പി.ബി കമ്മിഷന്‍ റിപ്പോര്‍ട്ട്: നടപടി കേന്ദ്രകമ്മിറ്റി തീരുമാനിക്കും
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരേയുള്ള പരാതികള്‍ അന്വേഷിച്ച പി.ബി കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നടപടിയെടുക്കുന്നത് കേന്ദ്രകമ്മിറ്റിക്കു വിട്ടു. ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലത്താന്‍ സാധിച്ചില്ല. ജനുവരി അഞ്ചിന് തിരുവനന്തപുരത്തു നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ചചെയ്ത് എന്തുനടപടിയെടുക്കുമെന്ന കാര്യത്തില്‍ തീരുമാനിക്കും. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, ഇ.പി ജയരാജന്‍ എന്നിവര്‍ക്കെതിരേയുള്ള നടപടിയും കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. വി.എസ് നിലവില്‍ പാര്‍ട്ടിയോട് വിധേയനായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയെടുത്ത് പ്രകോപിപ്പിക്കേണ്ടതില്ലെന്നു ഇന്നലത്തെ യോഗത്തില്‍ പൊതു തീരുമാനമായിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പ്രതികരണങ്ങള്‍ മുതല്‍ ആലപ്പുഴ പാര്‍ട്ടി സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപോയത് വരെയുള്ള വി.എസിന്റെ ഭാഗത്തുനിന്നുണ്ടായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് പി.ബി കമീഷന്‍ അന്വേഷിച്ചത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അദ്ധ്യക്ഷനായി രൂപീകരിച്ച കമ്മീഷനില്‍ ആറംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിരുപംസെന്‍ പ്രായാധിക്യംമൂലം പിന്മാറിയെങ്കിലും ഒഴിവ് നികത്തിയില്ല. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പിന്നീട് സീതാറാം യെച്ചൂരി കമ്മീഷന്റെ അദ്ധ്യക്ഷ പദത്തിലെത്തി. എങ്കിലും കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും ഉള്‍പ്പെടെ വി.എസ് വിരുദ്ധ പക്ഷത്തിനായിരുന്നു കമ്മിഷനില്‍ മേല്‍കൈ. യെച്ചൂരിയെ കൂടാതെ ബിമന്‍ ബസു മാത്രമാണ് വി.എസിനെ പിന്തുണച്ചത്.
ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയോ ഡിസംബര്‍ 30 വരെയോ റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താന്‍ യോഗം തീരുമാനിച്ചു. ബദല്‍ സംവിധാനങ്ങള്‍ ഫലപ്രദമാകുന്നതുവരെ പണമിടപാടുകള്‍ക്ക് പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവാദം നല്‍കണമെന്ന കേരള, ത്രിപുര മുഖ്യമന്ത്രിമാരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം. നോട്ട് നിരോധനത്തെതുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പി.ബി പിന്നീട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."