നിലമ്പൂരില്‍ ഗ്രാമസഭ വീണ്ടും അലങ്കോലപ്പെട്ടു
നിലമ്പൂര്‍: ക്വാറം തികയാത്തതിനെ തുടര്‍ന്നു തിങ്കളാഴ്ച അലങ്കോലപ്പെട്ട നിലമ്പൂര്‍ നഗരസഭയിലെ ഏഴാം ഡിവിഷനായ മുമ്മുള്ളിയിലെ ഗ്രാമസഭ രണ്ടാംദിവസവും അലങ്കോലപ്പെട്ടു. വ്യക്തിഗത ഗുണഭോക്തൃ പട്ടികയെ ചൊല്ലി തര്‍ക്കം നടന്നതോടെയാണ് ഗ്രാമസഭ തടസപ്പെട്ടത്. എന്നാല്‍ സാങ്കേതികത്വം പൂര്‍ത്തിയാക്കി അംഗങ്ങള്‍ ഒപ്പിട്ടതിനാല്‍ ഗ്രാമസഭ നടന്നതായി അംഗീകരിക്കപ്പെട്ടു.
ഇന്നലെവരെ പട്ടികയില്‍ താന്‍ ഇടംനേടിയിരുന്നതായും അവസാന നിമിഷം അട്ടിമറിച്ച് ഒരേവീട്ടിലെ അമ്മായിയമ്മയും മരുമകളും ലിസ്റ്റില്‍ ഇടംനേടിയെന്നും മുമ്മുള്ളി എ.ഡി.എസ് പ്രസിഡന്റ് തച്ചിക്കാടന്‍ സുബൈദ ആരോപിച്ചതോടെയാണ് ഗ്രാമസഭയില്‍ ബഹളം തുടങ്ങിയത്. ഇവര്‍ക്കു പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തുവന്നു. ഇതിനിടെ ചിലര്‍ ചെയര്‍മാനോടും നഗരസഭാ ജീവനക്കാരനോടും തട്ടിക്കയറി.
തങ്ങളുടെ വിയോജനക്കുറിപ്പ് എഴുതിയ ശേഷം മടങ്ങിയാല്‍ മതിയെന്ന അംഗങ്ങളുടെ ആവശ്യത്തിന് ഒടുവില്‍ ജീവനക്കാരന്‍ വഴങ്ങി. മിനുട്‌സിന്റെ കോപ്പി മൊബൈലില്‍ പകര്‍ത്തിയാണ് ഇവര്‍ പിരിഞ്ഞുപോയത്. വാര്‍ഡിനു പുറത്തുള്ള രണ്ടു വ്യക്തികളാണ് വ്യക്തിഗത ഗുണഭോക്തൃ പട്ടികയ്ക്കു മാര്‍ക്കിട്ടതെന്ന് സുബൈദയും ഗ്രാമസഭയ്‌ക്കെത്തിയ ചിലരും ആരോപിച്ചു. ചട്ടങ്ങള്‍ പാലിച്ചാണ് ഗ്രാമസഭ നടന്നതെന്നും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കേണ്ടിവരുമ്പോള്‍ പലരും ലിസ്റ്റില്‍നിന്നു പുറത്താകുന്നതു സ്വാഭാവികമാണെന്നും അതില്‍ തനിക്കു പങ്കില്ലെന്നും ഡിവിഷന്‍ കൗണ്‍സിലറും നഗരസഭ വൈസ് ചെയര്‍മാനുമായ പി.വി ഹംസ പറഞ്ഞു.
ഗ്രാമസഭയില്‍ പങ്കെടുത്ത അന്‍പതിലേറെ പേര്‍ മിനുട്‌സില്‍ ഒപ്പുവച്ചതിനാല്‍ ഗ്രാമസഭ നടന്നതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."