അക്ബര്‍ റോഡിന്റെ പേരുമാറ്റണമെന്ന് വി.കെ സിങ്
ന്യൂഡല്‍ഹി: ഔറംഗസീബിന്റെ പേരിലുള്ള ഡല്‍ഹിയിലെ റോഡിന്റെ പേര് മാറ്റിയതിന് പിന്നാലെ മറ്റൊരു മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ പേരിലുള്ള റോഡും പുനര്‍നാമകരണം ചെയ്യാന്‍ നീക്കം. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിങ് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന് കത്തയച്ചു.
അക്ബര്‍ റോഡിന്റെ പേര് മഹാറാണാ പ്രതാപ് റോഡ് എന്നു മാറ്റണമെന്നാണ് വി.കെ സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. 15ാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ മേവാര്‍ ഭരിച്ചിരുന്ന രജപുത്ര രാജാവാണ് മഹാറാണാ പ്രതാപ്. ഡല്‍ഹിയുടെ ഹൃദയഭാഗത്തെ പ്രധാന റോഡുകളിലൊന്നായ അക്ബര്‍ റോഡ് നിരവധി പ്രമുഖരുടെ മേല്‍വിലാസത്തിന്റെ ഭാഗമാണ്. അക്ബര്‍ റോഡിലെ 24ാം നമ്പര്‍ കെട്ടിടത്തിലാണ് കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്. മഹാറാണാ പ്രതാപ്, ഛത്രപതി ശിവജി തുടങ്ങിയവര്‍ ഇതുവരെ ലഭിച്ചതിനെക്കാളും അംഗീകാരം അര്‍ഹിക്കുന്നവരാണെന്ന് വി.കെ സിങ് കത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്ന രാജാവാണ് മഹാറാണാ പ്രതാപ്. പത്താനുകള്‍, ഭില്ലുകള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സൈന്യത്തിലുണ്ടായിരുന്നു.
മുഗളന്‍മാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തില്‍ വൈശ്യ സമുദായവും അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ വ്യവസായ നഗരമായ അഹമദാബാദിന്റെ പേര് കര്‍ണാവതി എന്നും ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നും ഔറംഗാബാദിന്റെ പേര് സാംബജി നഗര്‍ എന്നും മാറ്റാന്‍ ആര്‍.എസ്.എസ് നീക്കം നടത്തിവരുന്നതിനിടെയാണ് വി.കെ സിങ്ങിന്റെ പുതിയ ആവശ്യം.
നേരത്തെ ഔറംഗസീബ് റോഡ് എ.പി.ജെ അബ്ദുല്‍കലാം റോഡായാണ് പുനര്‍നാമകരണം ചെയ്തത്. എന്നാലിത് തങ്ങള്‍ എടുത്ത തീരുമാനമായിരുന്നില്ലെന്നും ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനപ്രകാരമായിരുന്നെന്നും നഗരവികസന മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
അക്ബര്‍ റോഡിന്റെ പേരു മാറ്റുന്നത് സംബന്ധിച്ച് എന്തെങ്കിലും ശുപാര്‍ശ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. അക്ബര്‍ റോഡിന്റെ പേരു മാറ്റുന്ന സാഹചര്യം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അധികൃതരും വ്യക്തമാക്കി. റോഡുകളുടെ പേരുമാറ്റിക്കളിക്കുന്നതിന് പകരം മന്ത്രിമാര്‍ ഭരണത്തില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."