വൈവിധ്യങ്ങളുമായി പുഷ്പമഹോത്സവത്തിന് തുടക്കം
കോഴിക്കോട്: വൈവിധ്യങ്ങളുടെ വസന്തം തീര്‍ത്ത പുഷ്പമഹോത്സവത്തിന് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ തുടക്കമായി.
പുഷ്പങ്ങള്‍ കൊണ്ട് തീര്‍ത്ത കുട്ടനാടന്‍ ഹൗസ് ബോട്ട് മാതൃക, കട്ട് ഫ്‌ളവറില്‍ തീര്‍ത്ത കൂറ്റന്‍ അരയന്നങ്ങള്‍, പൂക്കള്‍ കൊണ്ടുണ്ടാക്കിയ ഇന്ത്യാ ഗെയ്റ്റ് മാതൃക തുടങ്ങിയവയെല്ലാം കണ്ട് അകത്തു കടന്നാല്‍ പൂക്കളുടെ ഘോഷയാത്രയായി.
കേരളത്തിലെ തനത് പൂക്കള്‍ക്കൊപ്പം തായ്‌ലാന്റ്, ഓസ്‌ട്രേലിയ, ബ്രസീല്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പങ്ങളെല്ലാം മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഡാലിയ, സാല്‍വിയ, ആസ്റ്റര്‍, കോസ്‌മോസ്, സെലോഷ്യ, പെറ്റ്വനിയ, മെരിഗോള്‍ഡ്, എക്‌സോറ, ലില്ലിയം, മോര്‍ണിങ് ഗ്ലോറി, ടേബിള്‍ റോസ് എന്നിവയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയ അതിഥി പുഷ്പങ്ങള്‍.
അയ്യായിരത്തോളം പൂക്കളാണ് മേളയിലുള്ളത്. പൂക്കള്‍ക്കു പുറമെ പ്രവേശന കവാടത്തോടു ചേര്‍ന്ന് ഒരുക്കിയ മ്യൂസിക്കല്‍ ഫൗണ്ടനും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ഭക്ഷ്യമേളയും പുഷ്‌പോല്‍സവത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
300 ല്‍പ്പരം രുചിയേറുന്ന വിഭവങ്ങളുള്ള മേളയില്‍ ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ് കോര്‍ട്ടും, വരിക്ക ചക്ക കൊണ്ടുണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ചക്ക ഊണും നവ്യാനുഭവമാകും.
മണ്ണാശ്ശേരില്‍ അഗ്രിക്കള്‍ച്ചറല്‍ ഫാം, മണ്ണൂത്തി അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി, ഇപാക് (എക്‌സിബിഷന്‍ പാര്‍ട്ടിസിപ്പന്റ് അസോസിയേഷന്‍ ഓഫ് കേരള) എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേള മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേള 14ന് സമാപിക്കും.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."