കറന്‍സി പിന്‍വലിക്കല്‍: ബാങ്കുകള്‍ക്ക് മുന്നില്‍ മുസ്‌ലിംലീഗ് ധര്‍ണ നാളെ
മലപ്പുറം: കള്ളപ്പണം തടയാനെന്ന പേരില്‍ പൊടുന്നനെയുള്ള കറന്‍സി നോട്ട് പിന്‍വലിക്കല്‍മൂലം ജനങ്ങളനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് , മുനിസിപ്പല്‍ തലങ്ങളില്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ മുസ്‌ലിംലീഗ് ധര്‍ണാ സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ അറിയിച്ചു. കള്ളപ്പണം പിടികൂടുന്നതിനും നിയന്ത്രിക്കുന്നതിനും ഇന്ത്യയിലെ ഒരു പൗരനും എതിരല്ല. നാടിന്റെ നന്മയാഗ്രഹിക്കുന്ന എല്ലാവരും സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണക്കും. എന്നാല്‍ യാതൊരു മുന്‍കരുതലുമില്ലാതെയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെയുമുള്ള അര്‍ധരാത്രിയിലെ നോട്ടുപിന്‍വലിക്കല്‍ വഴി ജനം തീരാദുരിതത്തിലാണ്. ചികിത്സകിട്ടാതെ കുഞ്ഞുങ്ങള്‍ മരിക്കുന്നതിനും ക്യൂ നിന്ന് ആളുകള്‍ കുഴഞ്ഞ് മരിക്കുന്നതിനും ജനങ്ങള്‍ പരസ്പരം കലഹിക്കുന്നതിനും കാരണമായ കേന്ദ്രസര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല. നാളെ രാവിലെ പത്തിന് ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലെ ബാങ്കുകള്‍ക്ക് മുമ്പിലാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. ധര്‍ണാസമരം വന്‍ വിജയമാക്കുന്നതിന് നിയോജകമണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് അഡ്വ. കെ.എന്‍.എ ഖാദര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."