ബഹിരാകാശത്തു നിന്ന് രണ്ടു വോട്ട്
വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ട് യു.എസ് ഗഗനസഞ്ചാരികള്‍ വോട്ട് ചെയ്തത് ബഹിരാകാശത്ത് നിന്ന്. നാസയുടെ സഞ്ചാരികളായ ഷെയ്ന് കിബ്രോഹും കെയ്റ്റ് റൂബിന്സുമാണ് ഇവര്‍. പൊതുതെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ ആദ്യ വോട്ടായാണ് ഷെയ്ന് കിബ്രോഹിന്റെ വോട്ട് രേഖപ്പെടുത്തപ്പെട്ടത്. മറ്റൊരു സഞ്ചാരി കെയ്റ്റ് അടുത്തയാഴ്ച ഭൂമിയിലേക്ക് മടങ്ങാനിരിക്കുന്നതിനു മുന്‍പാണ് വോട്ട് ചെയ്തത്. ഇരുവരും അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലാണ് കഴിയുന്നത്. വോട്ട് വൈല് യു ഫ്ളോട്ട് എന്ന ആശയത്തിലാണ് ഇവര്‍ ബഹിരാകാശത്തു നിന്ന് വോട്ട് ചെയ്തതെന്ന് നാസ പറഞ്ഞു.
ഹൂസ്റ്റണിലെ മിഷന് കണ്ട്രോള് സെന്ററില്‍ നിന്നും അയച്ച ഇലക്ട്രോണിക് ബാലറ്റിലാണ് യാത്രികന് വോട്ട് രേഖപ്പെടുത്തിയത്. ഇതിനുശേഷം ബാലറ്റ് ഇ-മെയില്‍ വഴി തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് അയച്ചു കൊടുത്തു. ആറ് മാസം മുന്‍പ് തന്നെ യാത്രികന് വോട്ട് രേഖപ്പെടുത്താനുള്ള രേഖകള്‍ ഇലക്ഷന് കമ്മിഷന് അനുവദിച്ചിരുന്നു.
രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം സിയൂസ് റോക്കറ്റില്‍ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് കിംബ്രോഹ് ബഹിരാകാശ നിലയത്തിലെത്തിയത്. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലുമാസം കിംബ്രോഹ് ബഹിരാകാശത്ത് കഴിയും. 1997 ലാണ് അമേരിക്കന്‍ ബഹിരാകാശയാത്രികര്‍ക്ക് അവിടെ നിന്ന് വോട്ട് ചെയ്യാനുള്ള ബില്‍ പാസായത്. ഹൂസ്റ്റണ്‍ സ്വദേശികളായ രണ്ടു സഞ്ചാരികള്‍ അന്ന് വോട്ട് ചെയ്തു. ഡേവിഡ് വോള്‍ഫ് എന്ന ശാസ്ത്രജ്ഞനാണ് ബഹിരാകാശത്ത് നിന്ന് ആദ്യമായി വോട്ട് ചെയ്യുന്ന അമേരിക്കന്‍ പൗരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."