'കുരുക്കില്‍ കുടുങ്ങി വയനാടന്‍ യാത്ര '
വളഞ്ഞും പുളഞ്ഞും കിടക്കുന്ന നിരത്തുകള്‍..സ്ഥല പരിമിധി മൂലം വീര്‍പ്പുമുട്ടുന്ന ടൗണുകള്‍. തോന്നിയ പോലെയുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്..അമിത വേഗത, സൂചനാ ബോര്‍ഡുകള്‍ കണ്ടാലും മൈന്‍ഡ് ചെയ്യാത്ത ഡ്രൈവര്‍മാരുടെ നിസംഗത, നിയമ ലംഘനം കണ്ടാലും കണ്ണടക്കുന്ന പൊലിസ്, ഗതാഗത സംവിധാനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താതെ ഉറക്കം നടിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും ട്രാഫിക് പരിഷ്‌കരണ കമ്മിറ്റികളും..ജില്ലയിലെ ടൗണുകളിലെ നിരത്തുകളില്‍ മരണ വെപ്രാളത്തിലുള്ള രോഗിയെ കൊണ്ടുപോകുന്ന ആംബുലന്‍സിന് വരെ രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് ദിനവും അപകട വാര്‍ത്തകള്‍.. ഒന്നു ശ്രദ്ധിച്ചാല്‍ രക്ഷപ്പെടുന്നത് ഒരു ജീവനായിക്കും. അശാസ്ത്രീയ നിറഞ്ഞ ജില്ലയിലെ പ്രധാന ടൗണുകളിലെ ഗതാഗതം കാല്‍നട യാത്രക്കാര്‍ക്ക് ഉള്‍പെടെ ബാലികേറാ മലയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ നിത്യവും സഞ്ചരിക്കുന്ന ജില്ലാ ആസ്ഥാനത്തടക്കം ഇലക്ട്രോണിക് സിഗ്നല്‍ സംവിധാനങ്ങള്‍ ഇതുവരെ ഒരുക്കിയിട്ടില്ല. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങളാണ് ജില്ലയിലെ പ്രധാന ടൗണുകളിലെ നിരത്തുകളിലുള്ളത്. ഗതാഗതക്കുരുക്കിന് കാരണമാകുന്ന പ്രധാന വില്ലന്‍ അനധികൃത പാര്‍ക്കിങാണ്. തടസത്തിന് പുറമേ അപകടങ്ങള്‍ക്കും ഇതു വഴിവക്കുന്നു.
കീറാമുട്ടിയായി പനമരത്തെ ഗതാഗതം
പനമരം: കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ ഉള്‍പെടെ ദിനേനെ ആയിക്കണക്കിന് വാഹനങ്ങളെത്തുന്ന പനമരം. ഗതാഗതവും പാര്‍ക്കിങും ദുഷ്‌കരമായ പനമരം ടൗണില്‍ ഇത് നിയന്ത്രിക്കാനുള്ളത് ഒരൊറ്റ ഹോംഗാര്‍ഡ്. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയ പ്രതിഭാസമല്ല. വര്‍ഷങ്ങളായി ഇവിടിങ്ങനെയാണ്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതൊന്നും കാണാതെ ഉറക്കം നടിക്കുകയാണ്.
ആംബുലന്‍സ് ഗതാഗത കുരുക്കില്‍ പെടുന്നതും പനമരത്തെ നിത്യ കാഴ്ചയാണ്. സ്ഥല പരിമിധി മൂലം വീര്‍പ്പുമുട്ടുന്ന ബസ്സ്റ്റാന്‍ഡില്‍ 30ഓളം സ്വകാര്യ ബസുകളും അതിലേറെ കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് കയറിയിറങ്ങുന്നത്. കൂടാതെ പച്ചിലക്കാട്-കൂടോത്തുമ്മല്‍ വഴി മീനങ്ങാടിയിലേക്കും നീട്ടാടി വഴി പടിഞ്ഞാറത്തറയിലേക്കുമുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുകയും ചെയ്യുന്നു. ഇത്രയുമായാല്‍ പിന്നെ മാനന്തവാടിയില്‍ നിന്നും ബത്തേരിയിലേക്ക് പോകുന്ന ബസുകള്‍ക്ക് തിരിക്കണമെങ്കില്‍ പ്രധാന റോഡിലേക്ക് ഇറക്കണം. ഇതോടെ മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാനാകാതെ ടൗണ്‍ നിശ്ചലമാകും. ഇതിന് പരിഹാരമായി മുമ്പ് മാനന്തവാടിയില്‍ നിന്ന് ബത്തേരി, പുല്‍പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകള്‍ പുതിയ സ്റ്റാന്‍ഡില്‍ വരാതെ പഴയ സ്റ്റാന്‍ഡിലെ നടവയല്‍ ജങ്ഷനില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നു. എന്നാലിന്ന് ഗതാഗതക്കുരുക്കിന് പരിഹാരമായിരുന്ന ഈ സംവിധാനവും ഇല്ലാതായിരിക്കുകയാണ്.
ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട പഞ്ചായത്ത് അധികൃതരും ട്രാഫിക് പൊലിസും പരസ്പരം പഴിപറഞ്ഞ് തടിയൂരുകയാണ്. ഇതാണ് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കപ്പെടാത്തതിനുള്ള പ്രധാന കാരണം. ഓട്ടോറിക്ഷകളുടെ ആധിക്യമാണ് മറ്റൊരു പ്രശ്‌നം. 300 ഓട്ടോറിക്ഷകള്‍ക്കാണ് ടൗണിലെ വിവിധയിടങ്ങളിലായി പാര്‍ക്കിങിന് അനുമതിയുള്ളത്. എന്നാല്‍ 700ലധികം ഓട്ടോറിക്ഷകളാണ് പനമരത്ത് സര്‍വിസ് നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് നടത്തിയ ഗതാഗത പരിഷ്‌കരണത്തില്‍ ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗത്ത് ആറു ഓട്ടോകള്‍ക്ക് പാര്‍ക്കിങ് അനുമതി നല്‍കിയിരുന്നു. മറ്റുള്ളവ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ജങ്ഷനിലും മുസ്‌ലിം പള്ളി മുതല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ വരെയും പാര്‍ക്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
ഒരു ആഴ്ച മാത്രമാണ് ഈ നിര്‍ദേശം നടപ്പിലാക്കിയത്. നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടിയെടുക്കാത്തത് മറ്റുള്ളവരുടെ നിയമ ലംഘനത്തിനും വഴിയൊരുക്കി. അനധികൃത ഓട്ടോറിക്ഷാ സര്‍വിസുകള്‍ക്കെതിരേ സംയുക്ത ഓട്ടോ തൊഴിലാളികളുടെ ആവശ്യവും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഗതാഗത പ്രശ്‌നങ്ങളേറെയുണ്ടെങ്കിലും ടൗണില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ ഇതുവരെ പൊലിസ് തയാറായിട്ടില്ല. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്കടക്കം വിനയാകുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
'ബത്തേരിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്ക് ശീലമായി'
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ സുല്‍ത്താന്‍ ബത്തേരിയില്‍ ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്ക് ശീലമായിരിക്കുകയാണ്. കുരുക്കിലകപ്പെടാതെ രക്ഷപ്പെട്ടാല്‍ എന്തുപറ്റിയെന്ന അന്ധാളിപ്പിലാകും യാത്രക്കാര്‍. ഇടക്കിടെ നിശ്ചലമാകുന്ന നടപ്പാത നിര്‍മാണവും അനന്തമായി നീളുന്ന ബൈപ്പാസ് പദ്ധതിയും ബത്തേരിയുടെ നിരത്തുകളില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. നടപ്പാത നിര്‍മാണം രാഷ്ട്രീയ പാര്‍ട്ടികളുടെ തെരുവു യുദ്ധത്തിന് കാരണമായേക്കാമെങ്കിലും പ്രവൃത്തികളിപ്പോഴും നിശ്ചലമാണ്.
