നിയമപാലന വഴി
ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ലിഖിതമായ നിയമമോ നിയമ വാഴ്ചയോ ഉണ്ടായിരുന്നില്ല. ഗോത്രത്തലവന്മാരും പ്രഭുക്കന്മാരും ഭൂപ്രദേശ-കാര്‍ഷിക സംരക്ഷണത്തിനായി ജോലിക്കാരെ കൊണ്ടുനടന്നിരുന്നു. ഇവരുടെ മുഖ്യജോലി പൊതുജനങ്ങളെ ഭയപ്പെടുത്തി പ്രഭുക്കന്മാരുടെ അധികാരം ഊട്ടിയുറപ്പിക്കുകയെന്നതായിരുന്നു. രാജഭരണം വന്നതോടെ പട്ടാളവും യുദ്ധവും വന്നു. രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് രാജഭടന്മാര്‍ നാട്ടിലെ കുറ്റവാളികളെ ശിക്ഷിക്കാനും തുടങ്ങി.
മുഗള്‍ ഭരണ കാലത്താണ് ഇന്ത്യയിലെ പൊലിസ് സംവിധാനത്തിന് കൃത്യമായൊരു രൂപ രേഖയുണ്ടായത്. രാജഭരണത്തിന്റെ അവസാനത്തോടെ വൈദേശികാധിപത്യവും ഇന്നത്തെ പൊലിസിന്റെ മുന്‍ഗാമികളും നമ്മുടെ നാട്ടിലെത്തി. പക്ഷേ സാധാരണക്കാരന് പൊലിസിന്റെ സഹായം ലഭിക്കാതെയായി. ഇന്ത്യ സ്വാതന്ത്യം നേടിയതോടെ രാജ്യത്തിനു സ്വന്തമായി പൊലിസ് സേനയുണ്ടായി. അവര്‍ നാടിന്റെ ക്രമസമാധാനപാലനം ഏറ്റെടുക്കുകയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തു.
പൊലിസ് ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ?. കുറ്റവാളികളെ പിടികൂടാനോ ശിക്ഷിക്കാനോ കൃത്യമായ സംവിധാനമോ നിയമമോ ഇല്ലാത്ത അവസ്ഥയെക്കുറിച്ച്... കുറ്റവാളികളുടെ പേടി സ്വപ്നമായ നിയമപാലകരെ കുറിച്ച് കൂടുതല്‍ അറിയാം.
വാക്കിന്റെ വരവ്
പൊളിറ്റിയ എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് പൊലിസ് എന്ന വാക്കിന്റെ വരവ്. ലണ്ടനിലെ ഹോം സെക്രട്ടറിയായിരുന്ന റോബര്‍ട്ട് പീലാണ് ഈവാക്ക് സൃഷ്ടിച്ചത്. പൊളിറ്റിയ എന്ന വാക്കിന്റെ അര്‍ഥം ഭരണകൂടം എന്നാണ്.
അഴിമതിപ്പൊലിസ്
ആദ്യകാലത്ത് പൊലിസ് സേനയുടെ രൂപീകരണത്തോടെതന്നെ സേനയ്ക്കിടയില്‍ അഴിമതി വളര്‍ന്നിരുന്നു. ഇതിന് മുഖ്യ കാരണം പൊലിസിന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല എന്നതായിരുന്നു. ഇംഗ്ലണ്ടിലെ വാച്ച് ആന്‍ഡ് വാര്‍ഡ്, ഇന്നത്തെ ഹൈവേ പൊലിസിന്റെ മുന്‍ഗാമികളായിരുന്ന ഹൈവേ മെന്‍, ബോ സ്ട്രീറ്റ് റണ്ണേഴ്‌സ് തുടങ്ങിയ ഓരോ സംഘവും മുന്‍ഗാമികളായ പൊലിസ് സേനയുടെ അഴിമതി കൊണ്ട് രൂപീകൃതമായതായിരുന്നു.
പൊലിസ്് സേന
1829 ല്‍ റോബര്‍ട്ട് പീല്‍ രൂപീകരിച്ച മെട്രോ പൊളിറ്റന്‍ പൊലിസ് സംഘമാണ് ലോകത്തെ ആദ്യത്തെ വേതനം നിശ്ചയിച്ച പൊലിസ്.
ബ്ലാക്ക് ക്യാറ്റ്
1989 ല്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആക്റ്റ് പ്രകാരമാണ് ഇന്ത്യയില്‍ ബ്ലാക്ക് ക്യാറ്റ് സേന രൂപീകൃതമായത്. ചാരനിറത്തിലുള്ള യൂണിഫോമായിരുന്നു ഇവരുടെ വേഷം. ഭീകരപ്രവര്‍ത്തനം തടയാനും വിശിഷ്ട വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനുമായിരുന്നു ഇവരെ നിയമിച്ചിരുന്നത്.
