റൈസ് പുള്ളര്‍ ലോഹത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്
കണ്ണൂര്‍: ഇല്ലാത്ത റൈസ് പുള്ളര്‍ ലോഹത്തിന്റെ പേരുപറഞ്ഞ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കോടികളുടെ തട്ടിപ്പ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, പാനൂര്‍, ശ്രീകണ്ഠാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരും കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം എന്നിവിടങ്ങളിലുള്ളവരുമാണ് കൂടുതലായും തട്ടിപ്പിനിരയായത്. കോടിക്കണക്കിന് രൂപ ലാഭം പ്രതീക്ഷിച്ചാണ് പലരും തട്ടിപ്പില്‍ കുടുങ്ങിയത്.
റൈസ് പുള്ളര്‍ ലോഹത്തിന് ലോക മാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ ലഭിക്കുമെന്നു പറഞ്ഞാണ് ഇടനിലക്കാര്‍ തട്ടിപ്പിനിരയായവരെ സമീപിച്ചത്. വാട്ട്‌സ് ആപ്പിലൂടെയാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം. ഇവരുടെ ഇടനിലക്കാരാണ് താരതമ്യേന ഉയര്‍ന്ന സാമ്പത്തികമുള്ളവരില്‍ നിന്നു പണം തട്ടിയത്. ഇടനിലക്കാരില്‍ വിശ്വസിച്ചാണ് പലരും ബാങ്ക് വായ്പയെടുത്തും സ്ഥലംവിറ്റും റൈസ് പുള്ളര്‍ ലോഹം വാങ്ങാന്‍ പണം നിക്ഷേപിച്ചത്.
മട്ടന്നൂര്‍ മേഖലയിലെ ഒരു ഡോക്ടര്‍ക്കു നാലുകോടി രൂപയും വ്യവസായിക്കു മൂന്നു കോടിയും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം ശ്രീകണ്ഠാപുരം സ്വദേശിക്ക് 39 ലക്ഷവും നഷ്ടമായി. പാനൂരില്‍ രണ്ടുപേര്‍ക്ക് 13 ലക്ഷം വീതം നഷ്ടമായി. മാനഹാനി ഭയന്ന് പലരും പരാതിപ്പെടാത്തതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല. നഷ്ടമായ പണത്തിന്റെ കണക്ക് ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് കരുതുന്നത്. സമ്പന്നരാണ് കൂടുതലും തട്ടിപ്പിനിരയായത്.
ഇടനിലക്കാര്‍ പരിചയപ്പെടുത്തുന്ന ഇടപാടുകാരുമായുള്ള കൂടിക്കാഴ്ച നക്ഷത്ര ഹോട്ടലുകളിലാണ് നടത്തുന്നത്. റൈസ് പുള്ളര്‍ ലോഹമുണ്ടെന്നു വിശ്വസിപ്പിക്കാന്‍ പരിശോധനയ്‌ക്കെന്ന പേരില്‍ അപ്രൈസര്‍മാരെയും ചില ഏജന്റുമാര്‍ ഒരുക്കും. അപ്രൈസര്‍മാരെ ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേറെയും നല്‍കണം. ലക്ഷങ്ങള്‍ കെട്ടിവച്ച് റൈസ് പുള്ളര്‍ കാണാതെ നിരാശരായവരാണു തട്ടിപ്പിനിരയായവരില്‍ ഏറെയും.
നിധി പോലെ സൂക്ഷിക്കുന്ന റൈസ് പുള്ളര്‍ കാണിക്കാനെന്നു പറഞ്ഞ് വഞ്ചിതരായവരെ പലയിടങ്ങളിലും സംഘം കൊണ്ടുപോയി. ഗുജറാത്ത്, ഹൈദരാബാദ്, ഹൂബ്ലി, തിരുനെല്‍വേലി, മറയൂര്‍, പളനി എന്നിവിടങ്ങളിലാണ് 'നിധി തേടി'യെത്തിയത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ മുഴുവന്‍ ചെലവും കെണിയില്‍പ്പെട്ടവര്‍ തന്നെയാണു വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."