മൂന്നാം ദിവസവും നെട്ടോട്ടമോടി പൊതുജനം
കാസര്‍കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ അസാധുവായപ്പോള്‍ പണം കൈമാറ്റം ചെയ്യാന്‍ മൂന്നാം നാളും ബാങ്കിനു മുന്നിലെത്തിയ പൊതുജനത്തിനു നേരിടേണ്ടി വന്നത് ഇരട്ടി ദുരിതം. രാവിലെ മുതല്‍ എ.ടി.എം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അറിയിപ്പു ലഭിച്ചു കൗണ്ടറിനു മുന്നിലെത്തിയ ഇടപാടുകാര്‍ക്കു നിരാശരായി തിരിച്ചുപോവേണ്ടി വന്നു.
എ.ടി.എം തുറക്കാന്‍ ആര്‍.ബി.ഐയുടെ അറിയിപ്പു ലഭിച്ചില്ലെന്നാണു ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ബാങ്കുകളില്‍ ഇന്നലെ പണം ലഭിച്ചവരെ ഇനി നല്‍കില്ലെന്ന് അറിയിച്ചു പറഞ്ഞു വിട്ടുവെന്നും പരാതിയുണ്ട്. അടുത്ത ആഴ്ചമാത്രമേ പണം നല്‍കുകയുള്ളൂവെന്നാണു ബാങ്കിലെ ജീവനക്കാര്‍ അറിയിച്ചത്.
അതേസമയം ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കു പണം കൈമാറാന്‍ സൗകര്യം അനുവദിക്കുമെന്നു പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഒരു ദേശസാല്‍കൃത ബാങ്ക് അധികൃതര്‍ അറിയിച്ചു. പുതിയ അക്കൗണ്ട് തുടങ്ങാനായി ബാങ്കിനു പുറത്തു കൗണ്ടറും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ബാങ്കില്‍ ഇന്നു പണമെത്തിച്ചില്ലെന്നും പരാതിയുണ്ട്.
കാസര്‍കോട്ടെ ചില ബാങ്കുകളില്‍ മറ്റു ഇടപാടു നടത്താന്‍ അധികൃതര്‍ അുവദിച്ചില്ലെന്നാണു മറ്റൊരു പരാതി. കറന്‍സി കൈമാറ്റത്തിനു ശേഷം മാത്രമേ നിക്ഷേപ ഇടപാടു നടക്കുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതരസംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്കു പണമയക്കേണ്ടവരാണ് ഇതോടെ ദുരിതത്തിലായത്.
ഇടപാടുകാരുടെ ബാഹുല്യത്തെ തുടര്‍ന്നു കാസര്‍കോട് നഗരത്തിലെ ബാങ്ക് റോഡിലെ ഗതാഗതം നിശ്ചലമായി. 15 ഓളം ബാങ്കുകളാണ് ഇവിടെയുള്ളത്. രാവിലെ മുതല്‍ തന്നെ സ്ത്രീകടക്കമുള്ളവര്‍ ബാങ്കുകളില്‍ എത്തിയിരുന്നു.
പത്തുമണിയോടെ റോഡ് സ്തംഭിച്ചു വാഹനങ്ങള്‍ കുരുക്കിലായി.
11 ലക്ഷത്തോളം ദിവസ കലക്ഷനുണ്ടായിരുന്ന ബിവറേജ് ഔട്ട്‌ലറ്റുകളില്‍ ആദ്യദിവസം ആറും രണ്ടാം ദിവസം എട്ടും ലക്ഷത്തിന്റെ വിറ്റുവരവാണ് ഉണ്ടായത്.
എല്ലാ ബാങ്കുകളിലും നീണ്ട നിരതന്നെയാണു രൂപപ്പെട്ടത്. ടോക്കണ്‍ നല്‍കിയാണ് ഇടപാടുകാര്‍ക്ക് 2000 രൂപയുടെ രണ്ടു കറന്‍സി നല്‍കുന്നത്.
