മേളയുടെ പേരില്‍ കുട്ടികളില്‍ നിന്ന് പണപ്പിരിവു വേണ്ട; അധ്യാപകരേയും ഉദ്യോഗസ്ഥരെയും കുരുക്കി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്
മലപ്പുറം: ഒന്നിനു പിറകെ ഒന്നായി സ്‌കൂള്‍ മേളകള്‍ നടക്കാനിരിക്കേ അധ്യാപകരേയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും കുരുക്കി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കലോത്സവ നടത്തിപ്പിന്റെ പേരില്‍ എല്‍.പി, യു.പി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്ന് യാതൊരുവിധ പണപ്പിരിവും പാടില്ലെന്നറിയിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കേരള വിദ്യാഭ്യാസ അവകാശനിയമവും സംസ്ഥാന ബാലവകാശ കമ്മീഷനും ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളില്‍ നിന്ന് യാതൊരു പണപ്പിരിവും പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
2011 മുതല്‍ ബാലവകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും കര്‍ശനമായിരുന്നില്ല. 2017 ജനുവരിയില്‍ കണ്ണൂരില്‍ വച്ചാണ് സംസ്ഥന സ്‌കൂള്‍ കലോത്സവം നടക്കുന്നത്. ഇതിനു മുന്നോടിയായി സ്‌കൂള്‍തലം, സബ് ജില്ലാതലം, ജില്ലാതല മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സബ്ജില്ലാതല കലോത്സവം നവംബര്‍ 30 നകവും ജില്ലാതല മത്സരങ്ങള്‍ ജനുവരി പത്തിനകവും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷം മേളകളുടെ നടത്തിപ്പിനായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും പത്തുരൂപ എന്ന തോതില്‍ വിദ്യാഭ്യാസ വകുപ്പ് പിരിവെടുത്തിരുന്നു. തീരുമാനം കര്‍ശനമാക്കിയതോടെ ഈ വര്‍ഷം ഇതുവേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
ജില്ലാ തല മത്സരങ്ങളുടെ നടത്തിപ്പിനായി കഴിഞ്ഞ തവണ യു.പി വിഭാഗം കുട്ടികളില്‍ നിന്ന് അഞ്ചും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് എട്ടും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് 20 രൂപയും പിരിച്ചിരുന്നു. സ്‌കൂള്‍, സബ്ജില്ല മേളകള്‍ക്ക് ഇതിനേക്കാള്‍ തുകയും പിരിക്കാറുണ്ട്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് ഇത്തവണ യാതൊരു തരത്തിലുള്ള പിരിവും നടക്കില്ല. പകരം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്ന് പത്തുരൂപ ക്രമത്തില്‍ മാത്രം പിരിക്കാന്‍ പാടുള്ളുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തുടര്‍ന്ന് ആവശ്യമായി വരുന്ന മുഴുവന്‍ തുകയും സബ്ജില്ലാ തലത്തില്‍ ചേരുന്ന വിദ്യാഭ്യാസ ഓഫിസര്‍മാര്‍, അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികള്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിരിവെടുക്കുന്ന തുകയ്ക്ക് കൃത്യമായ രസീത് നല്‍കുകയും വേണം.
ജില്ലാ തലത്തില്‍ ആവശ്യമായി വരുന്ന തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കാനുള്ള ചുമതല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കാണ്. അതേസമയം സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ ഒമ്പത്,പത്ത് ക്ലാസുകളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസിനൊപ്പം സ്വരൂപിക്കുന്ന ഫെസ്റ്റിവല്‍ ഫണ്ടിനത്തിലെ രണ്ടു രൂപയും സംഭാവനയായി അഞ്ചുരൂപയും സ്വരൂപിച്ച് ഏഴുരൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തില്‍നിന്ന് യാതൊരു സഹായവും ലഭിക്കില്ലെന്നും വിദ്യാര്‍ഥികളില്‍ നിന്ന് പിരിവെടുക്കരുതെന്നുമുള്ള നിര്‍ദേശം മേളകളുടെ നിറംകെടുത്തുമെന്നാണ് ആശങ്ക. അതേസമയം പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന തലത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ പൊതുഫണ്ടുകള്‍ മേളകളുടെ നടത്തിപ്പിനായി ലഭ്യമാക്കാനുള്ള ആലോചനയുണ്ട്. ഇതുകൂടാതെ സബ്ജില്ല, ജില്ലാതല മത്സരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിശ്ചിത തുക വകയിരുത്താനും മുതിര്‍ന്ന കുട്ടികളില്‍ നിന്ന് കൂടുതല്‍ പണം പിരിക്കാനും ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."