ചില്ലറയില്ല; കച്ചവട സ്ഥാപനങ്ങള്‍ ഷട്ടറിട്ടുതുടങ്ങി
തിരൂരങ്ങാടി: ബാക്കിനല്‍കാന്‍ ചില്ലറയില്ലാതായതോടെ കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞുതുടങ്ങി. ഇന്നലെ ചെമ്മാട്ടങ്ങാടിയിലാണ് ഭൂരിഭാഗം കടകളുടെയും ഷട്ടറുകള്‍ അടഞ്ഞുകിടന്നത്. ഞായറാഴ്ച ചില കച്ചവടസ്ഥാപനങ്ങള്‍ തുറക്കാറില്ലെങ്കിലും ഇന്നലെ ഉച്ചവരെ മിക്കസ്ഥാപനങ്ങളും അടഞ്ഞുകിടന്നതും ആളുകളും വാഹനങ്ങളും കുറഞ്ഞതും ഭാഗിക ഹര്‍ത്താലിന്റെ പ്രതീതിയുണര്‍ത്തി.
ഉച്ചയ്ക്കു ശേഷമാണ് ടൗണ്‍ ഉണര്‍ന്നുതുടങ്ങിയത്. ദിവസങ്ങളായി സാധനങ്ങള്‍ ആളുകള്‍ കടംകൊണ്ടുപോകുകയാണ്. ഷോപ്പുകളിലേക്ക് സ്റ്റോക്കെടുക്കാന്‍ പണമില്ല. മാത്രവുമല്ല ആളുകള്‍ കൊണ്ടുവരുന്ന രണ്ടായിരം രൂപ മാറിനല്‍കാന്‍ ചില്ലറയുമില്ല. നല്‍കുന്ന തുകയ്ക്കു മുഴുവന്‍ സാധനം നല്‍കുകയോ ബാക്കി പിന്നീട് വാങ്ങാന്‍ എഴുതിനല്‍കുകയോ ആണ് ചെയ്തിരുന്നത്. ചൊവ്വാഴ്ച വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് പ്രചരിച്ചതോടെ പ്രദേശത്തെ ചില പലചരക്കുകടകളില്‍ തിരക്കനുഭവപ്പെട്ടു. എന്നാല്‍, ഇതും താളംതെറ്റിയതോടെ കടകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായെന്ന് വ്യാപാരികള്‍ പറയുന്നു.
അതേസമയം ബാങ്കുകള്‍ക്ക് മുമ്പില്‍ ഇന്നലെയും നീണ്ട ക്യൂ അനുഭവപ്പെട്ടു. എസ്.ബി.ടി, കാനറാ, എസ്.ബി.ഐ ബാങ്കുകളില്‍ ടോക്കണ്‍ സിസ്റ്റം ഏര്‍പ്പെടുത്തി. എസ്.ബി.ടിയില്‍ രണ്ടുദിവസത്തേയ്ക്കുള്ള ടോക്കണുകള്‍ ഇന്നലെ വൈകിട്ടോടെ നല്‍കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."