അതിരപ്പിള്ളിയില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷം
തൃശൂര്‍: അതിരപ്പിള്ളിയിലെ ജൈവവൈവിധ്യത്തെ തകര്‍ക്കുന്ന ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ ഒരു കാരണവശാലും പ്രതിപക്ഷം കൂട്ടുനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിരപ്പിള്ളിയിലെ ആദിവാസി സമൂഹത്തിനൊപ്പമാണ് യു.ഡി.എഫെന്നും അദ്ദേഹം പറഞ്ഞു. വാഴച്ചാലില്‍ യു.ഡി.എഫ് അതിരപ്പിള്ളി നയ പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നാണ് വൈദ്യുതി മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. സമവായത്തിന് യു.ഡി.എഫിലെ ഒരു കക്ഷിയും തയാറല്ലാത്ത സാഹചര്യത്തില്‍ സമവായത്തിന്റെ സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്.
അതിരപ്പിള്ളി പദ്ധതിയോട് അനുകൂലമായ നിലപാടായിരുന്നു തനിക്ക് മുന്‍പുണ്ടായിരുന്നതെങ്കിലും ഇക്കഴിഞ്ഞ ജൂണില്‍ അതിരപ്പിള്ളിയിലെത്തി തദ്ദേശവാസികളുമായി സംസാരിച്ചതോടെ തന്റെ ധാരണകള്‍ മാറി. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ തയാറാക്കിയ റിപ്പോര്‍ട്ട് യു.ഡി.എഫ് യോഗത്തില്‍ സമര്‍പ്പിച്ചു.
വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് അതിരപ്പിള്ളി പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന നിലപാടിലേക്ക് യു.ഡി.എഫ് ഐകകണ്‌ഠ്യേന എത്തിച്ചേര്‍ന്നത്. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന ഭൂമി കൈമാറണമെന്നാവശ്യപ്പെട്ട് ഊര്‍ജവകുപ്പ് സെക്രട്ടറി വനം മന്ത്രിക്കും സെക്രട്ടറിക്കും കത്ത് നല്‍കിയത് വൈദ്യുതിമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച മന്ത്രി ഈ വിഷയത്തില്‍ വ്യക്തത വരുത്തണം.
മന്ത്രി അറിയാതെയാണ് വകുപ്പ് സെക്രട്ടറി കത്തെഴുതിയതെങ്കില്‍ അത് പിന്‍വലിപ്പിക്കാന്‍ അദ്ദേഹം തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതിരപ്പിള്ളി ചാലക്കുടിക്കാരുടെ മാത്രം പ്രശ്‌നമല്ല.
അതിരപ്പിള്ളിയെ സംരക്ഷിക്കാനുള്ള തദ്ദേശവാസികളുടെ സമരത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താനുമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
യു.ഡി.എഫ് ചാലക്കുടി നിയോജകമണ്ഡലം ചെയര്‍മാന്‍ എബി ജോര്‍ജ് അധ്യക്ഷനായി. മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹിമാന്‍കുട്ടി, കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ജവഹര്‍ ബാലജനവേദി സംസ്ഥാന ചെയര്‍മാന്‍ ജി.വി ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."