ഇ.സി.ജി. (ഇലക്ട്രോ കാര്‍ഡിയോ ഗ്രാഫ്)
ഹൃദയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിദ്യുത് സിഗ്നലുകള്‍ അളന്ന് രേഖപ്പെടുത്താനുപയോഗിക്കുന്നതാണ് ഇ.സി.ജി. ഹൃദയ സംബന്ധമായ സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ച് ഇവ മുന്നറിയിപ്പുകള്‍ നല്‍കുന്നു. പത്തോളം ഇലക്ട്രോഡുകളുപയോഗപ്പെടുത്തിയാണ് ഇ.സി.ജി രേഖപ്പെടുത്തുന്നത്. ഹൃദയഭാഗത്തെ ശരീര ഉപരിതലത്തിലെ ഇലക്ട്രോഡുകള്‍ തമ്മിലുള്ള സൂക്ഷ്മമായ വോള്‍ട്ടേജ് വ്യതിയാനം തരംഗരൂപത്തിലാക്കി കടലാസിലോ സ്‌ക്രീനിലോ രേഖപ്പെടുത്തുകയാണ് ഇ.സി.ജിയില്‍ ചെയ്യുന്നത്. സെക്കന്റില്‍ 25 മില്ലിമീറ്റര്‍ വേഗതയിലാണ് ഇ.സി.ജി പേപ്പറിന്റെ വേഗത. ഓപ്പറേഷനുകള്‍ക്ക് മുമ്പും അനസ്‌തേഷ്യവേളകളിലും ഇ.സി.ജി.അത്യാവശ്യമാണ്.
ആദ്യത്തെ ഇ.സി.ജി
ഐന്തോവന്‍ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ഇ.സി.ജിയെക്കുറിച്ച് പരാമര്‍ശിച്ചത്.1917 ല്‍ ഹെറിക് എന്ന ഗവേഷകനാണ് ആദ്യത്തെ ഹൃദയാഘാത ഇ.സി.ജി രേഖപ്പെടുത്തിയത്.
പി.ക്യൂ.ആര്‍.എസ്.ടി
ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഇ.സി.ജി. ഇവ ഹൃദയത്തിന്റെ പേശികളുടെ കനം, വലുപ്പം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്നു.സാധാരണ ഇ.സി.ജിയില്‍ കാണപ്പെടുന്ന മൂന്ന് തരംഗമാണ് പി,ക്യൂ.ആര്‍.എസ്,ടി.
പി എന്നാല്‍ ഏട്രിയത്തിന്റെ വൈദ്യുത തരംഗത്തെ സൂചിപ്പിക്കുന്നു. വെന്‍ട്രിക്കിളിന്റെ തരംഗമാണ് ക്യൂ.ആര്‍.എസ്. ഇനിയുള്ളത് ടി.ആണ്. ഇവ വെന്‍ട്രിക്കിളുകളിലെ തരംഗങ്ങളുടെ പിന്‍വാങ്ങലോടെ രൂപപ്പെടുന്നവയാണ്. എസ്.ടി ഘടകത്തിന്റെ ഉയര്‍ച്ചതാഴ്ച്ച ഹൃദയാഘാത സമയത്ത് സംഭവിക്കുന്നു. ടി.യുടെ ദിശാവ്യതിയാനവും ഹൃദയാഘാത സൂചനയായി കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."