നോട്ടുകള്‍ മാറ്റാന്‍ എത്തിയവരെ പുറത്തു നിര്‍ത്തി മാനേജര്‍ ഗ്രില്‍സു പൂട്ടിയെന്ന് ആക്ഷേപം
ചെറുവത്തൂര്‍ : നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്കുകള്‍ അധിക സമയം പ്രവര്‍ത്തിക്കുമെന്ന നിര്‍ദേശം കാറ്റില്‍ പറത്തി ചെറുവത്തൂര്‍ വിജയബാങ്ക്. 3.30 നു ശേഷം ഇടപാടുകള്‍ ഇല്ലെന്നു പറഞ്ഞു ബാങ്ക് മാനേജര്‍ ജനങ്ങളെ പുറത്തു നിര്‍ത്തി ഗ്രില്‍സ് പൂട്ടുകയായിരുന്നുവെന്നാണ് പരാതി. തിരക്കു കണക്കിലെടുത്ത് ഇന്നലെയും ഇന്നും രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ വൈകുന്നേരവും ആളുകള്‍ എത്തിയത്.
അധികസമയം പ്രവര്‍ത്തിക്കണമെന്ന ഒരു നിര്‍ദേശവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു ബാങ്ക് അധികൃതര്‍ പറഞ്ഞു. ചെറുവത്തൂരിലെ മറ്റു ബാങ്കുകള്‍ക്കു മുന്നിലെല്ലാം പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂ കാണാമായിരുന്നു. രാത്രിയിലും ഇവിടങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടന്നപ്പോഴാണ് വിജയബാങ്ക് അധികൃതര്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. പണമുണ്ട്. പക്ഷെ, രാവിലെ 10 നും വൈകിട്ട് 3.30 ഇടയില്‍ മാത്രമേ ഇടപാട് നടത്താനാകൂ എന്നു മാനേജര്‍ തറപ്പിച്ചു പറഞ്ഞതോടെ ജനങ്ങള്‍ പ്രതിഷേധിച്ചു.
ചെറുവത്തൂരിലെ മറ്റു ബാങ്കുകള്‍ക്കു മുന്നില്‍ നാലു മണിക്കൂര്‍ വരെ കാത്തുനിന്നാണ് ജനങ്ങള്‍ നോട്ടുകള്‍ മാറ്റിയത്. ഇന്നലെ എ.ടി.എമ്മുകളില്‍ പണം എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ചെറുവത്തൂരില്‍ ഒരു എ.ടി.എമ്മില്‍ മാത്രമാണു കുറച്ചെങ്കിലും പണം നിക്ഷേപിച്ചത്.
ചെറുവത്തൂര്‍ വിജയബാങ്ക് അധികൃതരുടെ നിലപാടിനെതിരേ ഇന്നു ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനങ്ങള്‍.
ബില്ലടക്കാന്‍ പുതിയ നോട്ടില്ല, കാന്‍സര്‍ രോഗിയെ ആശുപത്രിയില്‍ തടഞ്ഞുവച്ചു
ഉപ്പള: ബില്ലടക്കാന്‍ പുതിയ നോട്ടില്ലാത്തതിനാല്‍ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയെ അഞ്ചു മണിക്കൂറോളം തടഞ്ഞു വച്ചതായി പരാതി. ഉപ്പള അമ്പാര്‍ സ്വദേശിയെയാണു കഴിഞ്ഞ ദിവസം മംഗളുരു ആശുപത്രിയില്‍ തടഞ്ഞത്. സംഭവം അറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടു ചെക്കു നല്‍കിയ ശേഷമാണു ഇയാളെ വിട്ടയച്ചത്. കാന്‍സര്‍ രോഗിയായ ഇയാളെ പത്തു ദിവസം മുന്‍പു വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണു ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി അധികൃതര്‍ 56,000 രൂപയുടെ ബില്‍ നല്‍കിയിരുന്നു. എന്നാല്‍, നിരോധിച്ച 500, 1000 നോട്ടുകളുമായി ഇയാളുടെ ബന്ധുക്കള്‍ ബില്ലടക്കാന്‍ ചെന്നെങ്കിലും അധികൃതര്‍ സ്വീകരിക്കാന്‍ തയാറായില്ല. ശേഷം ബില്‍ തുക അടക്കാതെ ആശുപത്രി വിട്ടു പോകാന്‍ സാധ്യമല്ലെന്നറിയിച്ച് അധികൃതര്‍ തടഞ്ഞു വെയ്ക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