ഇതിനിടയിലാണ് റോഡിനിരുവശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിങ്. ടൗണിലെ ലിങ്ക് റോഡുകള്‍ക്ക് വീതിയില്ലാത്തതും ഗതാഗതം ദുഷ്‌കരമാക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബത്തേരി ടൗണിലെ ഗതാഗതകുരുക്ക്് പരിഹരിക്കുന്നതിനായി മിനിബൈപ്പാസ് നിര്‍മാണംആരംഭിച്ചെങ്കിലും എവിടെയും എത്തിയിട്ടില്ല. കൂടാതെ കഴിഞ്ഞ സര്‍ക്കാര്‍ ദേശീപാത ബൈപ്പാസ് നിര്‍മിക്കാന്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പാതയുടെ സാങ്കേതിക ജോലികള്‍ പുരോഗമിക്കുന്നേയുള്ളു. ബൈപ്പാസ് നിര്‍മാണം അനിശ്ചിതമായി നീളുന്നതിനു പുറമെ ടൗണിലെ നടപ്പാത നിര്‍മാണം ഒരുവര്‍ഷമായി ഇഴഞ്ഞു നീങ്ങുന്നതും ഗാതാഗതകുരുക്കിന് ആക്കംക്കൂട്ടുന്നുണ്ട്. പ്രവൃത്തി നടക്കാത്തതിന് പുറമേ നിലവില്‍ നിര്‍മാണ സാമഗ്രികള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. നടക്കാനിടമില്ലാതെ കാല്‍നടയാത്രക്കാര്‍ റോഡിനെ ആശ്രയിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. അരമണിക്കൂറിലേറെ സമയമെടുത്താണ് അസംപ്ഷന്‍ ജങ്ഷനില്‍ നിന്ന് വാഹനങ്ങള്‍ ചുങ്കത്ത് എത്തുന്നത്. സ്വകാര്യവാഹന പാര്‍ക്കിങ്ങിന് വേണ്ടത്ര സൗകര്യമില്ലാത്തത് ടൗണിലെത്തുന്ന വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങിന് വഴിയൊരുക്കുന്നുണ്ട്. ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പൊലിസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടികളുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. ഒച്ചിഴയും വേഗത്തിലുള്ള നടപ്പാത നിര്‍മാണം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാതെ അടിയന്തരമായി പൂര്‍ത്തിയാക്കി ദുഷ്‌കരമായ ഗതാഗതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
കുരുക്കഴിയാതെ മേപ്പാടി
മേപ്പാടി: ജില്ലയിലെ ആദ്യ സ്വകാര്യ മെഡിക്കല്‍ കോളജും അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉള്ള മേപ്പാടി ടൗണിലൂടെ ഒരു ദിവസം കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണമെടുത്താല്‍ പതിനായിരത്തോളം വരും.
ദിവസം 50ല്‍ അധികം തവണ ആംബുലന്‍സുകളും കടന്നു പോകുന്നുണ്ട്. പൊതുവെ വീതി കുറഞ്ഞ ടൗണാണ് മേപ്പാടി. വാഹന പെരുപ്പത്തിനനുസരിച്ച് ടൗണ്‍ വികസനമോ ട്രാഫിക് പരിഷ്‌കരണമോ നടന്നിട്ടില്ല. പലതവണ ട്രാഫിക് പരിഷ്‌കരിച്ചെങ്കിലും വിജയം കണ്ടില്ല. തലങ്ങും വിലങ്ങുമുള്ള വാഹന പാര്‍ക്കിങ്ങാണ് പ്രധാന വെല്ലുവിളിയായിട്ടുള്ളത്. 350ഓളം ഓട്ടോറിക്ഷകള്‍ മാത്രം ടൗണില്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇത്രയും ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്കിങ് സ്ഥലം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.
80 ഓളം ടാക്‌സി ജീപ്പുകളും ടൗണില്‍ സര്‍വിസ് നടത്തുന്നു. ഇരു ചക്ര വാഹനങ്ങള്‍ എവിടെയും നിര്‍ത്തിയിടുന്നതാണ് മറ്റൊരു പ്രശ്‌നം. മുസ്്‌ലിം പള്ളി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയാണ് പ്രധാനമായും വാഹന കുരുക്ക് അനുഭവപ്പെടുന്നത്. ചൂരല്‍മല ജംങ്ഷന്‍ ഉള്‍പ്പെടുന്ന ടൗണിന്റെ ഹൃദയ ഭാഗത്ത് വാഹന തിരക്ക് ഒഴിഞ്ഞ സമയമുണ്ടാവില്ല.
ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റാന്‍ സ്ഥലമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. പ്രധാന ജംങ്ഷനില്‍ ബസുകള്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോഴും വാഹനങ്ങള്‍ കുരുക്കില്‍പെടുകയാണ്. ട്രാഫിക് അഡൈ്വസറി കമ്മിറ്റിയാണ് ഏറ്റവും ഒടുവില്‍ മൂന്ന് മാസം മുമ്പ് ട്രാഫിക് പരിഷ്‌കരിച്ചത്. എന്നാല്‍ ദിവസങ്ങല്‍കുള്ളില്‍ തന്നെ ഇത് വീണ്ടും താളം തെറ്റി.
