പൊറ്റമ്മല്‍ കടവിനു സമീപം സ്ഥിരം തടയണ നിര്‍മിക്കണം: ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ
കൂട്ടിലങ്ങാടി: ആനപ്പാറ പൊറ്റമ്മല്‍ കടവിനു സമീപം സ്ഥിരം തടയണ നിര്‍മിക്കണമെന്നു ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ജല വിഭവ മന്ത്രിയോട് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഇരുപതിനായിരത്തോളം ജനങ്ങള്‍ കുടി വെള്ളത്തിനാശ്രയിക്കുന്നത് മോദിക്കടവ്, മുണ്ടയില്പ്പടി, കാഞ്ഞമണ്ണ പമ്പ് ഹൗസുകളെയാണ്. വേനല്‍ക്കാലത്ത് ഇവിടെ പമ്പ് ഹൗസിലേക്കുള്ള ജല സ്രോതസായി ഉപയോഗിക്കുന്നതു താല്‍ക്കാലിക തടയണകളാണെന്നും ജല ദൗര്‍ലഭ്യം കാരണം ഈ തടയണയില്‍ നിന്നും കുടിവെള്ള വിതരണം നടത്തുന്നതിനാവശ്യമായ ജലം ലഭിക്കുന്നില്ലെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
ഇതു മൂലം പ്രദേശത്തു കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൂടാതെ ജല വിതാനം വളരെ താഴുന്നതിനാല്‍ പ്രദേശങ്ങളിലെ കിണറുകളിലും മറ്റും ജലം ലഭ്യമാകുന്നുമില്ല. കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കടലുണ്ടിപ്പുഴയിലെ ആനപ്പാറ മുതല്‍ പൊറ്റമ്മല്‍ കടവിനു സമീപം ഒരു സ്ഥിരം തടയണ നിര്‍മിച്ചാല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിയും. ഇതിനായി സ്ഥിരം തടയണ നിര്‍മിക്കണമെന്നു കാണിച്ചു 2012 ല്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളെജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം അന്വേഷണം നടത്തി വിശദ പ്രോജക്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നതാണ്.
ഇതു സംബന്ധിച്ച ഫയല്‍ ജല വിഭവ വകുപ്പിലെ ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പ്രസ്തുത ഫയല്‍ പുന: പരിശോധിക്കണം. വിശദമായ ഡി.പി.ആര് കിട്ടുന്ന മുറക്ക് പദ്ധതിക്കു അനുകൂലമായ തീരുമാനമുണ്ടാകുമെന്നു ജല വിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ജല വിഭവ മന്ത്രിയും ഉറപ്പു നല്‍കിയിട്ടുണ്ടെന്നു എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."