ന്യൂസിലന്‍ഡില്‍ സുനാമി
വെല്ലിങ്ടണ്‍: ന്യൂസിലന്റില്‍ ശക്തിയേറിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കന്‍ തീരങ്ങളില്‍ സുനാമിത്തിരകള്‍ വീശിയടിച്ചതായി റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കന്‍ സര്‍വേ അറിയിച്ചു. ക്രിസ്റ്റ്ചര്‍ച്ച് നഗരത്തില്‍ നിന്ന് 95 കി.മി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തിനു ശേഷം രണ്ട് മണിക്കൂറിനകം സുനാമിത്തിരമാലകള്‍ വടക്ക് കിഴക്കന്‍ തീരപ്രദേശത്ത് ആഞ്ഞടിച്ചു. രണ്ട് മീറ്ററിലേറെ ഉയര്‍ന്നുപൊങ്ങിയ തിരമാലകള്‍ കനത്ത നാശനഷ്ടം വരുത്തി. സുനാമി മുന്നറിയിപ്പ് തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി. തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രഭവകേന്ദ്രമായ ക്രിസ്റ്റ്ചര്‍ച്ചിന് 181 കി.മി അകലെ കൈകൗറയില്‍ രണ്ടര മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. വെല്ലിങ്ടണ്‍ മേഖലകളിലും രാക്ഷസത്തിരമാലകള്‍ കരയിലേക്ക് കയറി. അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുടെ ആക്രമണമുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്.
ഭൂകമ്പം നടന്ന പ്രദേശങ്ങളില്‍ എല്ലാവരും സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തകര്‍ അപകടത്തിന്റെ തീവ്രത കണക്കാക്കുന്നതായും ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്‍ കി പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി തിരകള്‍ അടിച്ചതിനാല്‍ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.2011ല്‍ നടന്ന ഭൂകമ്പത്തില്‍ 185 പേരുടെ മരണത്തിനിടയാക്കിയ ക്രൈസ്റ്റ്ചര്‍ച്ചിനു സമീപത്താണ് വീണ്ടും അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."