ബസ് സ്റ്റാന്‍ഡിലെ മറ്റു വാഹനങ്ങളുടെ പാര്‍ക്കിങ് മാത്രമാണ് കുറച്ചെങ്കിലും തടയാന്‍ കഴിഞ്ഞത്. ഇരു ചക്ര വാഹനങ്ങള്‍ പാര്‍ക്കിങ്ങിനായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കംഫര്‍ട്ട് സ്റ്റേഷന് സമീപം സൗകര്യമൊരുക്കുമെന്ന ഗ്രാമപഞ്ചായത്തിന്റെ ഉറപ്പ് നടപ്പിലായിട്ടില്ല. പ്രദേശത്തെ കാട് വെട്ടി നീക്കി സൗകര്യമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ടൗണില്‍ വാഹന പാര്‍ക്കിങിന് ഇനിയും സ്ഥലം കണ്ടെത്തേണ്ടതുണ്ട്.
ടൗണിനോട് ചേര്‍ന്ന് തേയില തോട്ടങ്ങളായതിനാല്‍ ടൗണ്‍ വികസനം നടക്കുന്നില്ല. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെയും പൂത്തകൊല്ലിയുടെയും തോട്ടങ്ങളാണ് കൂടുതല്‍. തോട്ടഭൂമി ടൗണ്‍ വികസനത്തിനായി ഏറ്റെടുക്കാനുള്ള ഒരുക്കം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. എന്തായാലും മേപ്പാടി ടൗണിലെ ഗതാഗത കുരുക്ക് അഴിയാക്കുരുക്കായി തന്നെ മാറിയിരിക്കുകയാണ്.
നോ പാര്‍ക്കിങിന് മീനങ്ങാടിയില്‍ പുല്ലുവില
മീനങ്ങാടി: ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്. ഇതിനിടയില്‍ ട്രാഫിക് ഡ്യൂട്ടിക്ക് വിടാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ദേശീയപാത കടന്നുപോകുന്ന മീനങ്ങാടി ടൗണിലെ കുരുക്കഴിക്കണമെങ്കില്‍ കാര്യങ്ങള്‍ എളുപ്പമല്ല.
നോ പാര്‍ക്കിങ് ഏരിയയിലെ അനധികൃത പാര്‍ക്കിങാണ് ടൗണിലെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം.
ഇത്രയും കാലം പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു പൊലിസ് തലയൂരിയിരുന്നത്. എന്നാല്‍ പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചതോടെ ജീവനക്കാരുടെ അഭാവം പൊലിസ് കാരണമാക്കുകയാണെന്നാണ് ആരോപണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും ഇത്അനുസരിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന മട്ടിലാണ് കാര്യങ്ങള്‍.
മീനങ്ങാടിയില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഇതിന് തെളിവാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മീനങ്ങാടിയിലെ ഗതാഗത കുരുക്കില്‍ അകപ്പെടുന്ന വാഹനങ്ങളും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചെറുതല്ല. ആംബുലന്‍സ് ഉള്‍പ്പടെ ഈ ഗതാഗത കുരുക്കില്‍ പെടുന്നത് പതിവ് കാഴ്ചയാണ്. ഇതിനിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സാഹചര്യം വേറെ.
കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ ഇടമില്ലാത്ത തരത്തിലാണ് ടൗണിലെ അനധികൃത പാര്‍ക്കിങ്. റോഡിലേക്ക് കയറ്റിനിര്‍ത്തിയുള്ള പാര്‍ക്കിങ് കാരണം മണിക്കൂറുകളോളമാണ് ടൗണില്‍ ഗതാഗത തടസമുണ്ടാകുന്നത്. മുമ്പ് ജില്ലക്ക് തന്നെ മാതൃകയായിരുന്ന മീനങ്ങാടി ടൗണിലെ ട്രാഫിക്ക് സംവിധാനം ഇപ്പോള്‍ ബന്ധപ്പെട്ടവരുടെ നിരുത്തരവാദപരമായ ഇടപെടലുകാരണം കുത്തഴിഞ്ഞ് കിടക്കുകയാണ്.
