നാട്ടുനടപ്പ്
കൃഷി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നെല്‍കര്‍ഷകനായ അയാള്‍ വിശാലമായ പാടശേഖരം പാട്ടത്തിനെടുത്തു. അനുകൂലമായ കാലാവസ്ഥ അയാളെ ആവേശഭരിതനാക്കി. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അയാള്‍ക്ക് കൈത്താങ്ങായി. അധികം അലോസരങ്ങളൊന്നുമില്ലാതെ ലോണ്‍ പാസായി. ഉദയാസ്തമനങ്ങള്‍ പാടശേഖരത്തില്‍ അനുഭവിച്ചുതീര്‍ത്ത അയാളുടെ പ്രതീക്ഷകള്‍ക്കു പച്ചനിറം കൊടുത്ത് നെല്‍ച്ചെടികള്‍ ഇളംകാറ്റില്‍ തലയാട്ടി. നിനച്ചിരിക്കാതെ നെല്‍ച്ചെടികളേക്കാളും വേഗത്തില്‍ പ്രതികൂല കാലാവസ്ഥ വളര്‍ന്നുവളര്‍ന്നു വന്നു.
താമസംവിനാ നെല്‍ച്ചെടികള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ദിവസങ്ങള്‍ക്കുള്ളില്‍ നെല്‍ച്ചെടികളുടെ ചീഞ്ഞഗന്ധം കുമിളകളായി ജലപ്പരപ്പില്‍ വന്നു പൊട്ടി അന്തരീക്ഷത്തില്‍ ലയിച്ചു. അയാളെ അലോസരപ്പെടുത്തിക്കൊണ്ട് അനുദിനം വായ്പയും വളര്‍ന്നുകൊണ്ടിരുന്നു. (ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുമെന്നത് എത്ര ശരി).
വായ്പയുടെ വളര്‍ച്ചാ നിരക്കറിയിച്ചുകൊണ്ടുള്ള ബാങ്കുകാരുടെ കുറിപ്പടികള്‍ ഭാവഭേദമില്ലാതെ തപാല്‍ക്കാരനില്‍ നിന്നും കൈയൊപ്പിട്ട് അയാള്‍ കൈപ്പറ്റിക്കൊണ്ടിരുന്നു. വളര്‍ച്ചയുടെ പരമാവധിയില്‍ വായ്പ ജപ്തി ഉറപ്പാക്കി.
ഉറപ്പായ ജപ്തിക്കു മുന്നില്‍ അയാളുടെ തീരുമാനം ഉറച്ചതായിരുന്നു. പിറ്റേന്നു പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരുടെയും കാമറക്കാരുടെയും വഴികള്‍ അയാളുടെ വീട്ടിലേക്കായിരുന്നു. വൈകാതെ ചാനല്‍ കാമറകള്‍ വാ പിളര്‍ന്ന് അയാളുടെ വീടിനെ വിഴുങ്ങാന്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."