തലമുറകളുടെ സംഗമമൊരുക്കി തനിമ സാംസ്‌കാരിക സഞ്ചാരം
ആലുവ: നവാഗത ഗായകനായ സനൂപ് മുതല്‍ ഫോട്ടോഗ്രാഫി രംഗത്ത് സുവര്‍ണ ജൂബിലി പിന്നിട്ട റ്റി.കെ അലിയാര്‍ ഉള്‍പ്പടെയുള്ളവര്‍ ഒരു ജനതയുടെ ആദരവ് ഏറ്റുവാങ്ങാന്‍ ഒരുമിച്ചു കൂടിയത് അവിസ്മരണീയമായി മാറി. തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചരിത്രം കപ്പലിറങ്ങിയ മട്ടാഞ്ചേരി മുതല്‍ സംസ്‌കാരം വില്ലുവണ്ടിയേറിയ വെങ്ങാന്നൂര്‍ വരെ നടക്കുന്ന സാംസ്‌കാരിക സഞ്ചാരത്തിന്റെ രണ്ടാം ദിവസ സമാപന വേദിയാണ് ഇത്തരത്തില്‍ തലമുറകളുടെ സംഗമവേദിയായത്.
കേരളീയ നവോഥാനത്തില്‍ നാടക പ്രവര്‍ത്തകരും കലാകാരന്മാരും വളരെ വലിയ പങ്കാണ് വഹിച്ചതെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനും പ്രമുഖ നാടക പ്രവര്‍ത്തകനുമായ സേവ്യര്‍ പുല്‍പ്പാട്ട് അഭിപ്രായപ്പെട്ടു. സാംസ്‌കാരിക സഞ്ചാര നായകരായ തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ്, ജനറല്‍ സെക്രട്ടറി ഡോ. ജമീല്‍ അഹമ്മദ് എന്നിവരെ സ്വാഗതസംഘം ചെയര്‍മാന്‍ റ്റി.എസ് അബ്ദുല്ല പൊന്നാടയണിയിച്ച് സ്വീകരിച്ചു.
കോമഡി ഗാനരചയിതാവ് കൊച്ചിന്‍ മീമി, തണല്‍ പാലിയേറ്റീവ് അന്‍ഡ് പാരാപ്ലീജിക് കെയര്‍ സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ഷംസുദ്ദീന്‍, ഫോട്ടോഗ്രാഫിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ റ്റി.കെ അലിയാര്‍, മിമിക്രി ആര്‍ട്ടിസ്റ്റും, ഗായകനും, ശില്‍പിയുമായ ജൂനിയര്‍ കലാഭവന്‍ മണി കൃഷ്ണകുമാര്‍, ട്യൂഷന്‍ രംഗത്ത് 33 വര്‍ഷം പൂര്‍ത്തിയാക്കിയ അഷറഫ് സാര്‍ (അക്കാദമി), മജീഷ്യന്‍ അസീസ്, ഗാനരചയിതാവ് ഹംസ കുന്നത്തേരി, ഗായകരായ സക്കീര്‍, അന്‍വര്‍, റഫീഖ് ഗാനഭൂഷണം, സനൂപ് എന്നിവരെയാണ് വേദിയില്‍ ആദരിച്ചത്.സേവ്യര്‍ പുല്‍പ്പാട്ട്, ആദം അയ്യൂബ്, ഡോ. ജമീല്‍ അഹമ്മദ്, തനിമ സംസ്ഥാന നേതാക്കളായ ഡോ.ഹിക്മത്തുല്ല, സലീം കുരിക്കളകത്ത്, വി. അനീസുദ്ധീന്‍ അഹമ്മദ്, അന്‍സാര്‍ നെടുമ്പാശ്ശേരി, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ അസ്‌ലം എന്നിവരാണ് പൊന്നാടയണിയിച്ച് പ്രതിഭകളെ ആദരിച്ചത്.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ ബഷീര്‍ ആദരവ് ഏറ്റുവാങ്ങിയവരെ സദസിന് പരിചയപ്പെടുത്തി. തായിക്കാട്ടുകര മേഖലയിലെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലയുടെ പുരോഗതിക്ക് അടിത്തറ പാകിയ റ്റി.കെ. മുഹമ്മദ്, കെ.കെ. കുട്ടി, കുന്നത്തേരിയിലെ കലാ-കായിക രംഗത്ത് നേതൃത്വം നല്‍കിയിരുന്ന സൈനുദ്ദീന്‍ കുന്നത്തേരി, കോല്‍ക്കളി കലാകാരന്മാരായിരുന്ന കലാം എന്നിവരെ വേദിയില്‍ അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."