പഠനത്തിന്റെ രുചിതേടി ഒരു വീട്ടമ്മ
പറവൂര്‍: സ്‌കൂള്‍ കാലയളവില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ വീട്ടമ്മ വിദ്യാഭ്യാസം തേടി കുട്ടികള്‍ക്കൊപ്പം വീണ്ടും സ്‌കൂള്‍ മുറ്റത്തെത്തി. കൈതാരം സ്വദേശിനി അനിതാ ഭരതനാണ് വിദ്യാഭ്യാസത്തിന്റെ പുണ്യമറിഞ്ഞ് വീണ്ടും പഠിക്കാനെത്തിയത്. സാക്ഷരതാമിഷന്‍ നടത്തുന്ന തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലൂടെയാണ് അനിത പഠനം തുടരുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ഏഴാംതരം തുല്യതാ പരീക്ഷക്ക് അനിത പറവൂര്‍ ബ്ലോക്കിലെ കൈതാരം സ്‌കൂളിലെത്തിയത് തന്റെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഭരതും അംഗന്‍വാടി കുട്ടിയായ മേഘ്‌നയുമൊന്നിച്ചാണ്. കുടുംബ സാഹചര്യമായിരുന്നു അനിതയുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് വിലങ്ങുതടിയായത്.
ചെറുപ്പത്തിലേ പഠിക്കാന്‍ ഏറെ താല്‍പര്യക്കാരിയായിരുന്നു. എന്നാല്‍ വീട്ടിലെ ദാരിദ്ര്യാവസ്ഥയില്‍ പഠിച്ചു മുന്നേറാന്‍ കഴിയില്ലായിരുന്നു. ഇതിനിടയില്‍ അനിതയുടെ വിവാഹം കഴിഞ്ഞു. കൂലി വേലക്കാരനായ ഭര്‍ത്താവ് ഭരതനും അനിതയുടെ വിദ്യാഭ്യാസാഭിരുചിയെ പ്രോത്സാഹിപ്പിച്ചു.
സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തലൂടെ പഠിക്കാന്‍ കഴിയുന്നിടത്തോളം പഠിച്ചു എവിടെയെങ്കിലും ജോലി നേടണമെന്നതാണ് അനിതയുടെ ലക്ഷ്യം.
ഏഴാംതരം പരീക്ഷ കഴിഞ്ഞാല്‍ തുടര്‍ന്ന് പത്താം തരവും പ്ലസ് ടു പഠനവും തുടരും. ഇന്നലെ തുടങ്ങിയ പരീക്ഷയില്‍ കൈതാരം സെന്ററില്‍ അനിതയെകൂടാതെ നിരവധി വിദ്യാര്‍ഥികളുണ്ടായിരുന്നു.
സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന തുല്യതാ വിദ്യാഭ്യാസ പരിപാടി സാധാരണക്കാര്‍ക്ക് വളരെ അനുഗ്രഹമാണെന്നാണ് ഇവരുടെ അഭിപ്രായം. നോഡല്‍ പ്രേരക് ബിന്ദുവിന്റെയും, പദ്മിനി, വത്സല, സവിത എന്നീ പ്രേരക്മാരുടെയും നേതൃത്വത്തിലാണ് പരീക്ഷ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."