അനില്‍ അക്കര നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് സി.പി.എം
വടക്കാഞ്ചേരി: അനില്‍ അക്കര എം.എല്‍.എ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയും സി.പി.എം പ്രതിഷേധം. നഗരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും, പൊതുസമ്മേളനവും നടന്നു.
അന്വേഷണത്തിലിരിക്കുന്ന കേസിന്റെ പേരിലാണ് എം.എല്‍.എ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്നെന്ന് പറയുന്ന കേസില്‍ യുവതിയുടെ മൊഴിയില്‍ ഒട്ടേറെ ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഹര്‍ത്താലിന്റെ മറവില്‍ പോലും അക്രമങ്ങള്‍ അഴിച്ച് വിടുകയാണ്. പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സി.ഐയേയും, എസ്.ഐയേയും ആക്രമിച്ചു. ഇതിലൊന്നും എം.എല്‍.എക്ക് വേദനയുമില്ല. ജനങ്ങളെ ദുരിതത്തിലാഴ്ത്തി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി റിമാന്റ് ചെയ്തതാണ്. ഇവരെ മെഡിക്കല്‍ കോളജിലെ തന്നെ ജയില്‍ വാര്‍ഡിലേക്ക് മാറ്റുന്നത് തടസപ്പെടുത്തിയ എം.എല്‍.എ എന്ത് നീതിയാണ് നാട്ടില്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
ഓട്ടുപാറയില്‍ നടന്ന പ്രതിഷേധ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി പി.എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. എന്‍.കെ പ്രമോദ് കുമാര്‍, കെ.എം മൊയ്തു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."