നയാ പൈസയില്ല; നെട്ടോട്ടം തന്നെ
മലപ്പുറം: 500, 1000 രൂപകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്നലെയും തീര്‍ന്നില്ല. നോട്ടു പിന്‍വലിച്ചിട്ട് ഇന്നേക്ക് ഒരാഴ്ചയായിട്ടും സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പണം മാറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ്. ആദ്യ ദിവസങ്ങളില്‍ ബാങ്കുകളില്‍ ഉണ്ടായിരുന്ന ചില്ലറ നോട്ടുകള്‍ പൂര്‍ണമായും തീര്‍ന്നതോടെ ജില്ലയില്‍ തിങ്കളാഴ്ച പൊതു ജനം ഏറെ വലഞ്ഞു.
ബാങ്കുകളിലും എ.ടി.എമ്മുകളിലും വരിനിന്നും ടോക്കണ്‍ എടുത്തും കാത്തിരുന്ന പലരും ഉച്ചയോടെ പണം തീര്‍ന്നതിനെ തുടര്‍ന്ന് നിരാശരായി മടങ്ങി. ജില്ലാ ആസ്ഥാനത്തെ പ്രധാന സ്വകാര്യ ബാങ്കുകളിലെല്ലാം ഇന്നലെ ഉച്ചയോടെ തന്നെ പണം തീര്‍ന്നിരുന്നു.
തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്കുമാത്രമേ പണം മാറ്റി നല്‍കുവെന്ന് സ്വകാര്യ ബാങ്കുകള്‍ അറിയിച്ചിരുന്നു. ചെറിയ നോട്ടുകള്‍ക്കു പുറമേ സ്വകാര്യ ബാങ്കുകളില്‍ 2000ന്റെ നോട്ട് പോലും ലഭ്യമല്ലാത്ത അവസ്ഥായായിരുന്നു ഇന്നലെ. എസ്.ബി.ഐയുടെ കറന്‍സി ചെസ്റ്റില്‍നിന്ന് തന്നെയാണ് ഇവര്‍ക്കും പുതിയ കറന്‍സി നല്‍കുന്നത്. എന്നാല്‍, ആവശ്യത്തിന് കറന്‍സി ഇവര്‍ക്ക് ലഭ്യമാക്കിയിട്ടില്ല.
എസ്.ബി.ടിയില്‍ മാത്രമാണ് നൂറിന്റെ നോട്ട് പേരിനെങ്കിലും അവശേഷിക്കുന്നത്. പഴകിയതു കാരണം പിന്‍വലിച്ച നോട്ടുകള്‍ കറന്‍സി ചെസ്റ്റില്‍നിന്ന് തിരിച്ചെടുത്ത് ഇടപാടുകാര്‍ക്കു സൗകര്യമൊരുക്കാന്‍ ബാങ്കുകള്‍ ശ്രമിച്ചെങ്കിലും വലിയ പ്രയോജനം ചെയ്തില്ല. അതേസമയം 500 രൂപയുടെ പുതിയ നോട്ടുകള്‍ നാളെയോ തുടര്‍ന്നുള്ള ദിവസങ്ങളിലോ മാത്രമേ ജില്ലയില്‍ വിതരണത്തിനെത്തു വെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
100 ന്റെ നോട്ട് തീര്‍ന്നതോടെ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ഇന്നലെയും എ.ടി.എമ്മുകള്‍ നിശ്ചലമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."