പിന്നോട്ടോടി കേരളം; കണക്കിലെ കളിയിലൊരു കിരീടം
കോയമ്പത്തൂര്‍: കേരളം 22 ാമത്തെ കിരീടം നേടി. തുടര്‍ച്ചയായ അഞ്ചാമത്തെയും. ആഹ്ലാദവും അഭിമാനവും ഉയര്‍ന്ന നിമിഷം. എന്നാല്‍, ഈ കിരീട ധാരണത്തില്‍ അഭിമാനിക്കാന്‍ എന്തെങ്കിലും വകയുണ്ടോ?. കണക്കിലെ കളികളില്‍ നിന്നു മാത്രമല്ലേ ഈ വിജയം. 32 ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് സമാപിച്ചപ്പോള്‍ കീരിട നേട്ടത്തിനപ്പുറം കേരളം ഒന്നു നേടിയില്ല. എട്ട് മികച്ച അത്‌ലറ്റുകളെ തിരഞ്ഞെടുത്തപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം. ഹര്‍ഡില്‍സിന് മേലെ മീറ്റ് റെക്കോര്‍ഡോടെ പറന്ന അപര്‍ണ റോയി മാത്രം. 14 ദേശീയ റെക്കോര്‍ഡുകളില്‍ പേരെഴുതിയത് നിവ്യ ആന്റണി മാത്രം. 24 മീറ്റ് റെക്കോര്‍ഡുകള്‍ പിറന്ന മീറ്റില്‍ പട്ടികയിലുള്ളത് അപര്‍ണയ്ക്ക് പുറമേ അനുമോള്‍ തമ്പി മാത്രം.
സ്പ്രിന്റ്, ദീര്‍ഘദൂര ട്രാക്കില്‍ കേരളം ഒന്നുമല്ലാതായെന്ന് തെളിയിക്കുന്നതായിരുന്നു തമിഴ്‌നാടും ഹരിയാനയും ഉള്‍പ്പെടെ ഇതരസംസ്ഥാന താരങ്ങള്‍ നടത്തിയ പ്രകടനം. ഓരോ മീറ്റ് കഴിയുമ്പോഴും തമിഴ്‌നാടും ഹരിയാനയും മെച്ചപ്പെടുന്നു. കേരളമാകട്ടെ പിന്നോട്ട് ഓടുന്നു. ജംപിങ് പിറ്റില്‍ മാത്രമാണ് പ്രതീക്ഷകള്‍ ഉയര്‍ന്നതും അഭിമാനിക്കാന്‍ വകയുള്ളതും. ത്രോയിനങ്ങളിലും അഭിമാനിക്കാന്‍ ഒന്നുമില്ല. പോള്‍വാട്ടില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് ഉയരങ്ങള്‍ കീഴടക്കുന്ന നിവ്യ ആന്റണി പതിവ് തെറ്റിച്ചില്ല. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ ഹൈജംപില്‍ ലിബിയ ഷാജിയും ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സനല്‍ സ്‌കറിയയും മികച്ച പ്രകടനം തന്നെ നടത്തി. 5000 മീറ്റര്‍ നടത്തത്തിലെ സി.കെ ശ്രീജയുടെ സ്വര്‍ണത്തിലേക്കുള്ള കുതിപ്പും പ്രതീക്ഷ ഉയര്‍ത്തുന്നു. 400 മീറ്ററിലെ ആറ് ഫൈനലുകളില്‍ പി.ടി ഉഷയുടെ ശിഷ്യയായ സൂര്യമോള്‍ മാത്രമാണ് സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 100 മീറ്റര്‍ സ്പ്രിന്റില്‍ വട്ട പൂജ്യമായിരുന്നു കേരളത്തിന്റെ സ്വര്‍ണ സമ്പാദ്യം.
ജംപിങ് പിറ്റില്‍ സീനിയര്‍ റെക്കോര്‍ഡ് തകര്‍ത്ത ഡല്‍ഹിയുടെ തേജസ്വിന്‍ ശങ്കര്‍, തമിഴ്‌നാട് സ്പ്രിന്റര്‍ ലോകനായകി, ഷോട്ട്പുട്ടിലെ ഹരിയാനയുടെ താരങ്ങളായ നവീന്‍, ദീപേന്ദര്‍ ദബാസ്, സത്‌വാന്‍, പഞ്ചാബിന്റെ ദന്‍വീര്‍ സിങ്, തെലങ്കാനയുടെ ജി നിത്യ എന്നിവര്‍ ജൂനിയര്‍ മീറ്റില്‍ മികവ് തെളിയിച്ചു. റിലേയില്‍ ഉള്‍പ്പെടെ സ്വര്‍ണം നേടിയ തമിഴ്‌നാടിന്റെ ഡ്രിപ്പിള്‍ ജേതാവ് വി രേവതി. മികവിന്റെ ഈ പട്ടികയിലൊന്നും ഒരു അപര്‍ണ റോയി ഒഴികെ കേരളത്തിന്റെ പ്രാതിനിധ്യമില്ല.
