ഏഴു വര്‍ഷം മുന്‍പ് തയ്യാറാക്കിയ ബി.പി.എല്‍ ലിസ്റ്റ് വെളിച്ചം കണ്ടില്ലെന്ന് ആക്ഷേപം
ഈരാറ്റുപേട്ട: പുതിയ റേഷന്‍ കാര്‍ഡ് കരട് പട്ടികയിലെ അപാകതകള്‍ തീര്‍ക്കാന്‍ കാര്‍ഡുടമകള്‍ നെട്ടോട്ടം ഓടുമ്പോഴും ഏഴു വര്‍ഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന തയ്യാറാക്കിയ ബി.പി.എല്‍ ലിസ്റ്റ് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
പഞ്ചായത്തുകളിലും നഗരസഭകളിലും ഏറെ കൊട്ടിഘോഷിച്ചാണ് ബി.പി.എല്‍ ലിസ്റ്റ് തയ്യാറാക്കിയത്. എന്നാല്‍ പിന്നീട് ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ ഈ ലിസ്റ്റ് കൂടി പരിഗണിച്ചിരുന്നെങ്കില്‍ ഇത്രയധികം പേര്‍ കരട് പട്ടികയില്‍ നിന്നു പുറത്താവില്ലായിരുന്നുവെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ ആകെയുള്ള 4.84 ലക്ഷം റേഷന്‍ കാര്‍ഡുകളിലായി 19.53 ലക്ഷം ഗുണഭോക്താക്കളാണ് ഉള്ളത്.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ബി.പി.എല്‍ ലിസ്റ്റ് പരിഗണിക്കണമെന്നും ബി.പി.എല്‍ കാര്‍ഡിനു പകരമുള്ള പ്രയോറിറ്റി കാര്‍ഡിനായി പുതിയ അപേക്ഷ നല്‍കേണ്ടി വരില്ല എന്നുമായിരുന്നു അന്ന് അധികൃതരുടെ വിശദീകരണം. ബി.പി.എല്‍ കാര്‍ഡ് എന്ന ആവശ്യവുമായി കലക്ടറേറ്റുകളിലും സപ്ലൈ ഓഫിസുകളിലും നിരവധിപേര്‍ എത്തിയതോടെ 2009 സെപ്തംബറില്‍ അന്നത്തെ കലക്ടര്‍ ആണ് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിച്ച് പുതിയ ബി.പി.എല്‍ ലിസ്റ്റ് തയ്യാറാക്കാന്‍ ഉത്തരവിട്ടത്. ഇതുവഴി അനര്‍ഹരെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതു പ്രകാരം പഞ്ചായത്ത്, മുനിസിപ്പല്‍ അധ്യക്ഷന്മാര്‍, സെക്രട്ടറി, പി.ഇ.ഒ, വില്ലേജ് ഓഫിസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, സി.ഡി.എസ് പ്രസിഡന്റ് എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്രീനിങ് കമ്മിറ്റിയുണ്ടാക്കി ഓരോ വാര്‍ഡുകളിലും പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചു. ചിലയിടങ്ങളില്‍ ഗ്രാമസഭ ചേര്‍ന്നാണ് അര്‍ഹരെ കണ്ടെത്തിയത്. ഗ്രാമസഭകളുടെയും ഭരണ സമിതികളുടെയും അംഗീകാരത്തിനു ശേഷം 2011 ഫെബ്രുവരിയില്‍ ബി.പി.എല്‍ ലിസ്റ്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്കും ദാരിദ്ര ലഘുകരണ വിഭാഗത്തിനും കൈമാറിയത്.
സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ലിസ്റ്റ് കലക്ടര്‍ക്ക് സമര്‍പ്പിച്ചു. അന്ന് തുടക്കത്തില്‍ പല പഞ്ചായത്തുകളിലും പദ്ധതി മെല്ലെപ്പോക്കു തുടര്‍ന്നപ്പോള്‍ കലക്ടര്‍ ഇടപെട്ടാണു ലിസ്റ്റ് രൂപീകരണ പ്രവര്‍ത്തനം വേഗത്തിലാക്കിയത്. ജനപ്രതിനിധികളുടേയും ജീവനക്കാരുടെയും ഒരു വര്‍ഷത്തെ നീണ്ട പരിശ്രമശേഷമാണ് ബി.പി.എല്‍ പട്ടിക രൂപീകരിക്കാനായത്.
ലിസ്റ്റിന്റെ അംഗീകാരത്തിനു ശേഷം ജില്ലാ സപ്ലൈ ഓഫിസര്‍ ബി.പി.എല്‍ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നാണു കലക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന കണ്ടെത്തിയ ബി.പി.എല്‍ ലിസ്റ്റ് പരിഗണിച്ചു പോലുമില്ല. ഇത്് സാധാരണ കാര്‍ഡുടമകള്‍ക്കു കിട്ടിയ തിരിച്ചടിയാണെന്ന് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."