നോട്ടു നിരോധനം : കേരളം സ്തംഭിക്കുന്നു
തിരുവനന്തപുരം: നോട്ടു നിരോധനം കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു. സര്‍ക്കാറിന് ലഭിച്ചിരുന്ന നികുതികള്‍ ഉള്‍പ്പെടെയുള്ള മറ്റു വരുമാനങ്ങള്‍ കുത്തനെ കുറഞ്ഞു. കേന്ദ്രം നല്‍കുന്ന പദ്ധതിവിഹിതവും വെട്ടിക്കുറച്ചു.
ട്രഷറിയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി ട്രഷറിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. സഹകരണ ബാങ്കുകളില്‍ നിന്നു ബോണ്ടു നല്‍കി സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച കിഫ്ബിക്ക് പണം സ്വരൂപിക്കാനുള്ള തീരുമാനവും വെള്ളത്തിലായി.
ലോട്ടറി വില്‍പ്പന കുറഞ്ഞതോടെ അച്ചടി നിര്‍ത്തിയതിനാല്‍ അതില്‍ നിന്നുള്ള വരുമാനവും ഇല്ലാതായി. കെ.എസ്.എഫ്.ഇ ചിട്ടി നിര്‍ത്തുകയും പണം അടയ്ക്കാനുള്ള തിയതി നീട്ടിയതും വരുമാനത്തില്‍ ഇടിവണ്ടാക്കി. കഴിഞ്ഞമാസം നറുക്കെടുത്ത ചിട്ടിപ്പണം നല്‍കാന്‍ 1200 കോടി രൂപയ്ക്ക് സ്ഥാപനം സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ചിട്ടിപ്പണം അടയ്ക്കാന്‍ പഴയ കറന്‍സി അനുവദിക്കണമെന്നു കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര ധനമന്ത്രാലയം ചെവിക്കൊണ്ടില്ല.
പുതിയ ചിട്ടി ആരംഭിക്കാന്‍ ചട്ടപ്രകാരമുള്ള നിക്ഷേപം ട്രഷറിയില്‍ അടയ്ക്കാന്‍ നോട്ടില്ലാത്തതും പ്രധാന സാമ്പത്തിക സ്രോതസ് നഷ്ടമായി. കെ.എസ്.ഇ.ബിയും പരിതാപകരമായ അവസ്ഥയിലാണ്. ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നു ലഭിക്കേണ്ട തുകയില്‍ 25 ശതമാനം വരെ കുറഞ്ഞു. പഴയ നോട്ട് സ്വീകരിച്ചതിനാല്‍ അതും ട്രഷറിയില്‍ കെട്ടിക്കിടക്കുകയാണ്. ഏതാണ്ട് 30 കോടിയാണ് കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത്. കെട്ടിടനികുതിയും ഭൂനികുതിയും അടയ്ക്കാന്‍ ജനങ്ങള്‍ക്ക് സാവകാശം നല്‍കിയതിനാല്‍ തദ്ദേശ സ്ഥപനങ്ങളിലും റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളിലും വരുമാനം കുത്തനെ കുറഞ്ഞു.
ഇതേത്തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. വെള്ളക്കരം അടയ്ക്കുന്നതിനും സാവകാശം നല്‍കിയതിനാല്‍ അതില്‍ നിന്നുള്ള വരുമാനവും സര്‍ക്കാരിന് ഇല്ലാതായി. മറ്റു പിഴകള്‍, വാഹന നികുതി തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള വരുമാനവും നിലച്ചു. കെ.എസ്.ആര്‍.ടി.സി ആറു ദിവസമായി ഒരു കോടിയിലധികം രൂപയുടെ നഷ്ടത്തിലാണ് ഓടുന്നത്. അവിടെയും ശമ്പളവും പെന്‍ഷനും അടുത്തമാസം നല്‍കാന്‍ കഴിയില്ല.
ഇതേനില തുടര്‍ന്നാല്‍ അടുത്തമാസം ശമ്പളവും പെന്‍ഷനും നല്‍കാനും സര്‍ക്കാരിന് കഴിയില്ല. വരുമാനവും ചെലവും നിലയ്ക്കുന്ന അവസ്ഥയിലേക്കാണ് കേരളം പോകുന്നത്. ഓണ്‍ലൈന്‍ വഴി പെട്രോളിയം കമ്പനികള്‍ നല്‍കുന്ന നികുതി മാത്രമാണ് സര്‍ക്കാരിനിപ്പോള്‍ ലഭിക്കുന്നത്. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്ന വാണിജ്യനികുതി നിരക്ക് ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി.
ജൂണില്‍ 19 ശതമാനം, ജൂലൈയില്‍ മൂന്ന്, ഓഗസ്റ്റില്‍ ആറ്, സെപ്റ്റംബറില്‍ 10, ഒക്ടോബറില്‍ 16.7 ശതമാനം എന്നിങ്ങനെയായിരുന്നു വളര്‍ച്ചാനിരക്ക്. കേന്ദ്ര നികുതിവിഹിതത്തില്‍ കഴിഞ്ഞമാസം ലഭിക്കേണ്ട 721 കോടി രൂപയും നിഷേധിച്ചതോടെ സംസ്ഥാനം നിത്യനിദാനച്ചെലവിനുപോലും ബുദ്ധിമുട്ടിലാണ്.
കൂടാതെ അടുത്ത അഞ്ചുമാസം കേന്ദ്രത്തില്‍ നിന്നുള്ള നികുതിയില്‍ വന്‍ വെട്ടിക്കുറവുമുണ്ടാകും. ഈ മാസം 453 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതേ നില തുടര്‍ന്നാല്‍ ഏതാണ്ട് 2250 കോടി രൂപ കേരളത്തിന് കേന്ദ്രത്തില്‍ നിന്നു ലഭിക്കാതെ പോകും.
18000 കോടി രൂപയുടെ പദ്ധതിവിഹിതവും വെട്ടിക്കുറച്ചാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും വെള്ളത്തിലാവും. ശമ്പളവും പെന്‍ഷനും നല്‍കാന്‍ സമീപിച്ചിരുന്ന ബിവറേജസ് കോര്‍പറേഷനിലും കച്ചവടം കുറഞ്ഞു. 30 ശതമാനം ഇടിവാണ് ഇവിടെ. അടുത്തമാസം ആദ്യവും, ക്രിസ്മസ് ആയതിനാല്‍ മാസവസാനവും ശമ്പളം കൊടുക്കാന്‍ പണമില്ലാതാകും. ക്രിസ്മസ് വിപണി താറുമാറാകും. അതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."