നിയമം പാലിക്കാത്തവരെ മാതൃകാപരമായി ശിക്ഷിച്ചും നിയമങ്ങള്‍ സംബന്ധിച്ച് ബോധവല്‍കരണം നടത്തിയും ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലിസിനെ നിയോഗിച്ചും ഗതാഗതക്കുരുക്കഴിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പേരിന് പോലും പാര്‍ക്കിങ്ങില്ലാതെ തലപ്പുഴ
തലപ്പുഴ: അന്‍പതോളം ടാക്‌സി ജീപ്പുകള്‍, അതിന്റെ ഇരട്ടിയോളം ഓട്ടോറിക്ഷകള്‍, കണ്ണൂര്‍, തലശ്ശേരി, വാളാട്, ഇരിട്ടി, ആലാറ്റില്‍ എന്നീ ഭാഗങ്ങളിലേക്കായി തലപ്പുഴ വഴി നൂറു കണക്കിന് ബസുകള്‍, സ്വകാര്യ വാഹനങ്ങളും വിനോദ യാത്രാ വാഹനങ്ങള്‍ വേറെയും. ഏകദേശം നൂറുമീറ്റര്‍ മാത്രം നീളത്തിലുള്ള തലപ്പുഴ ടൗണില്‍ പേരിന് പോലും ഇതുവരെ പാര്‍ക്കിങ് സംവിധാനങ്ങളൊരുക്കിയിട്ടില്ല.
തോന്നിയ പടിക്കാണ് ഇവിടെ കാര്യങ്ങള്‍. നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ടൗണില്‍ ഒരു ബസ് വെയ്റ്റിങ് ഷെഡ് പോലുമില്ലാത്തത് മോക്ഷമില്ലാത്ത ശാപമായി തുടരുകയാണ്. ആകെയുള്ള നാമമാത്ര ബസ് കാത്തിരിപ്പ് കേന്ദ്രം പലപ്പോഴും യാത്രക്കാരെ കാഴ്ചക്കാരാക്കി തെരുവുനായകളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്.
ഇതോടെ വെയ്റ്റിങ് ഷെഡിനടുത്ത് നിര്‍ത്തുന്ന ബസുകളെ മറ്റു വാഹനങ്ങള്‍ മറികടക്കുമ്പോള്‍ അപകടസാധ്യതയും വര്‍ധിക്കുകയാണ്. വ്യാപാരികള്‍ക്കടക്കം ദുരിതമായാണ് ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ്. സ്റ്റാന്‍ഡില്‍ ഉള്‍കൊള്ളാവുന്നതിലും അധികമുള്ള ഓട്ടോറിക്ഷകളും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ടാക്‌സി സ്റ്റാന്‍ഡ് ടൗണില്‍ നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റുക എന്നതാണ് ടൗണിലെ ഗതാഗതം സുഗമമാക്കാനുള്ള ആദ്യഘട്ട നടപടി.
മുമ്പ് കെ.എസ്.ഇ.ബി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേക്ക് ജീപ്പ് സ്റ്റാന്‍ഡും തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സമീപത്തേക്ക് ഓട്ടോ സ്റ്റാന്‍ഡും മാറ്റി സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകും. നിലവിലെ ബസ് വെയ്റ്റിങ് ഷെഡ് പൂര്‍ണമായി ഒഴിവാക്കി കനറാ ബാങ്കിന് മുന്നില്‍ മാനന്തവാടി ഭാഗത്തേക്കും മാര്‍ക്കറ്റ് റോഡിനു സമീപത്തായി തലശ്ശേരി ഭാഗത്തേക്കുമുള്ള യാത്രക്കാര്‍ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രവും നിര്‍മിച്ചാല്‍ നൂറുകണക്കിന് യാത്രക്കാരുടെ ദുരിതമൊഴിയും.
ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും ഇത്തരം ആസൂത്രണങ്ങള്‍ തലപ്പുഴയുടെ നിരത്തുകളെ അപകട രഹിതമാക്കും.
മാനന്തവാടിയില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലവും കൊണ്ട് വരണം
മാനന്തവാടി: മാനന്തവാടിയില്‍ വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ സ്ഥലവും കൊണ്ട് വരേണ്ട ഗതികേടിലാണ് വാഹന ഉടമകള്‍. ജില്ലയിലെ ഏറ്റവും പ്രധാന നഗരമായ മാനന്തവാടി പട്ടണത്തിന്റെ വര്‍ഷങ്ങളായുള്ള ശാപമായി മാറിയിരിക്കുകയാണ് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമില്ല എന്നുള്ളത്. വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കണമെന്ന കര്‍ശന നിയമം നിലവിലുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ പ്ലാന്‍ നല്‍കുമ്പോള്‍ പാര്‍ക്കിങ് എരിയ കൃത്യമായി രേഖപ്പെടുത്തി നിര്‍മാണത്തിന് അനുമതി വാങ്ങുകയും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ പാര്‍ക്കിങ് എരിയയായി രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ കടമുറികളായും കച്ചവട സാധനങ്ങള്‍ ഇറക്കി വെക്കുകയും ചെയ്യുകയാണ്. ഇത് വാഹന പാര്‍ക്കിങ്ങിനെ സാരമായി ബാധിക്കുകയാണ്. ഇതിനെതിരെ നഗരസഭയും റവന്യൂ വകുപ്പും നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെങ്കിലും പൂര്‍ണ അര്‍ഥത്തില്‍ വിജയിച്ചു എന്ന് പറയാന്‍ കഴിയില്ല.