ഇന്റര്‍പോള്‍
ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ പൊലിസ് ഓര്‍ഗനേസേഷന്‍ എന്നതാണ് ഇന്റര്‍പോളിന്റെ പൂര്‍ണരൂപം. ഒരു രാജ്യത്തുനിന്നു കുറ്റം ചെയ്ത് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുറ്റവാളികളെ പിടികൂടാനാണ് ഇന്റര്‍പോള്‍ രൂപീകരിച്ചത്.
1923 ലാണ് ഇന്റര്‍പോളിന്റെ രൂപീകരണം. വിയന്നയാണ് ആസ്ഥാനം.
പൊലിസ് യൂനിഫോം
യൂനിഫോം കണ്ടാല്‍ പൊലിസുകാരെ തിരിച്ചറിയാനാകുമല്ലോ. ലോകത്തുള്ള പൊലിസുകാര്‍ക്കെല്ലാം ഒരേ യൂനിഫോമല്ല. കാക്കി വസ്ത്രമാണ് നമ്മുടെ പൊലിസിന്റെ ഔദ്യോഗിക യൂനിഫോം. എന്നാല്‍ നക്ഷത്ര ചിഹ്നത്തിലും തൊപ്പിയിലും ബെല്‍ട്ടിലുമെല്ലാം റാങ്ക് കൂടുന്നതിനുസരിച്ച് മാറ്റം കാണും.
കേരള പൊലിസ്
ഇരയിമ്മന്‍ തമ്പിയുടെ സഹോദരനായ ഉമ്മിണി തമ്പിയാണ് കേരളത്തില്‍ പൊലിസ് സേനയുടെ ആദ്യ പതിപ്പ് രൂപീകരിച്ചത്. കാവല്‍ എന്നതായിരുന്നു തിരുവിതാംകൂറില്‍ രൂപീകരിച്ച പൊലിസ് സേനയുടെ പേര്. എന്നാല്‍ യൂനിഫോമോ പൊലിസ് എന്ന പേരോ ഇവര്‍ക്കുണ്ടായിരുന്നില്ല. കേണല്‍ മണ്‍റോയാണ് വിപുലീകരമായ പൊലിസ് സേനയുടെ രൂപീകരണത്തിന് തുടക്കംകുറിച്ചത്. 1956 ല്‍ സംസ്ഥാന രൂപീകരണത്തോടെയാണ് ഇന്നത്തെ കേരള പൊലിസിന്റെ തുടക്കം.
കേരള പൊലിസിലെ
ഉദ്യോഗസ്ഥ പദവികള്‍
ഡി.ജി.പി
(ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ്)
സംസ്ഥാന പൊലിസിന്റെ മേധാവിയാണ് ഡി.ജി.പി.
എ.ഡി.ജി.പി
(അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ് )
ഡി.ജി.പിയുടെ തൊട്ടുതാഴെയയുള്ള റാങ്കാണ് ഇവര്‍ക്ക്. വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, സൈബര്‍ സെല്‍ തുടങ്ങിയ വിഭാഗത്തിന്റെ ചുമതലകള്‍ ഡി.ജി.പി, എ.ഡി.ജി.പി റാങ്കില്‍പ്പെട്ടവര്‍ക്കായിരിക്കും നല്‍കുക.
ഐ.ജി.
(ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ്)
ക്രൈം ബ്രാഞ്ച്, ആന്റി പൈറസി സെല്‍ തുടങ്ങിയ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ചുമതല നിര്‍വഹിക്കുന്നവരായിരിക്കും ഇവര്‍. എ.ഡി.ജി.പിക്കു തൊട്ട് താഴെയാണ് ഇവരുടെ റാങ്ക്.
ഡി.ഐ.ജി.
(ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ്്)
പൊലിസ് ആസ്ഥാനത്തെ മേധാവിയാണ് ഡി.ഐ.ജി. വിവിധ പൊലിസ് വിഭാഗത്തിന്റെ ചുമതല നിര്‍വഹിക്കുന്നയാളായിരിക്കും ഡി.ഐ.ജി.
എസ്.പി
(സൂപ്രണ്ട് ഓഫ് പൊലിസ്്)
ഒരു ജില്ലയുടെ പൊലിസ് മേധാവിയാണ് എസ്.പി
സിറ്റി പൊലിസ് കമ്മീഷണര്‍
ഒരു കോര്‍പറേഷന്റെ പൊലിസ് മേധാവിയാണിത്. കോര്‍പ്പറേഷന്റെ പരിധിക്കു വെളിയില്‍ വരുന്ന പ്രദേശങ്ങളുടെ ചുമതല റൂറല്‍ എസ്. പിക്കായിരിക്കും
എ.എസ്.പി
(അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലിസ്)
എസ്.പി.യുടെ തൊട്ടു താഴെയാണ് ഈ റാങ്ക് . ഐ.പി.എസുകാരെ ആദ്യമായി നിയമിക്കുന്നത് ഈ പോസ്റ്റിലായിരിക്കും.
