കണ്ണൂരില്‍ ഇനി രാഷ്ട്രീയ കൊല ഉണ്ടാവില്ല
കണ്ണൂര്‍: ജില്ലയിലെ അക്രമസംഭവങ്ങള്‍ക്ക് അറുതിവരുത്താന്‍ ജില്ലാതല സര്‍വകക്ഷി സമാധാനയോഗത്തില്‍ തീരുമാനം. മന്ത്രിമാരായ എ.കെ ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നത്. ജില്ലയില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം നടക്കരുത്. ഇനിയുണ്ടാവുന്ന ഏതൊരു കൊലപാതകത്തിന്റെയും ഉത്തരവാദിത്തം അതുചെയ്ത കക്ഷിക്കായിരിക്കുമെന്നും അത് ഏറ്റെടുക്കാനും ന്യായീകരിക്കാനും ആരും മുന്നോട്ടുവരികയില്ലെന്നും യോഗത്തില്‍ തീരുമാനമായതായി മന്ത്രി എ.കെ ബാലന്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണു ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചു. ഈ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ വീണ്ടും സംസ്ഥാനതലത്തില്‍ സമാധായ യോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനു നേതൃത്വം നല്‍കുന്നവര്‍ ഏതു പാര്‍ട്ടിക്കാരായാലും അവരെ ഒറ്റപ്പെടുത്തണം. ഭീതിയില്ലാതെ ജോലിക്കു പോവാനും ആശങ്കയില്ലാതെ കുട്ടികളെ സ്‌കൂളിലയക്കാനും സമാധാനത്തോടെ വീടുകളില്‍ കിടന്നുറങ്ങാനുമുള്ള സാഹചര്യം ജില്ലയിലുണ്ടാവണം. കൊലയും അക്രമവും ജനങ്ങള്‍ക്കു മടുത്തു. അവയ്ക്കു നേതൃത്വം നല്‍കുന്നവരെ പരമ പുച്ഛത്തോടെയാണു ജനങ്ങള്‍ കാണുന്നത്. ഇനിയൊരു അക്രമമുണ്ടായാല്‍ അന്നു വൈകുന്നേരം അഞ്ചിനുതന്നെ സമാധാന കമ്മിറ്റി ചേരും. അഞ്ചിനു ശേഷമായാല്‍ അടുത്തദിവസം യോഗം ചേരും.
സമാധാനത്തിന്റെ സന്ദേശം താഴേക്കിടയിലുള്ള ജനങ്ങളിലെത്തിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ചേര്‍ന്ന സമാധാന യോഗത്തിനു സാധിച്ചതായും മന്ത്രി പറഞ്ഞു. സ്ഥലം എസ്.ഐ കണ്‍വീനറും വില്ലേജ് ഓഫിസര്‍ ജോയിന്റ് കണ്‍വീനറുമായി വില്ലേജ് തലത്തില്‍ ചേരുന്ന സമാധാന കമ്മിറ്റികള്‍ കൂടുതല്‍ ഫലപ്രദമാക്കും. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കലക്ടറുടെ നേതൃത്വത്തില്‍ അപ്പപ്പോള്‍ ജില്ലാതല നേതാക്കളുടെ യോഗം ചേര്‍ന്നു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രശ്‌നങ്ങളുണ്ടാവുന്നിടത്ത് ശാന്തിയാത്ര സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
പൊലിസ് നിഷ്പക്ഷമായും സുതാര്യമായും ഭയരഹിതമായും പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ പരാതികളുള്ളവര്‍ക്കു കലക്ടറെയും സര്‍ക്കാരിനെയും സമീപിക്കാമെന്നും ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പൊലിസ് നടപടികളുടെ കാര്യത്തില്‍ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്നും നിഷ്പക്ഷമായാണ് പൊലിസിന്റെ പ്രവര്‍ത്തനമെന്നും പി.കെ ശ്രീമതി എം.പി പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ മനസുവച്ചാല്‍ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്കും അറുതിയാവുമെന്നു കെ.സി ജോസഫ് എം.എല്‍.എ പറഞ്ഞു. 21 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് 30 പേര്‍ യോഗത്തില്‍ സംബന്ധിച്ചു.
കെ.കെ രാഗേഷ് എം.പി, എം.എല്‍.എമാരായ കെ.എം ഷാജി, ജയിംസ് മാത്യു, ടി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്.പി സഞ്ജയ്കുമാര്‍ ഗുരുദീന്‍, എ.ഡി.എം മുഹമ്മദ് യൂസഫ്, വിവിധ പാര്‍ട്ടി നേതാക്കളായ പി ജയരാജന്‍, എം.വി ജയരാജന്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി കുഞ്ഞുമുഹമ്മദ്, കെ.സി മുഹമ്മദ് ഫൈസല്‍, സി.പി മുരളി, കെ.കെ ജയപ്രകാശ്, വി.വി കുഞ്ഞികൃഷ്ണന്‍, കെ രഞ്ജിത്ത്, ശശിധരന്‍, കളരിയില്‍ ഷുക്കൂര്‍, ഇല്ലിക്കല്‍ അഗസ്തി, സി.കെ നാരായണന്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍, ജബീന ഇര്‍ഷാദ്, എ ഗോപാലന്‍, ജോസ് ചെമ്പേരി, ജോര്‍ജ് വടകര, കെ.കെ രാജന്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."