'കല്‍പ്പറ്റയിലെത്തുന്നവര്‍ കുരുങ്ങിപ്പോകും'
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ ട്രാഫിക് കുരുക്കിന്റെ നാടാകുന്നു. മിക്ക ദിവസങ്ങളിലും നഗരം വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ആനപ്പാലം ജംങ്ഷന്‍ മുതല്‍ പുതിയ സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ബൈപ്പാസ് ഉണ്ടായിട്ടും നഗരത്തിലെ തിരക്കൊഴിവാക്കാന്‍ പൊലിസ് അധികൃതര്‍ പാടുപെടുകയാണ് പലപ്പോഴും. ആംബുലന്‍സുകള്‍ അടക്കം ഇത്തരം കുരുക്കില്‍ പെട്ടുപോകുന്നതും പതിവാണ്. പിണങ്ങോട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് അശാസ്ത്രീയമായാണ്. റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കേണ്ട ലൈറ്റ് ഒരുഭാഗത്തേക്ക് ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്.
ഇതുകൊണ്ട് തന്നെ പിണങ്ങോട് റോഡില്‍ നിന്നെത്തുന്ന വലിയ വാഹനങ്ങള്‍ മെയിന്റോഡിലേക്ക് തിരിഞ്ഞുകയറാന്‍ പ്രയാസം നേരിടുകയാണ്. ഇത്തരത്തില്‍ വലിയ വാഹനങ്ങള്‍ ഇതുവഴി വരുന്നതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് നിത്യസംഭവവുമായി മാറുകയാണ്.
പഴയ സ്റ്റാന്‍ഡിന് സമീപത്തും ആനപ്പാലം ജംഗഷ്‌നിലും ഇതുതന്നെയാണ് അവസ്ഥ. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഗതാഗതം താറുമാറായി അമ്പലവയല്‍
അമ്പലവയല്‍: അമ്പലവയല്‍ ടൗണില്‍ ഹെറിറ്റേജ് മ്യൂസിയം മുതല്‍ ചുള്ളിയോട് റോഡിലെ അമ്പലവയല്‍ ബസ്സ്സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളിലാണ് ട്രാഫിക്ക് സംവിധാനം താറുമാറായിരിക്കുന്നത്. ഇവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്ക ബോര്‍ഡുകളും കാലപ്പഴക്കം കൊണ്ട് സിഗ്‌നലുകള്‍ വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങള്‍ക്കും, ലൈറ്റ് വെയ്റ്റ് വാഹനങ്ങള്‍ക്കുമായി പ്രത്യേക പാര്‍ക്കിങ് ഏരിയകളുണ്ടെങ്കിലും ഇവിടമെല്ലാം ഓട്ടോ, ടാക്‌സി വാഹനങ്ങമുള്‍പ്പടെ നിര്‍ത്തിയിടുന്ന സാഹചര്യമാണ്. നോ പാര്‍ക്കിങ് ഏരിയകളില്‍ വരെ ഇപ്പോള്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ചുള്ളിയോട് റോഡിലുള്ള ബസ് സ്റ്റാന്‍ഡില്‍ നിന്നും റോഡിലേക്കിറങ്ങുന്ന ബസുകള്‍ക്ക് റോഡിന്റെ ഇരുവശത്തുമുള്ള പാര്‍ക്കിങ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ബസ് റോഡില്‍ നിന്നും സ്റ്റാന്‍ഡിലേക്ക് കയറി ഇറങ്ങുന്നതിന് തടസ്സമാവുകയാണ് ഈ അനധികൃത പാര്‍ക്കിങ്ങുകള്‍. എന്നാല്‍ ടൗണില്‍ റോഡ് വീതികൂടിയ സ്ഥലങ്ങളില്‍ വാഹനഗതാഗതം സുഗമമായി നടക്കുന്നുമുണ്ട്. നാളെ കൂടുന്ന ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാന പ്രകാരം വേണ്ട നടപടിയുണ്ടാവുമെന്ന് അമ്പലവയല്‍ സബ്ഇന്‍സ്‌പെക്ടര്‍ ജെയിംസ് പിന്റോ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."