പത്താം ക്ലാസുകാരന് സഹപാഠികള്‍ വീട് വൈദ്യുതീകരിച്ചു നല്കി
കാളികാവ്: മെഴുക്തിരി വെളിച്ചത്തില്‍ പഠനം നടത്തിയ പത്താം ക്ലാസുകാരന് നീലാഞ്ചേരി ഹൈസ്കൂള്‍ കുട്ടികള്‍ വീട് വൈദ്യുതീകരിച്ചു നല്കി. പത്താംതരം വിദ്യാര്‍ത്ഥിയായ ഷിബിന്‍ സഹപാഠികളാണ് വീട് വൈദ്യുതീകരിച്ചു നല്‍കിയത്. പഠന മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയിലൂടെയും മാതൃകയാവുകയാണ് നീലാഞ്ചേരി ഗവ.ഹൈസ്കൂള്‍ വിദ്യര്‍ഥികള്‍.
വിദ്യാലയത്തിലെ കുട്ടികളുടെ ഭൗതിക സാഹചര്യം പഠനം നടത്തി നിര്‍ധനരെ സഹായിക്കാനാണ് വിദ്യാര്‍ഥികള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്നത്. ആദ്യ പടിയായി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ പരിശോധിച്ച് ഭൗതീക സാഹചര്യങ്ങള്‍ പഠനം നടത്തുകയാണ് ചെയ്തിട്ടുള്ളത്. പരിശോധനക്കിടയിലാണ് വൈദ്യുതീകരിക്കാത്തതും പണിതീരാത്തതുമായ വീട്ടില്‍ താമസിക്കുന്ന ഷിബിന്റെ സ്ഥിതി കുട്ടികളെ വേദനിപ്പിച്ചത്. അധ്വാനഭാരം പേറി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ഷിബിന്റെ കുടുംബത്തിന് വീടുപണി പൂര്‍ത്തീകരിക്കാനോ വീട് വൈദ്യുതീകരിക്കാനോ നാളിതുവരെ സാധിച്ചിട്ടില്ല. മുമ്പ് മണ്ണെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കാമായിരുന്നെങ്കിലും റേഷന്‍ മണ്ണെണ്ണ ഘട്ടം ഘട്ടമായി വെട്ടിക്കുറക്കുക കൂടി ചെയ്തതോടെ ഷിബിന്‍ മെഴുകുതിരി ആശ്രയിച്ചാണ് പഠനം നടത്തുന്നത്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെയാണ് ഷിബിന്റെ വീട് വൈദ്യുതീകരിക്കുന്ന പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. ദുരിതക്കുടിലില്‍ വെളിച്ചമെത്തിയപ്പോള്‍ പ്രകാശം തെളിഞ്ഞത് ഷിബിന്റെ മുഖത്താണ്. വൈദ്യുതീകരണ ഉദ്ഘാടന കര്‍മ്മം പ്രധാന അധ്യാപകന് വി.ഷരീഫ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി.യൂസുഫ്, അധ്യാപകരായ ജെ. ജയശങ്കര്‍, പി.പി.ബിജു, പി സി.വിജീഷ്, മോളി ജേക്കബ്, ശ്രീജിത്ത് ,നിഷാന്ത്, പി.റഹ്മത്, ഷിജിന്, ടി.എച്ച് കാസിം എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."