മത്സ്യവിഭവങ്ങളില്‍ കളയാനൊന്നുമില്ല; മൂല്യവര്‍ധിത ഉല്‍പന്നങ്ങളൊരുക്കി വിദ്യാര്‍ഥികള്‍
വടകര: മടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തില്‍ വേറിട്ട കാഴ്ചയൊരുക്കുകയാണ് മടപ്പള്ളി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലെ മറൈന്‍ ഫിഷറീസ് ആന്‍ഡ് സീ ഫുഡ് പ്രൊസസിങ് വിദ്യാര്‍ഥികള്‍. അന്‍പതിലധികം മത്സ്യവിഭവങ്ങളാണ് വി.എച്ച്.എസ്.ഇ എക്‌സ്‌പോയില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഫിഷ് കട്‌ലറ്റ്, ഫിഷ് ബാള്‍, ഫിഷ് ഫിംഗര്‍, ഫിഷ് സമൂസ, വിവിധതരം മീന്‍, ചെമ്മീന്‍, കല്ലുമ്മക്കായ, കൂന്തള്‍ അച്ചാറുകള്‍, ഫിഷ്‌കറി, മോളി, ബിരിയാണി, ഫിഷ് ബര്‍ഗര്‍ തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് പുറമെ മത്സ്യവിഭവങ്ങളില്‍നിന്ന് പാഴാക്കികളയുന്ന വിവിധ വസ്തുക്കളില്‍ നിന്നുള്ള ഉപോല്‍പന്നങ്ങളും ശ്രദ്ധനേടുകയാണ്.
ചെമ്മീന്‍ തോട് ഉപയോഗിച്ച് ഉണ്ടാക്കുന്ന കൈറ്റിന്‍, കൈറ്റോസാന്‍ എന്നിവ രാജ്യാന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡുള്ളവയാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന വിവിധ മരുന്നുകളില്‍ പ്രധാനമായി ഉപയോഗിക്കുന്ന വസ്തുവാണ് കൈറ്റിന്‍. ദക്ഷിണ കേരളത്തിലും മറ്റും കൈറ്റിന്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികള്‍ ഉണ്ടെങ്കിലും മലബാര്‍ പ്രദേശത്ത് ഇതിന്റെ വിപണിമൂല്യം മനസിലാക്കിയിട്ടില്ല. കൂടാതെ സ്രാവിന്റെ ചിറകുകളില്‍നിന്ന് സംസ്‌കരിച്ചെടുക്കുന്ന ഷാര്‍ക് ഫിന്റേയും പ്രദര്‍ശനിത്തിലുണ്ട്. ശസ്ത്രക്രിയ നൂലുകള്‍ ഉണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ ഇതിനും വലിയ വിപണിയാണുള്ളത്.
കോഴി-മത്സ്യത്തീറ്റകളിലെ പ്രധാന മാംസ്യഘടകമായ നക്ഷത്രമത്സ്യങ്ങളും ചെറുമീനുകളും കൊണ്ട് ഉണ്ടാക്കുന്ന ഫിഷ്മീല്‍ കാലി, ജീവകം എ മുഖ്യഘടകമായ ഫിഷ് ഓയില്‍, പ്രോട്ടീന്‍ പൗഡര്‍ ഉല്‍പാദനത്തിന് ആവശ്യമായ ഫിഷ് പ്രോട്ടീന്‍ കോണ്‍സന്‍ട്രേറ്റ്, ഫിഷ് അമിനോ ആസിഡ്, ഫിഷ് സിലേജ് തുടങ്ങിയ ഉല്‍പന്നങ്ങളും എക്‌സ്‌പോയില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയിരിക്കുന്നു. മത്സ്യതുറമുഖങ്ങളില്‍ ലഭിക്കുന്ന ഏതുതരം മത്സ്യവും അതിന്റെ അവശിഷ്ടങ്ങളും മാലിന്യമായി വലിച്ചെറിയേണ്ടതല്ലെന്നും സാധാരണ മത്സ്യങ്ങളേക്കാള്‍ വിപണിമൂല്യമുള്ള വിവിധ വസ്തുക്കള്‍ ഉണ്ടാക്കാവുന്നവയാണ് ഇവയെന്നും കാണിച്ചുതരികയാണ് മടപ്പള്ളിയിലെ വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."