മണ്ഡലകാലം തുടങ്ങി; ഹോട്ടലുകളിലെ വിലനിയന്ത്രിക്കാത്തത് തീര്‍ഥാടകരെ ബാധിക്കും
കൊച്ചി: മണ്ഡലകാലം തുടങ്ങിയിട്ടും ഹോട്ടലുകളിലെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് തീര്‍ഥാടകരെ സാരമായി ബാധിക്കും.വൃശ്ചികം പിറന്നതോടെ സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അയ്യപ്പ ഭക്തന്മാരുടെ ഒഴുക്ക് ആരംഭിച്ചുകഴിഞ്ഞു.ഇനി മൂന്നുമാസത്തോളം കേരളത്തില്‍ തീര്‍ഥാടക പ്രവാഹമായിരിക്കും. പച്ചക്കറി വിഭവങ്ങള്‍ മാത്രം വിളമ്പുന്ന വെജിറ്റേറിയന്‍ ഹോട്ടലുകളുടെ കൊയ്ത്തുകാലവും.
ശബരിമല സീസണ്‍ മുന്നില്‍കണ്ട് ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും കേരളത്തില്‍ മിക്ക ഭക്ഷണ വിഭവങ്ങള്‍ക്കും നഗര-ഗ്രാമ വ്യത്യാസമില്ലാതെ പല വിലയാണ് നിലവിലുള്ളത്.
പച്ചക്കറി വിഭവങ്ങള്‍ മാത്രമുള്ള ഉച്ചയൂണിന് 50 രൂപ മുതല്‍ 150 രൂപവരെയാണ് പല ഹോട്ടലുകളും ഈടാക്കുന്നത്. ഒരേതരം കറികളുമായി നല്‍കുന്ന ഉച്ചയൂണിന് ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളില്‍ പല വിലയാണ്. സാധാരണ ഹോട്ടലുകളില്‍ 50 രൂപ മുതല്‍ 80 രൂപവരെ വാങ്ങുമ്പോള്‍ അഞ്ചുരൂപ വിലയുള്ള ഒന്നോരണ്ടോ ചപ്പാത്തികൂടി വിളമ്പി മുന്തിയ ഹോട്ടലുകള്‍ ഇതേ ഊണിന് 150 രൂപവരെ ഈടാക്കുന്നുണ്ട്. ഊണ് ഒഴിവാക്കി നെയ്‌റോസ്റ്റോ മസാല ദോശയോ കഴിക്കാമെന്ന് വിചാരിച്ചാല്‍ അവിടെയും കൊല്ലുന്ന വിലയാണ്്. നെയ് റോസ്റ്റിന് 30 മുതല്‍ 60 രൂപവരെ വാങ്ങുന്നവരുണ്ട്. മസാല ദോശക്ക് ചുരുങ്ങിയത് 50 രൂപ മുതലാണ് തുടക്കം.
ചപ്പാത്തി, പൊറോട്ട തുടങ്ങിയവക്ക് എട്ട് രുപ മുതല്‍ 15 രൂപവരെ വാങ്ങുന്നുണ്ട്്.രണ്ടോ മൂന്നോ ചപ്പാത്തിയും വെജിറ്റബിള്‍ കുറുമയും വാങ്ങുമ്പോള്‍ നൂറ് രൂപയ്ക്കടുത്താണ് ഈടാക്കുന്നത്. ടുമാറ്റോ റോസ്റ്റ്, ചില്ലി ഗോപി തുടങ്ങി വെജിറ്റബിള്‍ കറികള്‍ക്കും തോന്നുന്ന വിലയാണ്. കൈപൊള്ളുന്ന വിധത്തിലാണ് പ്രാതലിന്റെയും വില. ഏറ്റവുമധികം വില്‍പന നടക്കുന്ന ഇഡ്ഡലിപോലുള്ള വിഭവങ്ങള്‍ക്ക് എവിടെയും ഏകീകൃത വിലയില്ല. ഒരു ഇഡ്ഡലിക്ക് അഞ്ച് രൂപ മുതല്‍ 15 രൂപവരെയാണ് ഈടാക്കുന്നത്. ഉപ്പുമാവ്,വട, പൂരി, ദോശ തുടങ്ങിയവയ്ക്കും പല വിലയാണ്. കേരളത്തില്‍ വ്യാപിച്ച് കിടക്കുന്ന തമിഴ് ഹോട്ടല്‍ ശൃംഖലകള്‍ തങ്ങള്‍ക്ക് തോന്നുന്ന നിരക്കാണ് ഈടാക്കുന്നത്.
ഇത്തരം ഹോട്ടലുകളിലാണ് ഇഡ്ഡലിക്ക് 15 രൂപവരെ ഈടാക്കുന്നത്. ചായയ്ക്കും 12 മുതല്‍ 15 രൂപവരെ ഈടാക്കുന്നുണ്ട്.അതേസമയം പൊള്ളുന്ന വിലയില്‍ നിന്ന് രക്ഷനേടാന്‍ വാഹനത്തില്‍ തന്നെ ഗ്യാസ് സ്റ്റൗവും മറ്റും സജ്ജമാക്കി തിരക്കൊഴിഞ്ഞ വഴിയോരത്ത് ഭക്ഷണം പാചകം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തീര്‍ഥാടക സംഘങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."