വൈക്കത്തഷ്ടമി: താലപ്പൊലി ആകര്‍ഷകമായി
വൈക്കം: വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവദിവസം എസ്.എന്‍.ഡി.പി. യൂനിയന്‍ വനിതാസംഘം നടത്തിയ താലപ്പൊലി ആകര്‍ഷകമായി.
വ്രതാനുഷ്ഠാനത്തോടെ എത്തിയ നൂറുക്കണക്കിന് വനിതകള്‍ തിരുവൈക്കത്തപ്പന് ഭക്തിയും വിശ്വാസവും നിറച്ച താലങ്ങള്‍ സമര്‍പ്പിച്ചു. മൂന്നാം ഉത്സവം വൈക്കം എസ്.എന്‍.ഡി.പി. യൂനിയന്‍ അഹസ്സായി ആഘോഷിച്ചതിന്റെ ഭാഗമായാണ് വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ പൂത്താലം നടത്തിയത്.
യൂനിയന്റെ കീഴിലുള്ള വിവിധ ശാഖകളില്‍ നിന്നെത്തിയ നൂറുക്കണക്കിന് വനിതകള്‍ കേരളീയവേഷവിധാനത്തോടെ താലങ്ങളുമായി അണിനിരന്നു.
വൈകിട്ട് 4.30-ന് ആശ്രമം ഹൈസ്‌കൂള്‍ മൈതാനത്തുനിന്നാണ് ക്ഷേത്രത്തിലേക്ക് താലപ്പൊലി പുറപ്പെട്ടത്. വിവിധ സെറ്റ് വാദ്യമേളങ്ങള്‍, മുത്തുകുടകള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, എന്നിവ താലപ്പൊലിക്ക് വര്‍ണഭംഗിപകര്‍ന്നു.
നഗരം ചുറ്റി നീങ്ങിയ താലപ്പൊലി ദീപാരാധനയ്ക്ക് ശേഷം പടിഞ്ഞാറെ ഗോപുരനടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു.
വനിതാസംഘം പ്രസിഡന്റ് മണിമോഹന്‍, സെക്രട്ടറി ലൈല ചെല്ലപ്പന്‍, വൈസ് പ്രസിഡന്റ് പ്രസന്ന ഗുണശീലന്‍, രമാസജീവ്, ഇന്ദിര, സുമ അനിയപ്പന്‍, കനകമ്മ പുരുഷന്‍, സജനി പ്രസന്‍, ഉഷ, യൂനിയന്‍ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെന്‍, വൈസ്.പ്രസിഡന്റ് കെ.ടി.അനില്‍കുമാര്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി.സന്തോഷ്, രാജേഷ് മോഹന്‍, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."