ഡിവൈ.എസ്.പി
( ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ്്)
പൊലിസ് സബ് ഡിവിഷനിലെ പൊലിസ് മേധാവിയാണ് ഡിവൈ.എസ്.പി. എസ്പി യുടെ കീഴിലുള്ള ക്രൈം ബ്രാഞ്ച്,നാര്‍ക്കോട്ടിക് സെല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവയിലും ഓരോ ഡിവൈ.എസ്.പിമാര്‍ കാണും.
ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് ഒരു സര്‍ക്കിളിലെ മേധാവിയാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. 2011 ലെ കേരള പൊലിസ് ആക്ട് പ്രകാരം ഈ പേരില്‍ മാറ്റം വന്ന് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് എന്നാക്കിയിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ ഓഫ്
പൊലിസ്
(എസ്.ഐ)
ഒരു സ്റ്റേഷന്‍ പരിധിയിലെ പൊലിസ് മേധാവിയാണ് എസ്.ഐ.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍
ഓഫ് പൊലിസ്
(എ.എസ്.ഐ)
എസ്.ഐയുടെ അഭാവത്തില്‍ സ്റ്റേഷന്‍ ചുമതല നിര്‍വഹിക്കേണ്ടത് എ.എസ്.ഐയാണ്. ആദ്യകാലത്ത് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നാണ് ഈ തസ്തികയുടെ പേര്. എസ്.ഐക്കു തൊട്ടു താഴെയാണ് ഇവരുടെ റാങ്ക്
സിവില്‍ പൊലിസ് ഓഫിസര്‍
ആദ്യകാലത്ത് കോണ്‍സ്റ്റബിള്‍ എന്നാണ് ഈ വിഭാഗം അറിയപ്പെട്ടിരുന്നത്. സീനിയര്‍ സിവില്‍ പൊലിസ് ഓഫീസറുടെ തൊട്ടു താഴെയാണ് സിവില്‍ പൊലിസ് ഓഫീസറുടെ റാങ്ക്.
പുരാതന പൊലിസ്
വേദഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തിലും കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലും പൊലിസിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
ഫൗജ് ദാര്‍
മുഗള്‍ ഭരണകാലത്ത് ഇന്ത്യയിലെ പൊലിസ് സേനയുടെ ജില്ലാ തലവനായിരുന്നു ഫൗജ് ദാര്‍. ഇതിനു തൊട്ടുതാഴെയുള്ള തലവനാണ് കൊത്തുവാള്‍. ബ്രിട്ടീഷ് ഭരണാരംഭത്തോടെ ഫൗജ് ദാറിന് തിരശ്ശീല വീണു
കുട്ടിപ്പൊലിസ്
വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമൂഹ്യ പ്രതിബദ്ധത, ക്രമസമാധാന പരിപാലനം, ആഭ്യന്തര സുരക്ഷ എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ രൂപീകരിച്ച സേനയാണിത്.
കേരളത്തിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്.
ഉപവിഭാഗങ്ങള്‍
കേരള പൊലിസില്‍ ഇരുപതോളം ഉപവിഭാഗങ്ങളുണ്ട്. അവയില്‍ ചില വിഭാഗങ്ങളെക്കുറിച്ച് വായിക്കൂ
ക്രൈം ബ്രാഞ്ച്
ഹൈക്കോടതി, സ്‌റ്റേറ്റ് ഗവണ്‍മെന്റ്, പൊലിസ് ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവര്‍ നിര്‍ദ്ദേശിക്കുന്ന കേസുകളും കള്ളനോട്ടുകള്‍, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളുമാണ് ഇവരുടെ പരിധിയില്‍ വരുന്നത്.
സ്‌പെഷ്യല്‍ ബ്രാഞ്ച്
വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും സാമുദായിക സംഘടനകളുടേയും പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കലും വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം, ഭീകര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അന്വേഷണം നടത്തലുമാണ് ഇവരുടെ ജോലി.
ട്രാഫിക്
പൊലിസ്
സംസ്ഥാനത്തെ റോഡുകളില്‍ വാഹന ഗതാഗതം നിയന്ത്രിക്കുക, നിയമം നടപ്പിലാക്കുക , വാഹനാപകട കേസുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് ട്രാഫിക് പൊലിസിന്റെ ജോലി.
സ്റ്റേറ്റ് റെയില്‍വേ
പൊലിസ്
കേരളത്തിലെ റെയില്‍വേ സംബന്ധമായ ജോലി നിര്‍വഹിക്കുന്നവരാണ് റെയില്‍ വേ പൊലിസ്. റെയില്‍വേ കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റ് റെയില്‍വേ പൊലിസിന്റെ ഭാഗമാണ് കേരള റെയില്‍വേ പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."