തുടര്‍ന്നു സാമൂഹ്യ പ്രവര്‍ത്തകനായ മഞ്ചേശ്വരം പൊസാട്ട് സ്വദേശി ഫര്‍ഹാസ് 56,000 രൂപയുടെ ചെക്കു നല്‍കി പ്രശ്‌നം പരിഹരിച്ചു
മലയോരത്തെ പല ബാങ്കുകളിലും തുകയെത്തിയില്ല
കുന്നുംകൈ: മലയോരത്തെ ഒട്ടുമിക്ക ബാങ്കുകളിലും തുക ലഭ്യമല്ലാത്തതിനാല്‍ ജനം നെട്ടോട്ടമോടുന്നു. ജനങ്ങള്‍ ഏറെ ബന്ധപ്പെടുന്ന സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കുമെങ്കിലും പകരം കറന്‍സി നല്‍കാത്തതിനാല്‍ വിഷമത്തിലായി. അഭൂതപൂര്‍വമായ ആള്‍ത്തിരക്കായിരുന്നു ബാങ്കുകള്‍ക്കു മുന്നില്‍. മലയോരത്തെ ചെറുതും വലുതുമായ ബാങ്കുകളിലൊക്കെ പഴയ 500, 1000 രൂപ നോട്ടുകള്‍ മാറിവാങ്ങാനും അക്കൗണ്ടില്‍ നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും ജനം ഒഴുകിയെത്തിയതോടെ മിക്ക ബാങ്കുകളിലും രാവിലെ മുതല്‍ വൈകിട്ടു വരെ നിന്നു തിരിയാനിടമില്ലാത്ത തിരക്കായിരുന്നു.
രാവിലെ എട്ടിനു തന്നെ ബാങ്കുകളുടെ മുമ്പില്‍ ക്യൂ രൂപപ്പെട്ടിരുന്നു. രാവിലെ നിന്നവര്‍ക്ക് ഉച്ചയോടെ മൂവായിരം രൂപ മാത്രമാണ് നല്‍കുന്നത്. ഉച്ചക്കു ശേഷം എത്തുന്നവര്‍ക്കു പണം നല്‍കുന്നുമില്ല. പല ബാങ്കുകളിലും ഉച്ചയോടെ പണം തീരുകയും നിരവധി ആളുകള്‍ നിരാശയോടെ മടങ്ങുകയുമായിരുന്നു
ബാങ്കുകള്‍ക്കു മുന്നില്‍ ഇന്നും നാളെയും ഡി.വൈ.എഫ്.ഐ ധര്‍ണ നടത്തും
കാസര്‍കോട്: കറന്‍സി നിരോധിച്ചതിന്റെ പേരില്‍ ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ദേശസാല്‍കൃത ബാങ്കുകള്‍ക്കു മുമ്പില്‍ ഡി.വൈ.എഫ്.ഐ ധര്‍ണ നടത്തും.
1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിരിക്കുകയാണ്. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന തീരുമാനം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍, പണം ജനങ്ങളുടെ കൈയിലെത്തുന്നതിനാവശ്യമായ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
ബാങ്കുകള്‍ക്കു മുമ്പില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായം ഒരുക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങുമെന്നും ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു.
ബാങ്കുകളിലെ തിരക്കിനിടേ കവര്‍ച്ച പെരുകുന്നു
കുമ്പള: പണം നിക്ഷേപിക്കാനായി ബാങ്കിലെത്തുന്നവരെ കബളിപ്പിച്ചു പണം കവരുന്ന സംഘം സജീവമായി. കഴിഞ്ഞ ദിവസം കാസര്‍കോട്ട് വീട്ടമ്മയുടെ പണം ബാങ്കില്‍ നിന്നു കവര്‍ന്നതിനു പിന്നാലെ ഇന്നലെ ഉളുവാര്‍ സ്വദേശിയുടെ 62,000 രൂപയും കവര്‍ന്നു. ഊജാര്‍ ഉളുവാറിലെ മുഹമ്മദ് കുഞ്ഞി ഫക്രുദ്ധീന്റെ പണമാണു നഷ്ടപ്പെട്ടത്. നോട്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നു കൈയിലുണ്ടായിരുന്ന 62,000 രൂപയുമായി ഇന്നലെ രാവിലെ കുമ്പള ബദിയടുക്ക റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്കില്‍ എത്തിയതായിരുന്നു യുവാവ്.
