കോട്ടമല പാറമട: പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
പാലാ: കുറിഞ്ഞി മലകളിലെ കോട്ടമലയില്‍ പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ രാജിവച്ചു. പഞ്ചായത്തിന്റെ ചുമതലയുള്ള അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറി അജിത്തിനാണ് രാജിക്കത്ത് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ബൈജു ജോണ്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഭരണത്തിന് പിന്തുണ നല്‍കിയിരുന്ന കോണ്‍ഗ്രസ് ഏതാനും ദിവസം മുമ്പ് പിന്തുണ പിന്‍വലിച്ചിരുന്നു.
ബി.ജെ.പി അവിശ്വാസത്തിന് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. കുറിഞ്ഞി കോട്ടമലയില്‍ പാറമട അനുവദിക്കുന്നത് സംബന്ധിച്ച് പാറമട ലോബിയും പഞ്ചായത്തും തമ്മില്‍ വര്‍ഷങ്ങളായി കോടതിയില്‍ കേസ് നടക്കുകയാണ്. ഭരണസമിതി അറിയാതെയാണ് സെക്രട്ടറി ലൈസന്‍സ് നല്‍കിയതെന്നാണ് ബൈജു ജോണ്‍ പറയുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ അനുവാദത്തോടയാണ് ലൈസന്‍സ് നല്‍കിയതെന്ന് സമരസമിതിയും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.
പാറമട ലോബി നിര്‍ദിഷ്ട സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിനിടയില്‍ വന്‍കല്ല് താഴേയ്ക്ക് പതിച്ചിരുന്നു.ഭയചകിതരായ നാട്ടുകാര്‍ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുകയും പാലാ ആര്‍.ഡി.ഒയെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."