ഗ്യാസ് സിലണ്ടറുകളിലും മായം
കയ്പമംഗലം: ഗാര്‍ഹിക ഉപയോഗത്തിനായി വിതരണം ചെയ്യുന്ന പാചക വാതക സിലണ്ടറുകളില്‍ വെള്ളം നിറക്കുന്നതായി ആരോപണം. ശരാശരി രണ്ടരമാസത്തോളം ഉപയോഗിക്കാവുന്ന ഒരു സിലണ്ടര്‍ ഉപയോഗം തുടങ്ങി പതിനഞ്ച്, ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു പോകുന്ന അവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് ഉപഭോക്താക്കളില്‍ സംശയം ഉയര്‍ന്നു തുടങ്ങിയത്. തുടര്‍ന്ന് സിലണ്ടര്‍ പരിശോധിച്ചപ്പോഴാണ് സിലണ്ടറില്‍ പകുതിയിലധികവും വെള്ളമാണെന്ന് ബോധ്യമായത്.
കയ്പമംഗലം കൂരിക്കുഴി പ്രദേശങ്ങളില്‍ വിതരണം ചെയ്ത ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പാചക വാതക സിലണ്ടറിലാണ് വെള്ളം നിറച്ചതായി കണ്ടെത്തിയത്. സിലണ്ടര്‍ പാചകത്തിന് ഉപയോഗിക്കാന്‍ പറ്റുന്നില്ലെങ്കിലും എടുത്താല്‍ പൊന്താത്ത അത്ര ഭാരവുമുണ്ട് എന്നതാണ് ശ്രദ്ധേയം.
സാധാരണയായി ഇങ്ങനെയുള്ള അവസ്ഥകള്‍ സ്ത്രീകളടക്കമുള്ള ഉപഭോക്താക്കള്‍ നേരിടാറുണ്ടെങ്കിലും സംഭവം പുറത്തു പറയാതെ വീണ്ടും പണം മുടക്കി പുതിയ പാചക വാതക സിലണ്ടറുകള്‍ എടുക്കാറാണ് പതിവ്. ഏജന്‍സി ഗോഡൗണുകളില്‍ നിന്ന് വിതരണത്തിനായി കൊണ്ടു പോകുന്ന സിലണ്ടറുകളില്‍ ചില ഡ്രൈവര്‍മാര്‍ തിരിമറി നടത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ സര്‍വ സാധാരണയായി ഉയര്‍ന്നു വരുന്നുണ്ടെന്നും കബളിക്കപ്പെടുന്ന ഉപഭോക്താവ് പാചക വാതക സിലണ്ടര്‍ വിതരണം ചെയ്ത ഏജന്‍സിക്ക് പരാതി നല്‍കിയാല്‍ സിലണ്ടര്‍ മാറ്റിത്തരാന്‍ അവര്‍ നിര്‍ബന്ധിതരാണെന്നും കൊടുങ്ങല്ലൂര്‍ സപ്ലൈ ഓഫിസര്‍ പറഞ്ഞു.
എന്നാല്‍ പാചക വാതക സിലണ്ടര്‍ വിതരണം ചെയ്ത പ്രദേശത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഗ്യാസ് ഏജന്‍സി മാനേജരുമായി ഇതു സംബന്ധമായ പരാതി ബോധ്യപ്പെടുത്തിയപ്പോള്‍ ഉപഭോക്താക്കളുടെ കൈവശം വെക്കുന്ന സിലണ്ടറുകളില്‍ ഇത്തരത്തിലുള്ള പരാതിക്കിടയാവുന്ന അവസ്ഥകള്‍ ഉണ്ടായാല്‍ പോലും അത് മാറ്റിക്കൊടുക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രതികരണം. മാത്രമല്ല വീടുകളില്‍ എത്തിച്ചു കൊടുക്കേണ്ട സിലണ്ടറുകള്‍ ഏജന്‍സി ചില സന്ദര്‍ഭങ്ങളില്‍ ദേശീയപാതയോരത്ത് തമ്പടിച്ചാണ് വിതരണം നടത്തുന്നതെന്നും ഉപഭോക്താക്കള്‍ പരാതി ഉയര്‍ത്തുന്നുണ്ട്. ഇങ്ങനെ വഴിയോരങ്ങളില്‍ വിതരണം ചെയ്യുന്ന സിലണ്ടുറുകള്‍ക്കും ബില്ലില്‍ കാണിച്ചിട്ടുള്ള തുകയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നതായും ആരോപണമുണ്ട്.
ഇങ്ങനെ ദേശീയപാതയോരങ്ങളില്‍ ഏജന്‍സി തമ്പടിക്കുന്ന ഭാഗങ്ങളിലെത്തി പാചക വാതക സിലണ്ടറുകള്‍ എടുക്കുന്നതിന് ഉപഭോക്താക്കള്‍ വണ്ടിക്കൂലി വേറെയും ചിലവാക്കണം. ഏജസികളുടെ സൗകര്യാര്‍ഥാണ് സിലണ്ടറുകള്‍ ദേശീപാതയോരത്ത് വെച്ച് വിതരണം നടത്തുന്നതെങ്കിലും അതിന്റെ ഭാരവും ഉപഭോക്താക്കള്‍ തന്നെ ചുമക്കേണ്ട അവസ്ഥയാണ്.
ആവശ്യം തങ്ങളുടേയതിനാല്‍ ഏജന്‍സികള്‍ പറയുന്ന തുകയും കൊടുത്ത് പ്രതികരിക്കാന്‍ നില്‍ക്കാതെ ഉപഭോക്താക്കള്‍ സിലണ്ടറും വാങ്ങി പോകുന്നതു കൊണ്ടാണ് ഇത്തരക്കാര്‍ക്ക് വളമാവുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. എന്തായാലും പാചക വാതക സിലണ്ടറില്‍ വെള്ളം നിറച്ചതായി അനുഭപ്പെട്ട ഉപഭോക്താവ് ഹെല്‍പ്പ് ലൈനില്‍ പരാതി സമര്‍പ്പിച്ച് പരിഹാരത്തിനായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."