പ്ലാസ്റ്റിക് കവറില്‍ പാസ് ബുക്കും ആധാര്‍ കാര്‍ഡും പണവും ഉണ്ടായിരുന്നു. ഇതിനിടെ ഇടപാടുകാരുടെ നിരയില്‍ തിരക്ക് അനുഭവപ്പെടുകയും തുടര്‍ന്നു നടന്ന ഉന്തും തള്ളിനുമിടയില്‍ പണം നഷ്ടപ്പെടുകയുമായിരുന്നു. ബാങ്കില്‍ സി.സി.ടി.വി യുള്ളതിനാല്‍ പ്രതിയെ കണ്ടെത്താനാകുമെന്നു പൊലിസ് പറഞ്ഞു. അതേ സമയം കുമ്പളയില്‍ സിന്‍ഡിക്കേറ്റ് ബാങ്കിലും സമാനമായ സംഭവമുണ്ടായി. ഇടപാടിനായി എത്തിയ വീട്ടമ്മയുടെ 3000 രൂപ തിരക്കിനിടേ ആരോ കവര്‍ന്നു. ഇരു സംഭവത്തിലും കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മദ്യശാലയുടെ മുന്‍പില്‍ ആയിരത്തിന്റെ നോട്ടു കീറി പ്രതിഷേധം
ബദിയഡുക്ക: മദ്യം വാങ്ങാനെത്തിയ യുവാവ് അസാധുവായ ആയിരം രൂപയുടെ നോട്ട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു നോട്ടു കീറി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബദിയഡുക്ക ബിവറേജസിനു മുന്നിലാണ് സംഭവം. രാവിലെ മദ്യം വാങ്ങാന്‍ എത്തിയ യുവാവിനോടു കറന്‍സി എടുക്കില്ലെന്ന് അറിയിച്ചിരുന്നു. വീണ്ടും ഉച്ചയോടെ എത്തിയ യുവാവ് അധികൃതരുമായി കയര്‍ക്കുകയും അവരുടെ മുന്നില്‍ വച്ചു കീറി പ്രതിഷേധം അറിയിക്കുകയ ായിരുന്നു.
നോട്ടു പിന്‍വലിക്കല്‍: ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനൊരുങ്ങുന്നു
നീലേശ്വരം: നോട്ടു പിന്‍വലിക്കലും നോട്ടു മാറ്റവും മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ തുടര്‍ന്നു ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനൊരുങ്ങുന്നു. പെട്രോള്‍ പമ്പുകളിലുണ്ടാകുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണിത്.
സംഘര്‍ഷം ആവര്‍ത്തിക്കുകയാണെങ്കില്‍ പമ്പുകള്‍ അടച്ചിടുമെന്നു പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം രാധാകൃഷ്ണന്‍ അറിയിച്ചു.
നാലായിരം രൂപ മാറ്റാന്‍ എത്തുന്നവര്‍ക്കെല്ലാം ബാങ്കുകള്‍ രണ്ടായിരം രൂപയുടെ രണ്ടു നോട്ടുകള്‍ കൊടുത്തു തുടങ്ങിയതോടെ ഇതുമായി പെട്രോള്‍ അടിക്കാന്‍ ആളുകള്‍ പമ്പിലെത്തിയതോടെയാണു സംഘര്‍ഷം ഉടലെടുത്തത്. രണ്ടായിരം രൂപയുടെ ഒറ്റനോട്ടുമായി വന്നവര്‍ 200 ഉം 300 ഉം രൂപയ്ക്കു പെട്രോള്‍ അടിച്ചു ബാക്കി ചോദിക്കാന്‍ തുടങ്ങിയതോടെ ഡീലര്‍മാര്‍ നോട്ടുകള്‍ എടുക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."