രണ്ടായിരത്തിന്റെ ഒറ്റ നോട്ടില്‍ വിനിമയ പ്രതിസന്ധി; ചില്ലറയില്ലാതെ ജനജീവിതം ദുസ്സഹമാകുന്നു
മഞ്ചേരി: ഇന്നലെ മുതല്‍ ബാങ്കുകളില്‍ നിന്നും പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ ലഭിച്ചുതുടങ്ങിയെങ്കിലും ഇതുമായി കടകളിലെത്തിയാല്‍ ചില്ലറ തിരികെ നല്‍കാനില്ലാത്തത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടായിരത്തിന്റെ ഒറ്റനോട്ടുകൊണ്ട് സാധാരണ വിനിമയങ്ങള്‍ ദുസ്സഹമാണന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
ചില്ലറ പ്രതിസന്ധി വ്യാപകമായതോടെ നഗരങ്ങളിലേയും നാട്ടിന്‍പുറങ്ങളിലേയും ജനജീവിതം കൂടുതല്‍ ദുരിതത്തിലായിട്ടുണ്ട്. ചില്ലറകള്‍ക്കായി ഇന്നലെ മിക്ക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നോട്ടുകള്‍ മാറുന്നതിനായി ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ തന്നെ കാണാമയിരുന്നു. ഉച്ചയോടെ തന്നെ ബാങ്കുകളിലെ ചില്ലറ സ്‌റ്റോക്കുകള്‍ തീര്‍ന്നത് മൂലം പലരും നിരാശയോടെ മടങ്ങി.പുതിയ രണ്ടായിരം നോട്ടുകള്‍ ലഭിച്ചവര്‍ ഇടപാടുകള്‍ നടത്താനാവാതെയും കുഴങ്ങി.
മഞ്ചേരിയിലെ പ്രമുഖ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപാരം മന്ദഗതിയിലാണ്. ചില്ലറ ക്ഷാമം രൂക്ഷമായതാണ് കച്ചവടം കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. പലചരക്കു കടകളില്‍ സാധാരണ പോലെ തിരക്കുണ്ടായില്ല. രാവിലെ ഒന്‍പതോടെ സജീവമാകാറുണ്ടായിരുന്ന പച്ചക്കറി മാര്‍ക്കറ്റുകളിലും കച്ചവടം കുറഞ്ഞാണു അനുഭവപ്പെട്ടത്. മഞ്ചേരിയില്‍ നിന്നും പച്ചക്കറികള്‍ക്കായി അന്യസംസ്ഥാനങ്ങളിലെത്തിയ പലര്‍ക്കും ചില്ലറ ഇല്ലാത്ത കാരണത്താല്‍ ബസില്‍ യാത്ര നിഷേധിച്ചതായും വ്യാപാരികള്‍ പറഞ്ഞു.
മത്സ്യമാര്‍ക്കറ്റ്, ചിക്കന്‍ -ബീഫ് കടകള്‍ എന്നിവിടങ്ങളിലും സ്ഥിതി ഇതുതന്നെയായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരില്‍ പലരും കടം പറഞ്ഞു പച്ചക്കറികള്‍ വാങ്ങി. ചരക്കുകള്‍ എടുക്കുന്നവര്‍ക്കു ചില്ലറ തിരികെ നല്‍കാനില്ലാത്തതാണ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ചില്ലറ പ്രശ്‌നം രൂക്ഷമായിരുന്നിട്ടും ആവശ്യകാര്‍ക്കു കടം പറഞ്ഞു സാധനങ്ങള്‍ നല്‍കാന്‍ വ്യാപാരികള്‍ തയാറായത് സാധാരണ ജനങ്ങള്‍ക്കു ആശ്വാസമായി. നഗരത്തിലെ മിക്ക കടകള്‍ക്കു മുന്നിലും ആയിരം, അഞ്ഞൂറ് നോട്ടുകള്‍ എടുക്കുന്നതല്ല എന്ന നോട്ടീസ് പതിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസ് സര്‍സീസുകളേയും ചില്ലറക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബസുകളില്‍ യാത്രക്കാര്‍ കുറവാണന്ന് ബസ് തൊഴിലാളികളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."