കായിക രംഗത്തെ നയിക്കുന്നവരുടെയും ഒളിംപ്യന്‍മാര്‍ ഉള്‍പ്പെടെ ചില മുന്‍ കായിക താരങ്ങളായ അക്കാദമി നടത്തിപ്പുകാരുടെയും തമ്മില്‍ തല്ലും ഈഗോയുമൊക്കെ തിരിച്ചടികളില്‍ എടുത്തു പറയേണ്ടത് തന്നെ. 400, 800 മീറ്ററുകളില്‍ കേരളത്തിന് ഉറപ്പായും മെഡല്‍ സമ്മാനിക്കാന്‍ കഴിവുണ്ടായിരുന്ന മൂന്നു താരങ്ങള്‍ ദേശീയ മീറ്റിന് എത്തിയില്ല. വാശിയിലും ഈഗോയിലും ഇരുകൂട്ടരും ബലാബലം നേടിയപ്പോള്‍ നഷ്ടമായത് കേരളത്തിന് ഉറച്ച മെഡലുകളും താരങ്ങള്‍ക്ക് മത്സരിക്കാനുള്ള അവസരങ്ങളുമാണ്.
അത്‌ലറ്റിക് അസോസിയേഷനും പി.ടി ഉഷയും ആ വാശി ഇനിയും തുടരുമെന്ന് ഉറപ്പ്. അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ ഇതുവരെ ഹരിയാനയും മഹാരാഷ്ട്രയുമായിരുന്നു കേരളത്തിന്റെ എതിരാളികള്‍. പതുങ്ങിയിരുന്ന് തമിഴ്‌നാട് മികച്ച അത്‌ലറ്റുകളെ സൃഷ്ടിച്ച് മുന്നിലോടി കയറിയിരിക്കുന്നു. ജൂനിയര്‍ മീറ്റിന്റെ അവസാന നാളില്‍ കേരളത്തെ ട്രാക്കില്‍ വിറപ്പിക്കുകയായിരുന്നു തമിഴ്‌നാട്.
തമിഴ്‌നാട് താരങ്ങളുടെ കുതിപ്പിന് മുന്നില്‍ മലയാള അത്‌ലറ്റുകള്‍ കിതച്ചു വിയര്‍ത്തു. കരുത്തരായ അത്‌ലറ്റുകള്‍ ഇല്ലാതായിട്ടല്ല. പരിശീലകരുടെ പിഴവ് തന്നെയാണ് കാര്യം.
മെഡ്‌ലേ റിലേയില്‍ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് സംഭവിച്ച പിഴവിന് ഉത്തരവാദികള്‍ പരിശീലകര്‍ തന്നെ. കൃത്യമായി ബാറ്റണ്‍ കൈമാറ്റത്തിന് കഴിയാതെ ആദ്യ ലാപ്പില്‍ കളം വിടേണ്ടി വന്ന നാണക്കേട്. മുതിര്‍ന്ന പെണ്‍കുട്ടികളിലും ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവ് ദൃശ്യമായിരുന്നു. 179 അംഗ സ്‌ക്വാഡുമായി എത്തിയ കേരള സംഘത്തില്‍ കൈവിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് മികവ് തെളിയിച്ചത്. 18 സ്വര്‍ണവും 18 വെള്ളിയും 23 വെങ്കലവും ഉള്‍പ്പടെ 429 പോയിന്റ് നേട്ടം. ആറാം സ്ഥാനക്കാര്‍ക്ക് വരെ പോയിന്റ് നല്‍കിയതിലൂടെ കിട്ടിയ അര്‍ഹതയില്ലാത്ത ബോണസാണ് കിരീടം സമ്മാനിച്ചത്. 20 ലേറെ സ്വര്‍ണമാണ് തമിഴ്‌നാടും ഹരിയാനയയും നേടിയത്. കണക്കിലെ കളികളിലൂടെ നേടിയ കിരീട നേട്ടത്തില്‍ അഭിമാനിക്കാന്‍ ഏറെയൊന്നുമില്ല.
കേരളത്തിന് 2014 ല്‍ കിട്ടിയത് 38 സ്വര്‍ണം. 2015 ല്‍ 25 സ്വര്‍ണം. ഇത് നോക്കിയാല്‍ തന്നെ കാര്യങ്ങളെല്ലാം ശരിയായ ദിശയിലല്ലെന്ന് മനസിലാക്കാം. ഇനി ചില സ്‌കൂളുകളുടെ കാര്യം. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തലയുയര്‍ത്താന്‍ അവര്‍ മികച്ച താരങ്ങളെ ജൂനിയര്‍ മീറ്റിന് അയച്ചില്ല. ജൂനിയര്‍ മീറ്റില്‍ പങ്കെടുത്താല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന് ഏറെ വിലയുണ്ട്. എന്നാല്‍ സ്‌കൂള്‍ കായിക മേളയിലെ സര്‍ട്ടിഫിക്കറ്റിന് ഗ്രേസ് മാര്‍ക്കിന് അപ്പുറം കടലാസിന്റെ വില പോലുമില്ല. ഇതു തിരിച്ചറിയാന്‍ കായിക താരങ്ങളും രക്ഷിതാക്കളും ഇനിയെങ്കിലും തയ്യാറാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."