദാ സഹസ്ഥാപനം, കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചെറുവണ്ണൂര്‍ മഹല്ല് ജുമാ മസ്ജിദ്, അല്‍ അന്‍വാര്‍ ഇസ്ലാമിക് അക്കാദമി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച ശേഷമാണ് ബഹ്‌റൈനില്‍ സമസ്തയുടെ കോ ഓഡിനേറ്ററായി നിയമിതനായത്.
ഇതോടൊപ്പം നിലവില്‍ 300 ല്‍ പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബഹ്‌റൈനിലെ സമസ്ത കേന്ദ്ര മദ്‌റസയായ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്‌റസയില്‍ സ്വദര്‍ മുഅല്ലിമായും (പ്രധാനാധ്യാപകന്‍) അദ്ദേഹം പ്രവര്‍ത്തിച്ചു.മലപ്പുറം ജില്ലയിലെ പാലത്തിങ്ങല്‍ സ്വദേശിയായ അദ്ദേഹം ബഹ്‌റൈനിലെത്തും മുമ്പു നാട്ടില്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം നിലവില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പദവി കൂടി വഹിക്കുന്നുണ്ട്.
ഇന്നു രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറയത്തില്‍ നടക്കുന്ന യാത്രയപ്പില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര, ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും മദ്‌റസാ മുഅല്ലിംകളും പങ്കെടുക്കും.
സമസ്ത കേന്ദ്ര മദ്‌റസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ബഹ്‌റൈനിലെ മുഴുവന്‍ സമസ്ത അനുഭാവികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +97339128941 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."