ഖത്തറിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ മാനിച്ചാകും ലോകകപ്പ് സംഘടിപ്പിക്കുക: ഫാത്തിമ സമൂറ
ദോഹ: ഖത്തറിന്റെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ആചാരങ്ങളെ മാനിച്ചുകൊണ്ടുമാകും ലോകകപ്പ് ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുകയെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫാത്തിമ സമൂറ. 2022 ലോകകപ്പ് ഫുട്‌ബോള്‍ വേളയിലെ മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു പ്രസ്താവന ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ നടത്തിയത്. ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറിയാണ് ഫാത്തിമ സമൂറ.
വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംസ്‌കാരങ്ങളെയും വൈവിധ്യങ്ങളെ കൂട്ടിയിണക്കുകയാണ് ലോകകപ്പ് പോലുള്ള കായികമേളകള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. മദ്യവില്‍പ്പന പോലെയുള്ള കാര്യങ്ങള്‍ക്കായി ബ്രുവര്‍ ബുഡ് വെയ്‌സര്‍ പോലുള്ള വലിയ പ്രായോജകര്‍ക്കായി രൂപരേഖ തയ്യാറാക്കുന്ന ജോലിയിലാണ് ഫിഫയെന്നും അവര്‍ വെളിപ്പെടുത്തി. പ്രശ്‌നത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ ഘട്ടമെത്തുമ്പോള്‍ ഫിഫയുടെ നിലപാട് അറിയിക്കുമെന്ന് ഫാത്തിമ പറഞ്ഞു. ലോകകപ്പ് വേദികളില്‍ മദ്യം വില്‍ക്കുന്നതിനെ താന്‍ വ്യക്തിപരമായി എതിര്‍ക്കുന്നുവെന്ന് നേരത്തെ ഇതുസംബന്ധിച്ച് അഭിപ്രായം അറിയിച്ച ലോകകപ്പിന്റെ ഖത്തറിലെ സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും മദ്യം ഉപയോഗിക്കുന്നത് രാജ്യത്ത് ശിക്ഷാര്‍ഹമാണ്. ഫുട്‌ബോള്‍ സമയത്ത് നിശ്ചിത സ്ഥലങ്ങളില്‍ മദ്യം നല്‍കുമെങ്കിലും മറ്റ് രാജ്യങ്ങളിലെ പോലെയാകില്ലെന്നും അല്‍തവാദി വ്യക്തമാക്കിയിരുന്നു.
എത്ര സ്‌റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളുമാണ് 2022 ലോകകപ്പില്‍ വേണ്ടതെന്ന് സംബന്ധിച്ച് അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ തീരുമാനം ഉണ്ടാകുമെന്ന് ഫാത്തിമ പറഞ്ഞു. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദോഹയിലെത്തിയ അവര്‍ നിര്‍മാണത്തിലിരിക്കുന്ന അഞ്ച് സ്‌റ്റേഡിയങ്ങളും മെട്രോ, വിമാനത്താവളം എന്നിവയും സന്ദര്‍ശിച്ചു. ഖത്തര്‍ ലോകകപ്പിനായി പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി നടത്തുന്ന ഒരുക്കങ്ങളില്‍ ഫാത്തിമ സംതൃപ്തി പ്രകടിപ്പിച്ചു. സ്‌റ്റേഡിയം നിര്‍മാണയിടങ്ങളിലെ സുരക്ഷയിലും തൊഴില്‍ സാഹചര്യങ്ങളിലുമുള്ള ഖത്തറിന്റെ കരുതലിനെ അഭിനന്ദിച്ച ഫാത്തിമ, ഖത്തര്‍ ലോകകപ്പിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി ഏറ്റവും മികച്ച ടൂര്‍ണമെന്റാകും സുപ്രിം കമ്മിറ്റി സംഘടിപ്പിക്കുകയെന്നും അഭിപ്രായപ്പെട്ടു.
ലോകകപ്പിനായി എട്ട് സ്‌റ്റേഡിയങ്ങള്‍, 64 പരിശീലന മൈതാനങ്ങള്‍, ഫുട്‌ബോള്‍ പ്രേമികള്‍ക്കായി അഞ്ച് മേഖലകള്‍, താമസ സൗകര്യങ്ങള്‍, റോഡ്, റെയില്‍, വിമാന സൗകര്യങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള വന്‍ വികസനപ്രവര്‍ത്തനങ്ങളും ഏറ്റവും മികച്ച സൗകര്യ സംവിധാനങ്ങളുടെ ക്രമീകരണവുമാണ് നിലവില്‍ സുപ്രിം കമ്മിറ്റി നടത്തികൊണ്ടിരിക്കുന്നത്. ഖത്തറിന്റെ ലോകകപ്പ് വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കുള്ള കരുത്തുറ്റ മറുപടിയാണ് ഫിഫ സെക്രട്ടറി ജനറലിന്റെ നിലപാട് എന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."