ട്രാന്‍സ്‌ഫോര്‍മറിന് തീയിട്ട സംഭവം: ദുരൂഹത തുടരുന്നു
കോഴിക്കോട്: നാലിടങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകളും ഭൂഗര്‍ഭ വൈദ്യുത കേബിളുകളും കത്തിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുന്നു. എന്നാല്‍ തീയിടല്‍ ആസൂത്രിതമാണോയെന്ന് ഉറപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ പൊലിസിനു ലഭിച്ചിട്ടില്ല. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്. മാവോയിസ്റ്റ് അനുകൂലികളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തമ്മില്‍ വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു.
കൂടാതെ മലപ്പുറം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദ സ്വഭാവമുള്ള മറ്റു സംഘടനകളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം ഇത്തരം ആറു സമാനസംഭവങ്ങള്‍ ഉണ്ടായതായും പൊലിസ് പറയുന്നു. കോഴിക്കോട് നഗരത്തില്‍ മൂന്നാം ഗെയ്റ്റിനും അഞ്ചാം ഗെയ്റ്റിനുമിടയില്‍ രണ്ടിടങ്ങളില്‍ ഇത്തരം തീവയ്പ്പ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടക്കാവ് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഫ്‌ളോറിക്കല്‍ ഹില്‍ റോഡില്‍ വേദവ്യാസ വിദ്യാലയത്തിനു സമീപത്തും അരവിന്ദ്‌ഘോഷ് റോഡില്‍ മദീന ഐസ് ഫാക്ടറിക്കു സമീപത്തും ബി.എഡ് കോളജിന്റെ മെയിന്‍ സ്വിച്ചിനും നടക്കാവിലും വൃന്ദാവന്‍ കോളനിയില്‍ രണ്ടിടങ്ങളിലും നേരത്തെ തീവയ്പ്പ് ഉണ്ടായിരുന്നു. ഇതിനു പിന്നിലെല്ലാം ഒരാളാണെന്ന് പൊലിസ് സംശയിക്കുന്നുണ്ടെങ്കിലും മറ്റു സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണ് പൊലിസിന്റെ തീരുമാനം.
കോഴിക്കോട് മാനാഞ്ചിറ ടവറിനു സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മറും തൊട്ടടുത്തുള്ള റിങ് മെയിന്‍ യൂനിറ്റും നഗരം വില്ലേജ് ഓഫിസിനടുത്തുള്ള ട്രാന്‍സ്‌ഫോര്‍മറും ഹെഡ് പോസ്റ്റ് ഓഫിസിനു പിറകുവശത്തുള്ള റെയില്‍വേയുടെ സിഗ്നല്‍ ഫീഡറുകളുമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കത്തിച്ചത്. ടയറുകളും മണ്ണെണ്ണയും ഓലയും ചൂട്ടും പ്ലാസ്റ്റിക്കുകളും ഉപയോഗിച്ചാണ് തീയിട്ടത്. ഏകദേശം 22 ലക്ഷം രൂപയുടെ നഷ്ടം കെ.എസ്.ഇ.ബി അധികൃതര്‍ കണക്കാക്കിയിട്ടുണ്ട്. ഭൂഗര്‍ഭ ലൈനുകള്‍ പൂര്‍വസ്ഥിതിയില്‍ മാറ്റി സ്ഥാപിക്കാന്‍ മാസങ്ങളെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."