ഓട്ടോറിക്ഷകള്‍ക്കും എയര്‍ബാഗ്
പയ്യന്നൂര്‍: റോഡില്‍ പൊലിയുന്ന ജീവനുകള്‍ സംരക്ഷിക്കാന്‍ നൂതന വിദ്യകളുമായാണ് മിക്ക വിദ്യാര്‍ഥികളും എത്തിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള സെന്‍സര്‍ സിസ്റ്റം, ഓട്ടോമാറ്റിക് ഡിം ലൈറ്റ്, അപകടത്തില്‍ നിന്നു ഓട്ടോറിക്ഷകളെ സംരക്ഷിക്കാനുള്ള കണ്ടുപിടുത്തം തുടങ്ങിയവ ഇതില്‍പെടും. ചൊക്ലി രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജോഹിന്‍ കൃഷ്ണയും കെ.ടി.കെ മഹേശ്വറും ചേര്‍ന്നാണ് മദ്യപാനികളായ ഡ്രൈവര്‍മാരെ പിടികൂടാനുള്ള സെന്‍സര്‍ സിസ്റ്റം പരിചയപ്പെടുത്തിയത്. മദ്യപിച്ച് വാഹനത്തില്‍ കയറിയാല്‍ സെന്‍സര്‍ വഴി മൊബൈലില്‍ സന്ദേശമെത്തുന്നതാണ് രീതി. വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയാണ് ആര്.ടി.ഒ, പൊലിസ് എന്നിവര്‍ക്ക് സന്ദേശമെത്തുക. പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കുമ്പോള്‍ ഈ സംവിധാനം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഡിംലൈറ്റ് സംവിധാനവും സോളാര്‍ ഹീറ്റ് എക്സ്ഹോസ്റ്ററുമുള്ള സ്മാര്‍ട്ട് കാറുകളെ അവതരിപ്പിച്ചത് വെളിമാനം സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അബിന്‍ മാത്യുവും ജിയോ ബെന്നുമാണ്. രാത്രികാലങ്ങലില്‍ എതിരേ വരുന്ന വാഹനങ്ങളുടെ ലൈറ്റ് തെളിയുമ്പോള്‍ എല്‍.ഡി.ആര് സംവിധാനം ഘടിപ്പിച്ച വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഡിംലൈറ്റ് പ്രവര്‍ത്തിക്കും. ഓട്ടോറിക്ഷകള്‍ക്കും എയര്‍ ബാഗ് മോഡല്‍ സുരക്ഷയൊരുക്കി ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍ വിഭാഗത്തില്‍ കുട്ടികളെത്തി. ഓട്ടോയുടെ മുന്നില്‍ ഇരുഭാഗത്തും പ്രത്യേകം ഘടിപ്പിക്കുന്ന നീളമുള്ള പമ്പുകളില്‍ വാഹനം ഇടിക്കുമ്പോള്‍ എയര്‍ ബാഗ് പ്രവര്‍ത്തിച്ച് യാത്രക്കാരെയും ഡ്രൈവറേയും രക്ഷപ്പെടുത്തുന്നതാണ് രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."